'ബൈസിക്കിൾ തീവ്സ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് മാത്രം മതി വിറ്റോറിയോ ഡി സിക്ക എന്ന ഇറ്റാലിയൻ സംവിധായകന്‍ ലോക സിനിമയ്ക്ക് നൽകിയ സംഭാവന എന്താണെന്ന് മനസിലാക്കാൻ. നിഷ്കളങ്കമായ നോട്ടങ്ങളിലൂടെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ കാണികളെ വേദനിപ്പിച്ചു. ആ ലോകം തങ്ങളുടേത് കൂടിയാണെന്ന് പ്രേക്ഷകർക്ക് തോന്നി. സത്യജിത് റേയിൽ തുടങ്ങി അനുരാഗ് കശ്യപ് വരെയുള്ള ഇന്ത്യൻ സംവിധായകർക്ക് പ്രചോദനമായത് ഡി സിക്കയുടെ ഈ സിനിമയാണ്. ലോക യുദ്ധാനന്തര ഇറ്റാലിയൻ സിനിമയിൽ നവ റിയലിസത്തിന്റെ സാധ്യതകൾ പരീക്ഷിച്ച വിറ്റോറിയോ ഡി സിക്ക ലോക സിനിമയിലേ തന്നെ ഏറ്റവും ഗാംഭീര്യമുള്ള ശബ്ദമായി മാറി. ആ വിഖ്യാത സംവിധായകൻ വിടവാങ്ങിയിട്ട് ഇന്ന് 51 വർഷം തികയുന്നു.
1902 ൽ റോമിനടുത്തുള്ള സോറയിലാണ് ഡി സിക്കയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ഉംബർട്ടോ ഡി സിക്ക ഒരു ബാങ്ക് ക്ലർക്കായിരുന്നു. പത്ര പ്രവർത്തകനായും ഉംബർട്ടോ പ്രവർത്തിച്ചിട്ടുണ്ട്. ജേണലിസ്റ്റ് എന്ന നിലയിലുള്ള ബന്ധങ്ങള്‍ ഉപയോഗിച്ചാണ് മകനെ ഷോ ബിസിനസിലേക്ക് ഉംബർട്ടോ ഇറക്കുന്നത്. ഗായകനായിട്ടായിരുന്നു തുടക്കം. ഇതിനോപ്പം ഒരു നാടക കമ്പനിയിലും വിറ്റോറിയോ പ്രവർത്തിച്ചു. കോമിക്ക് റോളുകളില്‍ നിന്ന് പതിയെ വിറ്റോറിയോ റൊമാന്റിക് കോമഡികളിലെ മുഖ്യ വേഷങ്ങളിലേക്ക് എത്തി. 1930 ആയപ്പോഴേക്കും വിറ്റോറിയോ ഡി സിക്ക എന്ന നടൻ പേരെടുത്തു. ഇക്കാലത്താണ്, പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ മാരിയോ കാമറിനിയുമായി അദ്ദേഹം സഹകരിക്കുന്നത്. കാമറിനിയുടെ ഐ'ഡ് ഗിവ് എ മില്യൺ (1935) പോലുള്ള സിനിമകളില്‍ വിറ്റോറിയോ വേഷമിട്ടു.
1940-42 കാലഘട്ടത്തിലാണ് ഡി സിക്ക സംവിധാനത്തിലേക്ക് തിരിയുന്നത്. "വൈറ്റ് ടെലിഫോൺ" ഴോണറിൽ (അക്കാലത്തെ അമേരിക്കൻ കോമഡികളുടെ അനുകരണം) നിരവധി ചെറിയ ചിത്രങ്ങൾ ഡി സിക്ക ചെയ്തു. ഇതാണ് ഒരു സംവിധായകൻ എന്ന നിലയില്‍ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. 1943ലാണ് ഡി സിക്ക ആദ്യ ഫീച്ചർ സിനിമ സംവിധാനം ചെയ്യുന്നത് - 'ദി ചിൽഡ്രൻ ആർ വാച്ചിങ് അസ്'. കുടുംബത്തിന്റെ ശിഥിലീകരണം ഒരു നിഷ്കളങ്കനായ കുട്ടിയെ ഏത് വിധത്തിലാണ് ബാധിക്കുക എന്നാണ് സിനിമയില്‍ ഡി സിക്ക പരിശോധിക്കുന്നത്. സിസേർ സാവറ്റിനിയ്ക്ക് ഒപ്പമാണ് സിനിമയുടെ തിരക്കഥ ഡി സിക്ക തയ്യാറാക്കിയത്. പിന്നീട് അങ്ങോട്ട് ഈ കൂട്ടുകെട്ടിൽ 20ഓളം സിനിമകളാണ് പിറന്നത്.
രണ്ടാം ലോക മഹായുദ്ധാനന്തരം, സിസേർ സാവറ്റിനിയുടെ രചനയിൽ, നിയോ റിയലിസ്റ്റിക് ശൈലിയില്‍ നിരവധി മാസ്റ്റർപീസുകള്‍ ഡി സിക്ക പുറത്തിറക്കി. സാധാരണക്കാർ ആയിരുന്നു ഡി സിക്കയുടെ കഥാപാത്രങ്ങള്‍. അവർക്ക് വേണ്ടത് നൽകാൻ സാമൂഹിക വ്യവസ്ഥയാൽ സാധിക്കുന്നില്ല.ഇത്തരം മനുഷ്യരെയാണ് ഡി സിക്ക പിന്തുടർന്നത്. പ്രൊഫഷണലല്ലാത്തവരെയാണ് അഭിനേതാക്കളായി ഡി സിക്ക പരിഗണിച്ചത്. അവരെ സംവിധായകന്‍ സ്വതന്ത്രരായി വിട്ടു. ഫ്രഞ്ച് ചലച്ചിത്ര നിരൂപകൻ ആന്ദ്രേ ബാസിൻ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഔട്ട് ഡോർ ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്ത ഡി സിക്ക സിനിമകള്‍ ഇറ്റാലിയൻ ജീവിതങ്ങളെ പകർത്താനാണ് ശ്രമിച്ചത്. അത് ദാരിദ്ര്യത്തിലേക്കുള്ള ദന്തഗോപുരത്തില്‍ ഇരുന്നുള്ള ഒളിഞ്ഞുനോട്ടമായിരുന്നില്ല എന്ന് എടുത്തുപറയണം. ഇറ്റാലിയൻ ജീവിതത്തിന്റെ യഥാതഥമായ ചിത്രീകരണം ഡി സിക്കയുടെ സിനിമകള്‍ക്ക് വേറിട്ട ശബ്ദം നൽകി.
1946ൽ ഇറങ്ങിയ 'ഷൂഷൈൻ' എന്ന ചിത്രത്തിലൂടെയാണ് ഈ ഇറ്റാലിയൻ സംവിധായകനിലേക്ക് ലോക സിനിമയുടെ നോട്ടം ചെല്ലുന്നത്. 1947ല്‍ 'ഷൂഷൈനി'ന് അക്കാദമി അവാർഡില്‍ പ്രത്യേക പുരസ്കാരം ലഭിച്ചു. 1948ൽ 'ബൈസിക്കിൽ തീവ്സി'ലൂടെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാർഡും ഡി സിക്ക സ്വന്തമാക്കി. 'ബൈസിക്കിൽ തീവ്സി'ന് ഇറ്റലിയില്‍ ലഭിച്ചതിനേക്കാള്‍ മികച്ച പ്രതികരണം ലഭിച്ചത് വിദേശരാജ്യങ്ങളിലാണ്. എന്നാല്‍, സിനിമ ഇറ്റലിയെ വികലമായി ചിത്രീകരിക്കുന്നു എന്നായിരുന്നു വലതുപക്ഷക്കാരുടെ വിമർശനം. 'പഥേർ പാഞ്ചാലി' എന്ന സിനിമ അന്താരാഷ്ട്ര തലത്തിൽ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ സത്യജിത് റേ നേരിട്ട വിമർശനങ്ങളുമായി ഇതിനെ ചേർത്തുവായിക്കാവുന്നതാണ്.
'ബൈസിക്കിൾ തീവ്സി'ന് പിന്നാലെ വന്ന നിയോറിയലിസ്റ്റ് ഫാന്റസി ചിത്രം 'മിറക്കിൾ ഇൻ മിലാൻ' (1951), 1951 ലെ കാൻ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി. അടുത്ത ചിത്രം, 'ഉംബർട്ടോ ഡി' (1952) തന്റെ അച്ഛനുള്ള സമർപ്പണമായിട്ടാണ് ഡി സിക്ക കണ്ടത്. ഡി സിക്കയുടെ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയും ഇത് തന്നെയാണ്. അക്കാദമി അവാർഡുകളും അന്താരാഷ്ട്ര പ്രശംസയും വീണ്ടും പല തവണ ഡി സിക്കയെ തേടിയെത്തി. എന്നാല്‍, ഇറ്റലിയില്‍ ആ പ്രതിഭയ്‌ക്ക് വേണ്ട അംഗീകരം ലഭിച്ചില്ല.
സംവിധായകനായി തിളങ്ങി നിൽക്കുമ്പോള്‍ തന്നെ ഡി സിക്ക അഭിനയ ജീവിതവും മുന്നോട്ടുകൊണ്ടുപോയി. മാക്സ് ഓഫലിന്റെ 'ദി ഇയറിംഗ്സ് ഓഫ് മാഡം ഡി... '(1953), ലൂയിജി കൊമെൻസിനിയുടെ 'ബ്രഡ്,ലവ് ആൻഡ് ഡ്രീംസ്' (1953), റോബർട്ടോ റോസെല്ലിനിയുടെ 'ജനറൽ ഡെലിയ റോവേറെ'(1959) എന്നീ സിനിമകളിലെ ഡി സിക്കയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്.
1960ൽ ഡി സിക്ക സംവിധാനം ചെയ്ത 'ടു വുമൺ' എന്ന ചിത്രത്തിലെ അഭിനയത്തിന് സോഫിയ ലോറന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചു. 1960കളിൽ ഡി സിക്കയും ലോറനും ഒരുമിച്ച് നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. 'യെസ്റ്റർഡേ, ടുഡേ, ആൻഡ് ടുമാറോ' (1963), 'മാരേജ് ഇറ്റാലിയൻ സ്റ്റൈൽ' (1964) എന്നീ ചിത്രങ്ങള്‍ വാണിജ്യപരമായും വിജയങ്ങളായിരുന്നു. 'യെസ്റ്റർഡേ, ടുഡേ, ആൻഡ് ടുമാറോ' എന്ന സിനിമയ്ക്ക് മികച്ച വിദേശഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡും ലഭിച്ചു.
അറുപതുകളുടെ അവസാന ഭാഗത്ത്, പഴയ ഡി സിക്കയുടെ നിഴൽ മാത്രമായി ആ കലാകാരൻ മാറി. എന്നാല്‍, 1971ൽ 'ദി ഗാർഡൻ ഓഫ് ദി ഫിൻസി-കോണ്ടിനിസ്' എന്ന ചിത്രത്തിലൂടെ ഡി സിക്ക ശക്തമായ തിരിച്ചുവരവ് നടത്തി. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെ മികച്ച വിദേശ ചിത്രത്തിനുള്ള നാലാമത്തെ അക്കാദമി അവാർഡും ഡി സിക്ക നേടി. നിയോറിയലിസ്റ്റ് സിനിമയായ 'എ ബ്രീഫ് വെക്കേഷൻ' (1973), സോഫിയ ലോറനും റിച്ചാർഡ് ബർട്ടണും അഭിനയിച്ച 'ദി വോയേജ്' (1974) എന്നിവയായിരുന്നു ഡി സിക്ക സംവിധാനം ചെയ്ത അവസാന രണ്ട് ചിത്രങ്ങൾ.
രണ്ട് തവണ ഡി സിക്ക വിവാഹിതനായി. നാടക നടിയായ ഗ്യൂഡിറ്റ റിസോൺ ആയിരുന്നു ആദ്യ പങ്കാളി. പിന്നീട് തന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ സ്പാനിഷ് വംശജയായ നടി മരിയ മെർകാഡറെ വിവാഹം ചെയ്തു. 1974 ൽ പാരീസിൽ വച്ചാണ് ഡി സിക്ക മരിക്കുന്നത്. ഇന്നും തന്റെ സിനിമകളിലൂടെ ഡ സിക്ക ഒരു വലിയ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു - 'നിങ്ങളുടെ സിനിമകളില്‍ ജീവിതം എവിടെ?'