'ദൃശ്യം 3' പോസ്റ്റർ, ആമിൽ കിയാൻ ഖാൻ 
MOVIES

"നൂറിലധികം ഡ്രാഫ്റ്റുകൾ, സെറ്റിൽ ആർക്കും ക്ലൈമാക്സ് അറിയില്ലായിരുന്നു"; 'ദൃശ്യം: ദ കൺക്ലൂഷൻ' എഴുത്തിനെപ്പറ്റി തിരക്കഥാകൃത്ത്

കളക്ഷൻ റെക്കോർഡുകൾ തകർത്താണ് 'ദൃശ്യം: ദ കൺക്ലൂഷൻ' ബോക്സ് ഓഫീസിൽ മുന്നേറുന്നത്

Author : ന്യൂസ് ഡെസ്ക്

അജയ് ദേവ്ഗൺ ചിത്രം 'ദൃശ്യം: ദ കൺക്ലൂഷൻ' പ്രേക്ഷക - നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. 'ദൃശ്യം' ഹിന്ദി ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെയും അവസാനത്തേയും ചിത്രത്തിന് വലിയ വരവേൽപ്പാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. വിശേഷിച്ച് സിനിമയുടെ തിരക്കഥയ്ക്ക്. തങ്ങളുടെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിക്ക് തികച്ചും അനുയോജ്യമായ ക്ലൈമാക്സ് സമ്മാനിച്ച എഴുത്തുകാരെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ ക്ലൈമാക്സ് കൃത്യതയോടെ പൂർത്തിയാക്കുന്നതിനായി നൂറിലധികം ഡ്രാഫ്റ്റുകൾ എഴുതേണ്ടി വന്നതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് തിരക്കഥാകൃത്ത് ആമിൽ കിയാൻ ഖാൻ. ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കുകയായിരുന്നു ആമിൽ.

"കയറിപ്പറ്റാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വലിയ മല തന്നെയായിരുന്നു ഇത്. ജനങ്ങൾ നെഞ്ചിലേറ്റിയ ഒരു ഫ്രാഞ്ചൈസി, പ്രേക്ഷകർ വർഷങ്ങളായി ഒപ്പം ജീവിച്ച ഒരു കുടുംബം, ഒപ്പം വൻ വിജയമായി മാറിയ രണ്ട് മുൻ ചിത്രങ്ങളുടെ വലിയ പാരമ്പര്യം... ഇതെല്ലാം തോളിലേറ്റിയാണ് നിൽക്കുന്നത്. ഇതിനേക്കാളൊക്കെ ഉപരി, മൂന്നാമതൊരു തവണ കൂടി പ്രേക്ഷകരെ എങ്ങനെ അമ്പരപ്പിക്കും എന്നതായിരുന്നു ചോദ്യം.

ആദ്യ സിനിമയിൽ വിജയ് സൽഗോവങ്കർ പ്രേക്ഷകർക്ക് തികച്ചും ഒരു അപരിചിതനായിരുന്നു. എന്നാൽ ഇപ്പോൾ പ്രേക്ഷകർക്ക് അയാളെ കൃത്യമായി അറിയാം. അയാളുടെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, അയാളുടെ കയ്യിൽ സൂത്രപ്പണികളുണ്ടെന്നും അവർക്കറിയാം. സത്യത്തിൽ, ആ പാവം മനുഷ്യൻ എന്ത് ചെയ്താലും പ്രേക്ഷകർക്ക് ഇപ്പോൾ സംശയമാണ്.

പിന്നെ 'ദൃശ്യത്തിന്റെ' അതേ ഡിഎൻഎ നിലനിർത്തിക്കൊണ്ട് ഒരു ഒറിജിനൽ തിരക്കഥ എഴുതുക എന്ന വെല്ലുവിളിയുമുണ്ടായിരുന്നു. ഹ്യൂമർ, കുടുംബം, ഇമോഷൻ, ഡ്രാമ, ത്രില്ലിങ് ഘടകങ്ങൾ എന്നിവയൊന്നും ഒന്നിലൊന്ന് പോലും അമിതമാകാതെ കൃത്യമായ അളവിൽ ഇതിലും വേണമായിരുന്നു. അതൊരു നേർത്ത കയറിലൂടെയുള്ള നടത്തമായിരുന്നു. ഭാഗ്യവശാൽ, ഞങ്ങൾ ആരും താഴേക്ക് നോക്കിയില്ല."

എന്റെ കമ്പ്യൂട്ടറിൽ ഫോൾഡറുകൾക്കുള്ളിൽ ഫോൾഡറുകൾ കാണാം. തീയതികളും നമ്പറുകളും ഉള്ള ഡ്രാഫ്റ്റുകളും നമ്പറുകൾക്ക് ശേഷം തീയതികളുള്ള ഫയലുകളുമാണതിലുള്ളത്. “ഫൈനൽ”, “ഫൈനൽ 2”, “ഫൈനൽ ഫൈനൽ”, ഒടുവിൽ “ഫൈനൽ പ്ലീസ് ഗോഡ്” എന്നിങ്ങനെ പേരിട്ട ഫയലുകൾ വേറെയും. കൃത്യമായ എണ്ണം ഞാൻ മറന്നുപോയി. പക്ഷേ ഏകദേശം വിവിധ രൂപങ്ങളിൽ നൂറിലധികം ഡ്രാഫ്റ്റുകൾ ഉണ്ടാകും," ആമിൽ കിയാൻ ഖാൻ പറയുന്നു.

ചിത്രീകരണ സമയത്ത് സംവിധായകൻ അഭിഷേക് പഥക് സിനിമയിലെ കേന്ദ്ര കഥാപാത്രമായ വിജയ് സൽഗോവങ്കറെ പോലെയായിരുന്നുവെന്നും തിരക്കഥാകൃത്ത് പറഞ്ഞു. "ക്ലൈമാക്സ് എന്താണെന്ന് അണിയറപ്രവർത്തകർക്ക് പോലും അറിയില്ലായിരുന്നു. ആവശ്യത്തിന് മാത്രം വിവരങ്ങൾ നൽകുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. ചിലപ്പോൾ ഒരു സീൻ ചിത്രീകരിക്കുമ്പോൾ അത് എന്തിനാണ് ചിത്രീകരിക്കുന്നത് എന്ന് അറിയാതെ, തങ്ങൾ ചെയ്യേണ്ട കാര്യം മാത്രം ചെയ്ത് തീർക്കുകയായിരുന്നു ഓരോ ഡിപ്പാർട്ട്മെന്റും," ആമിൽ പറഞ്ഞു. സിനിമയിലെ ചില അഭിനേതാക്കളും അണിയറപ്രവർത്തകരും, തന്റെ സുഹൃത്തുക്കളും ബന്ധുക്കളും പോലും ക്ലൈമാക്സ് അറിയാൻ തന്നെ കൈക്കൂലി തന്ന് സ്വാധീനിക്കാൻ നോക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കളക്ഷൻ റെക്കോർഡുകൾ തകർത്താണ് 'ദൃശ്യം: ദ കൺക്ലൂഷൻ' ബോക്സ് ഓഫീസിൽ മുന്നേറുന്നത്. ഒക്ടോബർ രണ്ടിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആഗോള ഗ്രോസ് 300 കോടി രൂപ കടന്നു. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, സിനിമയുടെ ആദ്യ ദിന ആഗോള ഗ്രോസ് 95.10 കോടി രൂപയാണ്. അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണിത്. 43.5 കോടി നെറ്റ് കളക്ഷൻ നേടിയിരുന്ന 'സിങ്കം എഗെയ്ൻ' എന്ന ചിത്രത്തിന്റെ റെക്കോർഡാണ് 'ദൃശ്യം 3' മറികടന്നത്. 'ദൃശ്യം' ഫ്രാഞ്ചൈസിയിലെ ആദ്യ രണ്ട് ഭാഗങ്ങളെക്കാളും വളരെ ഉയർന്ന ബോക്സ് ഓഫീസ് ഓപ്പണിങ്ങാണ് മൂന്നാം ചിത്രം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

SCROLL FOR NEXT