'ദൃശ്യം 3' ഹിന്ദി പതിപ്പ് Source: X
MOVIES

ഹിന്ദി 'ദൃശ്യം 3' റിലീസ് തീയതി എത്തി; ജോർജ് കുട്ടിയുടെ വരവ് എപ്പോൾ?

‘അവസാന ഭാഗം ബാക്കിയുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് റിലീസ് അനൗൺസ്മെന്റ് ടീസർ അജയ് ദേവ്ഗൺ പങ്കുവച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദൃശ്യം 3'. വിവിധ ഭാഷകളിൽ റിമേക്ക് ചെയ്ത മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ 'ദൃശ്യം' വലിയ തോതിൽ പ്രേക്ഷക പ്രതികരണം നേടിയ ഫ്രാഞ്ചൈസിയാണ്. ഇപ്പോഴിതാ 'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി 'ദൃശ്യം 3' അടുത്ത വർഷം ഒക്ടോബർ രണ്ടിനാകും തിയേറ്ററുകളിലേക്ക് എത്തുക. മുൻ ഭാഗങ്ങളിൽ നടന്ന സംഭവവികാസങ്ങൾ വിവരിക്കുന്ന അജയ് ദേവ്ഗണിന്റെ വോയിസ് ഓവറിലുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് നിർമാതാക്കൾ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. കുടുംബത്തിനായി അവസാന ശ്വാസം വരെ ഉറച്ചുനിൽക്കും എന്ന് അജയ് ദേവ്ഗൺ കഥാപാത്രം പറയുന്നത് ചിത്രത്തിന്റെ റിലീസ് തീയതി വെളിപ്പെടുത്തുന്ന ടീസറിൽ കേൾക്കാം. ‘അവസാന ഭാഗം ബാക്കിയുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് ഈ ടീസർ അജയ് ദേവ്ഗൺ പങ്കുവച്ചത്.

അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലറിൽ അജയ് ദേവ്ഗണിനൊപ്പം തബു, ശ്രീയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പനോരമ സ്റ്റുഡിയോസ് ആണ് നിർമാണം. 'ദൃശ്യം' ഹിന്ദി റീമേക്കിന്റെ ആദ്യ രണ്ട് ഭാഗങ്ങളുടെ നിർമാതാക്കളും പനോരമ ആണ്.

അതേസമയം, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ആഗോള തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ വൻ തുകയ്ക്ക് പനോരമാ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. അന്നുമുതൽ ഇത് ഹിന്ദി പതിപ്പിന്റെ റിലീസ് വേഗത്തിൽ ആക്കാനാണ് എന്ന് ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സിനിമയുടെ മലയാളം പതിപ്പ് ഇറങ്ങി രണ്ട് മാസങ്ങൾക്ക് ശേഷമാകും ഹിന്ദി 'ദൃശ്യം 3' ഇറങ്ങുക എന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇതു പ്രകാരമാണെങ്കിൽ, ജൂണിലോ ജൂലൈയിലോ ചിത്രം തിയേറ്ററുകളിൽ എത്തും. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് മലയാളം 'ദൃശ്യം3'ലെ അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

SCROLL FOR NEXT