ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം: ദ കൺക്ലൂഷൻ' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗമാണ് ചിത്രം. അജയ് ദേവ്ഗൺ അവതരിപ്പിക്കുന്ന വിജയ് സൽഗാവോങ്കറിന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞവസാനിപ്പിക്കുന്ന ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
'ദൃശ്യം' മൂന്നാം ഭാഗത്തിന്റെ മലയാളം പതിപ്പിൽ നിന്നും വ്യത്യസ്തമായ കഥയാകും ഹിന്ദി റീമേക്ക് പറയുകയെന്ന് സംവിധായകൻ അഭിഷേക് പഥക് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘‘ഹിന്ദി പ്രേക്ഷകർക്കായി ഞാൻ പൂർണമായും വ്യത്യസ്തമായ ഒരു ട്രാക്ക് തയാറാക്കിയിട്ടുണ്ട്. അത് ഇവിടെ നന്നായി വർക്ക് ആകും. മലയാളം പതിപ്പ് ഫാമിലി ഡ്രാമയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. അതേസമയം ഹിന്ദി പതിപ്പ് ഒരു ഫാമിലി ത്രില്ലറിനാകും ഊന്നൽ നൽകുക. സിനിമയുടെ ഘടന അതാണ്. ട്രെയ്‌ലർ പുറത്തിറങ്ങുമ്പോൾ, ഈ രണ്ട് ലോകങ്ങൾ എത്രത്തോളം വ്യത്യസ്തമാണെന്ന് പ്രേക്ഷകർക്ക് കാണാൻ കഴിയും," എന്നാണ് അഭിഷേക് പറഞ്ഞത്. ഈ വാക്കുകൾ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയ്‌ലർ.
അജയ് ദേവ്ഗണിനൊപ്പം തബു (ഐ.ജി മീര ദേശ്മുഖ്), ശ്രിയ ശരൺ (നന്ദിനി), രജത് കപൂർ എന്നിവർ മുൻ ഭാഗങ്ങളിലെ കഥാപാത്രങ്ങളായി ഈ ചിത്രത്തിൽ വീണ്ടുമെത്തുന്നു. പ്രകാശ് രാജ്, ജയ്ദീപ് അഹ്‌ലാവത് എന്നിവരാണ് 'ദൃശ്യം: ദ കൺക്ലൂഷനി'ലെ പുതിയ മുഖങ്ങൾ. ഇഷിത ദത്ത, മൃണാൾ യാദവ്, കമലേഷ് സാവന്ത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സ്റ്റാർ സ്റ്റുഡിയോ 18, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ: ആമിൽ കീയാൻ ഖാൻ, അഭിഷേക് പഥക്, പർവേസ് ഷെയ്ഖ്, സംഭാഷണം: ആമിൽ കീയാൻ ഖാൻ, ഛായാഗ്രഹണം: സുധീർ കുമാർ ചൗധരി, എഡിറ്റിങ്: സന്ദീപ് ഫ്രാൻസിസ്, പ്രൊഡക്ഷൻ ഡിസൈൻ: പ്രിയ സുഹാസ്, സംഗീതം: രവി ബസ്രൂർ, റോചക് കോഹ്‌ലി, കർമ്മ, ഗാനരചന: മനോജ് മുൻതഷീർ, ആമിൽ കീയാൻ ഖാൻ, കർമ്മ, സൗണ്ട് ഡിസൈൻ: ബെയ്‌ലോൺ ഫൊൺസെക്ക, കോസ്റ്റ്യൂം ഡിസൈൻ: നവീൻ ഷെട്ടി, താന്യ ഓക്ക്, പശ്ചാത്തലസംഗീതം: അമർ മൊഹിലെ.