ആനന്ദ് മധുസൂദനനും ചിന്നു ചാന്ദ്നിയും പ്രധാന വേഷങ്ങളിലെത്തുന്ന വിശേഷം സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഷിജു, സജിത എന്നിവരുടെ പുനര്‍ വിവാഹവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും വളരെ രസകരമായാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പാവ, കൃഷ്ണന്‍കുട്ടി പണി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സൂരജ് ടോമാണ് വിശേഷത്തിന്‍റെ സംവിധായകന്‍. സംഗീത സംവിധായകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ആനന്ദ് മധുസൂദനനെ നായകനായി മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ. വിശേഷത്തിന്‍റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം, പശ്ചാത്തല സംഗീതം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നതും ആനന്ദ് മധുസൂദനനാണ്. അഭിനേതാവ് എന്ന നിലയില്‍ ആനന്ദിനെ അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും വിശേഷമെന്ന് സംവിധായകന്‍ സൂരജ് ടോം ന്യൂസ് മലയാളത്തോട് പറഞ്ഞു.
"ആനന്ദ് കഥ പറയുന്നത് തന്നെ അഭിനയിച്ചു കൊണ്ടാണ്, സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത ആളായിരുന്നു ആനന്ദ്. ഒരു ഫ്രഷ്‌നസ് ഉള്ള കഥയാണ് വിശേഷത്തിന്‍റേത്. അതുകൊണ്ട് അഭിനയിക്കുന്നവരിലും ഒരു ഫ്രഷ്നസ് വേണമെന്ന് തോന്നി. ചിന്നുവിനെ ഇതിനോടകം പ്രേക്ഷകര്‍ക്ക് ഇഷ്ടമായി കഴിഞ്ഞു. ആനന്ദിന്‍റെ ലുക്കും ശരീര ഭാഷയുമൊക്കെ നോക്കുമ്പോള്‍ ഷിജു ആകാന്‍ കറക്ട് ആയിരിക്കും എന്ന് തോന്നി. അവസരം കൊടുത്താല്‍ പെര്‍ഫോം ചെയ്യുമെന്നും ഉറപ്പായിരുന്നു. അങ്ങനെയാണ് ആനന്ദ് നായകനാകുന്നത്.
വര്‍ഷങ്ങളായി പരിചയമുള്ളവരാണ് ഞങ്ങള്‍, ആനന്ദിന് സംഗീത സംവിധായകന്‍ എന്ന നിലയില്‍ ആദ്യത്തെ ബ്രേക്ക് കിട്ടിയ 'പൊടിമീശ മുളയ്ക്കണ കാലം' എന്ന പാട്ട് എന്‍റെ സിനിമയിലായിരുന്നു. ആദ്യമായി തിരക്കഥ എഴുതിയത് എന്‍റെ സിനിമയ്ക്ക് വേണ്ടിയായിരുന്നു. അഭിനയത്തില്‍ ഒരു ആത്മവിശ്വാസം കിട്ടാന്‍ ഒരു പരസ്യത്തില്‍ ആനന്ദിനെ കൊണ്ട് അഭിനയിപ്പിക്കുകയും ചെയ്തു.
ഇതൊരു സിംപിള്‍ സിനിമയാണ്, വലിയ കോംപ്ലിക്കേറ്റഡായ കഥയൊന്നുമല്ല വിശേഷത്തിന്‍റേത്. വളരെ കൂളായി ഇരുന്ന് കാണാന്‍ കഴിയുന്നൊരു സിനിമയായിരിക്കും. നമ്മുടെ വീടുകളില്‍ അല്ലെങ്കില്‍ അയല്‍പക്കത്തെ വീട്ടില്‍ നടക്കുന്ന കഥയാണ്. ഈ ഫീലില്‍ നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന വിഷയമാണ് സിനിമ പറയുന്നത്. പുനര്‍ വിവാഹിതരായ ആളുകളും അല്ലാത്തവരും കല്യാണം കഴിഞ്ഞാല്‍ സമൂഹത്തില്‍ നിന്ന് സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണ് 'വിശേഷം ഒന്നും ആയില്ലേ' എന്ന്. അത് എത്രത്തോളം അവരെ ബുദ്ധിമുട്ടിക്കുന്നുവെന്നും നമ്മള്‍ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള രണ്ട് പേര്‍ക്കിടയില്‍ നടക്കുന്ന കഥയാണ് വിശേഷം.
പതിവ് നായക സങ്കല്‍പ്പങ്ങളെ മാറ്റുക തുടങ്ങിയ പരീക്ഷണങ്ങള്‍ കൂടി സിനിമയില്‍ നടത്തിയിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ള എല്ലാവരിലും എന്തെങ്കിലുമൊക്കെലുമൊക്കെ കഴിവ് ഉണ്ടാകും അത് കണ്ടെത്തി അവര്‍ക്ക് വേണ്ട ഫ്രീഡം കൊടുത്താല്‍ അവര്‍ നന്നായി പെര്‍ഫോം ചെയ്യും. ഈ സിനിമയുടെ കഥ കേട്ട നിര്‍മാതാക്കള്‍ക്കെല്ലാം കഥ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ നായകനായി ഒരു അറിയപ്പെടുന്ന താരം വരണമെന്നായിരുന്നു അവരുടെ ആവശ്യം. പക്ഷെ ഈ സിനിമയ്ക്ക് എന്തെങ്കിലും ഒരു പ്രത്യേകത കാണുന്നയാള്‍ക്ക് തോന്നണമെങ്കില്‍ നായകന്റെ റോളില്‍ ഒരു പുതിയ ആള്‍ വരണമെന്ന് കഥ കേട്ടപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് ആനന്ദിനെ നായകനാക്കി മുന്നോട്ട് പോയത്. ഞാന്‍ തന്നെ നിര്‍മാതാവാകുമ്പോള്‍ കിട്ടുന്ന ഫ്രീഡം ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു, അത് മനസിലാക്കിയ കുറച്ച് സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നതോടെയാണ് വിശേഷം എന്ന സിനിമ പൂര്‍ത്തിയാക്കാനായത്. മികച്ച പുതിയ സാങ്കേതിക പ്രവര്‍ത്തകരെ കൂടി സിനിമയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറമാന്‍ സാഗര്‍, എഡിറ്റര്‍ മാളവിക, കളറിസ്റ്റ് അഞ്ജന എന്നിവരുടെ ആദ്യത്തെ സിനിമ കൂടിയാണ് വിശേഷം ' - സൂരജ് ടോം പറഞ്ഞു.
ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും സിനിമയില്‍ അഭിനയമിക്കുന്നുണ്ട്. ജൂലൈ 19ന് ചിത്രം തീയേറ്ററുകളിലെത്തും.