തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 30 പേര്‍ ഒപ്പിട്ട ഒരു സംയുക്ത പ്രസ്താവന മുഖ്യമന്ത്രിക്ക് അയച്ച സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡോ. ബിജു. നിവേദനത്തില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗവും അടൂരിൻ്റെ ഭക്തരാണെന്നും നവീകരിക്കേണ്ടത് കെഎസ്എഫ്‌ഡിസിയുടെ ഇംപ്ലിമെൻ്റേഷൻ സിസ്റ്റമാണെന്നും ബിജു ഫേസ്ബുക്കിൽ കുറിച്ചു.
"സിനിമയുടെ സാങ്കേതിക സൗന്ദര്യാംശങ്ങളില്‍ പരിശീലനം നേടിയാല്‍ മാത്രമേ വനിതകള്‍ക്കും, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവർക്കും മികച്ച സിനിമകള്‍ സംവിധാനം ചെയ്യാൻ സാധിക്കൂ," എന്ന് എന്‍ഡോഴ്സ് ചെയ്യുന്ന ഒരു കൂട്ടം സാമൂഹികമായ പിന്തിരിപ്പന്‍ വിധേയന്മാരുടെ ഒപ്പം എം.എന്‍. കാരശേരിയുടെയും പോള്‍ സക്കറിയയുടെയും പേര് കണ്ടതില്‍ അത്ഭുതം തോന്നുന്നുവെന്നും ഡോ. ബിജു പറഞ്ഞു. നിങ്ങള്‍ ഈ വിഷയത്തില്‍ തിരുത്തല്‍ നടത്തുമെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകൻ ബിജു ഫേസ്ബുക്കിൽ കുറിച്ചു.
ഈ നിവേദനത്തില്‍ ഒപ്പിട്ട ആളുകളില്‍ ഭൂരിഭാഗവും അടൂര്‍ ഭക്തന്മാരും വിധേയരും സര്‍വോപരി അടൂരിൻ്റെ ഔദാര്യത്തില്‍ വിവിധ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിച്ചു പോരുന്നവരും ആണെന്നത് അറിയാവുന്ന എല്ലാവർക്കും ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. വൈറ്റ് വാഷിങ്ങും പുട്ടിയുമായി ഇറങ്ങുകയെന്നത് അവരുടെ സ്വാഭാവിക ദൗത്യവും അവകാശവുമാണ്. അതൊക്കെ അവരുടെ നിലനില്‍പ്പിൻ്റെ ആവശ്യവും വയറ്റുപിഴപ്പുമാണെന്നും ഡോ. ബിജു ചൂണ്ടിക്കാട്ടി.
കെഎസ്എഫ്‌ഡിസി പാക്കേജില്‍ സിനിമ ചെയ്യുന്ന വനിതാ സംവിധായകര്‍ക്കും പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട സംവിധായകര്‍ക്കും പരിശീലനം വേണം എന്ന ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ ആവശ്യം ന്യായം ആണെന്നും ഒരു കമ്മിറ്റിയെ നിയോഗിച്ചു ഈ സ്കീമിലെ കുറവുകള്‍ പരിഹരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന വനിതകളും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളും സിനിമയുടെ നിര്‍മാണത്തിന് ആവശ്യമായ സാങ്കേതിക സൗന്ദര്യാംശങ്ങള്‍ മുന്‍കൂട്ടി ആര്‍ജ്ജിക്കേണ്ടത് ആണെന്നും ആയതിനാല്‍ ഈ വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കണം എന്നും ആവശ്യപ്പെട്ടു 30 പേര്‍ ഒപ്പിട്ട ഒരു സംയുക്ത പ്രസ്താവന മുഖ്യമന്ത്രിയ്ക്ക് നല്‍കിയതിന്റെ കോപ്പി കാണാന്‍ ഇടയായി.
ഇതുവരെ ഈ സ്കീമില്‍ നിര്‍മിക്കപ്പെട്ട എട്ടു ചിത്രങ്ങളില്‍ ഒരെണ്ണം മാത്രമാണ് അന്താരാഷ്‌ട്ര മേളകളില്‍ പുരസ്കാരങ്ങള്‍ ലഭിച്ചത് എന്നും ആ ചിത്രത്തിൻ്റെ സംവിധായിക മാത്രമാണ് സിനിമ എന്ന മാധ്യമത്തില്‍ പരിശീലനം നേടിയത് എന്നും ഈ നിവേദനത്തില്‍ പ്രത്യേകം പറയുന്നു. (ഇത് വസ്തുതാപരമായി തന്നെ തെറ്റാണ് , ഏതാണ്ട് മൂന്നു സിനിമകള്‍ വിവിധ ചലച്ചിത്ര മേളകളില്‍ പങ്കെടുത്തിട്ടുണ്ട്, ചലച്ചിത്ര മേളകളിലേക്ക് സിനിമകള്‍ അയക്കേണ്ടത് നിര്‍മാതാക്കള്‍ ആയ കെഎസ്എഫ്‌ഡിസി ആണ്, അത് ചെയ്തിട്ടില്ല എന്നത് കൊണ്ടാണ് പല സിനിമകൾക്കും കൂടുതൽ മേളകളിലേക്ക് പ്രവേശന അവസരം ലഭിക്കാതിരുന്നതും എന്നതാണ് വസ്തുത).
ഈ സ്കീമില്‍ സിനിമ ചെയ്ത മുഴുവന്‍ വനിതാ, പട്ടികജാതി/ പട്ടികവര്‍ഗ സംവിധായകരെയും ഈ പ്രസ്താവനയിലൂടെ ഈ നിവേദനത്തില്‍ ഒപ്പിട്ട ആളുകള്‍ അപമാനിക്കുകയാണ് ചെയ്യുന്നത്. ചലച്ചിത്ര മേളകളില്‍ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നത് കൊണ്ട് മറ്റ് ഏഴു സിനിമകളും മോശം ആണെന്ന് വിലയിരുത്താന്‍ നിങ്ങള്‍ ആരാണ് . എന്താണ് നിങ്ങളുടെ ക്രെഡിബിലിറ്റി? ഇതില്‍ ഒപ്പിട്ടവരില്‍ കുറച്ചു സംവിധായകരും ഉണ്ടല്ലോ, അവരുടെ ഒക്കെ എല്ലാ സിനിമകളും ഏതൊക്കെ ചലച്ചിത്ര മേളകളിലാണ് പങ്കെടുത്തിട്ടുള്ളത്? മറ്റൊരാളിൻ്റെ സൃഷ്ടിയുടെ വിധികര്‍ത്താക്കള്‍ ആകാന്‍ നിങ്ങള്‍ക്കുള്ള യോഗ്യത ആദ്യം ദയവായി സ്വയം ഒന്ന് വിലയിരുത്തുമല്ലോ .
ഈ നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ശുദ്ധ അറിവില്ലായ്മ ആണ്. ഈ സ്കീമിലെ ധനപരമായ എല്ലാ ഇടപാടുകളും നടത്തുന്നത് കെഎസ്എഫ്‌ഡിസി ആണ്. കെഎസ്എഫ്‌ഡിസി ആണ് സിനിമകളുടെ നിര്‍മാതാവ്. അവിടുത്തെ ഉദ്യോഗസ്ഥരാണ് പണം ചിലവഴിക്കുന്നത്. അല്ലാതെ ഈ പണം സംവിധായകര്‍ക്ക് നല്‍കി അവര്‍ ചിലവഴിക്കുക അല്ല. അതുകൊണ്ട് ഈ സ്കീമില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് കെഎസ്എഫ്‌ഡിസി ആണ്. അവരുടെ ഇംപ്ലിമെൻ്റേഷൻ സിസ്റ്റം ആണ് നവീകരിക്കേണ്ടത്. അല്ലാതെ സിനിമകള്‍ സംവിധാനം ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ട വനിതകളും പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ആളുകള്‍ക്കും പരിശീലനം നല്‍കാത്തത് കൊണ്ടാണ് എന്ന് അലറി വിളിച്ചു കൊണ്ട് അവരുടെ നെഞ്ചത്തോട്ട് കയറാന്‍ വരേണ്ടതില്ല .
ഈ നിവേദനത്തില്‍ ഒപ്പിട്ട ആളുകളില്‍ ഭൂരിഭാഗവും അടൂര്‍ ഭക്തന്മാരും വിധേയരും സര്‍വോപരി അടൂരിൻ്റെ ഔദാര്യത്തില്‍ വിവിധ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിച്ചു പോരുന്നവരും ആണെന്നത് അറിയാവുന്ന എലാവർക്കും ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും. വൈറ്റ് വാഷിങ്ങും പുട്ടിയും ആയി അവര്‍ ഇറങ്ങുക എന്നത് അവരുടെ സ്വാഭാവിക ദൗത്യവും അവകാശവും ആണ്. അതൊക്കെ അവരുടെ നിലനില്‍പ്പിൻ്റെ ആവശ്യമാണ്, വയറ്റുപിഴപ്പ് ആണ് . പക്ഷെ ശ്രീ എം.എന്‍. കാരശേരിയും, പോള്‍ സക്കറിയയും ഇതില്‍ എങ്ങനെ പെട്ടു എന്നതാണ് മനസ്സിലാകാത്തത്. സിനിമയുടെ സാങ്കേതിക സൗന്ദര്യാംശങ്ങളില്‍ പരിശീലനം നേടിയാല്‍ മാത്രമേ വനിതകള്‍ക്കും, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവർക്കും മികച്ച സിനിമകള്‍ സംവിധാനം ചെയ്യാൻ സാധിക്കൂ എന്ന് എന്‍ഡോഴ്സ് ചെയ്യുന്ന ഒരു കൂട്ടം സാമൂഹികമായ പിന്തിരിപ്പന്‍ വിധേയന്മാരുടെ ഒപ്പം നിങ്ങളുടെ കൂടെ പേര് കണ്ടതില്‍ അത്ഭുതം തോന്നുന്നു. നിങ്ങള്‍ ഈ വിഷയത്തില്‍ തിരുത്തല്‍ നടത്തുമെന്ന് തന്നെ വിശ്വസിക്കുന്നു.
സംസ്ഥാന സര്‍ക്കാരിൻ്റെ ഏറെ പ്രോഗ്രസീവ് ആയ ഒരു മൂവ്മെൻ്റില്‍ ഇതിനോടകം സാമാന്യം മികച്ച രീതിയില്‍ തന്നെ സിനിമകള്‍ ചെയ്ത എല്ലാ സഹോദരിമാര്‍ക്കും സഹോദരന്മാര്‍ക്കും ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നു. നിങ്ങള്‍ക്കും നിങ്ങള്‍ നിങ്ങളുടെ ചോരയും നീരും സ്വപ്നവും ചേര്‍ത്തുവെച്ച് ചെയ്ത നിങ്ങളുടെ സിനിമകള്‍ക്കും അഭിവാദ്യങ്ങൾ..