നടന് അലന്‍സിയറിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മെലിഞ്ഞ രൂപത്തില്‍ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. എന്താണ് അലന്‍സിയറിന് സംഭവിച്ചതെന്ന ചോദ്യമാണ് പിന്നീട് ഉയര്‍ന്നുവന്നത്. നടന് എന്തോ മാരകമായ അസുഖമാണെന്ന തരത്തിലും പ്രചരണം നടന്നിരുന്നു. എന്നാല്‍ അതിനെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഷെബി ചൗഘട്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെബി ഇതേ കുറിച്ച് സംസാരിച്ചത്.
ഷെബിയുടെ പുതിയ ചിത്രമായ വേറൊരു കേസിന് വേണ്ടിയാണ് അലന്‍സിയര്‍ ശരീര ഭാരം കുറച്ചതെന്നാണ് സംവിധായകന്‍ പറഞ്ഞത്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ആളുകളുടെ ഭാവനയില്‍ മെനഞ്ഞ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലില്‍ വെക്കരുതെന്നും ഷെബിന്‍ പറഞ്ഞു.
"കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് എന്റെ പുതിയ ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നതിനായി ഞാന്‍ അലന്‍സിയറിനെ സമീപിച്ചത്. അന്ന് അദ്ദേഹത്തിന് നല്ല തടിയുണ്ടായിരുന്നു. തിരിച്ചുപോകുമ്പോള്‍ തമാശയ്ക്ക് ഞാന്‍ കഥാപാത്രത്തിന് വേണ്ടി വണ്ണം കുറയ്ക്കാന്‍ പറഞ്ഞിരുന്നു. വേറൊരു കേസിന്റെ ചിത്രീകരണ സമയത്ത് വീണ്ടും അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഷുഗറുമായി ബന്ധപ്പെട്ട അസുഖമാണോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അപ്പോഴാണ് സിനിമയ്ക്ക് വേണ്ടി ഡയറ്റിംഗ് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. ചിത്രീകരണ സമയത്തും ശേഷം ഡബ്ബിങിനും അദ്ദേഹത്തെ പൂര്‍ണ ആരോഗ്യവാനായാണ് ഞാന്‍ കണ്ടത്" , ഷെബി ചൗഘട്ട് പങ്കുവെച്ചു.
കാക്കിപ്പട എന്ന ചിത്രത്തിന് ശേഷം ഷെബി ഒരുക്കുന്ന മറ്റൊരു പൊലീസ് സ്റ്റോറിയാണ് വേറെ ഒരു കേസ്. നിലവില്‍ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഫുവാദ് പനങ്ങായ് ആണ് നിര്‍മാതാവ്.