MOVIES

'ഏഴ് മിനിറ്റ് കൊണ്ട് കഥ ഇഷ്ടപ്പെട്ടു, അത്യാവശ്യം ബജറ്റുള്ള ഫീല്‍ ഗുഡ് പടം'; പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് വിഷ്ണു മോഹന്‍

ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ 'കഥ ഇന്നുവരെ'യാണ് വിഷ്ണു മോഹന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

Author : ന്യൂസ് ഡെസ്ക്


മേപ്പടിയാന്‍, കഥ ഇന്നുവരെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വിഷ്ണു മോഹന്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സിനിമ ഒരുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ആടുജീവിതം, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെ കൂടുതല്‍ യുവ സംവിധായകര്‍ക്കൊപ്പം താരം പുതിയ സിനിമകള്‍ ചെയ്യാനൊരുങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

ഇപ്പോഴിതാ പൃഥ്വിക്കൊപ്പമുള്ള സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു മോഹന്‍. അത്യാവശ്യം വലിയ ബജറ്റിലുള്ള ഒരു ഫീല്‍ ഗുഡ് ജോണറിലുള്ള സിനിമയാകും ഇത്. ചിത്രത്തിന്റെ വർക്കുകൾ നടക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മറ്റൊരു നിർമാണ കമ്പനിയും ചേർന്നാണ് നിർമിക്കുന്നത്. സിനിമയുടെ എഴുത്തുകൾ നടക്കുകയാണ്. രണ്ട് വർഷം മുൻപാണ് പൃഥ്വിയോട് ഈ കഥ പറയുന്നത്. പത്ത് മിനിറ്റായിരുന്നു മീറ്റിങ്ങുണ്ടായിരുന്നത്. കഥ കേട്ട് ഏഴാം മിനിറ്റില്‍ പൃഥ്വിരാജ് സമ്മതം അറിയിച്ചതായി വിഷ്ണു മോഹന്‍ ക്ലബ്ബ് എഫ്എമ്മിനോട് പറഞ്ഞു.

ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ 'കഥ ഇന്നുവരെ'യാണ് വിഷ്ണു മോഹന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മേതില്‍ ദേവികയുടെ അരങ്ങേറ്റ ചിത്രമാണ് കഥ ഇന്നുവരെ.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന എമ്പുരാന്റെ ചിത്രീകരണ തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ഗുജറാത്ത് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം വിലായത്ത് ബുദ്ധയുടെ അവസാന ഘട്ട ചിത്രീകരണത്തില്‍ പൃഥ്വി ജോയിന്‍ ചെയ്യുമെന്നാണ് ഒടിടി പ്ലേയുടെ റിപ്പോര്‍ട്ട്.

ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയില്‍ സിനിമകള്‍ ഒരുക്കിയ വിപിന്‍ ദാസ്, റോഷാക്ക്, കെട്ടിയോളാണെന്‍റെ മാലാഖ എന്നി സിനിമകളിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍ എന്നിവര്‍ക്കൊപ്പവും പൃഥ്വിരാജ് പുതിയ സിനിമകളൊരുക്കാന്‍ തയാറെടുക്കുകയാണ്.

SCROLL FOR NEXT