Image: Instagram  News Malayalam
MOVIES

പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ഞങ്ങളുടെ സൂര്യന്‍ തിരിച്ചെത്തിയിരിക്കുന്നു; മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്റെ അതിമനോഹരമായ വൈകാരികമായ കുറിപ്പ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഹാനടന്റെ പിറന്നാള്‍ ദിവസം ആഘോഷിക്കുകയാണ് മലയാളികള്‍. മലയാളികളുടെ മുഴുവന്‍ പിറന്നാള്‍ ആശംസകള്‍ ഇന്ന് മമ്മൂട്ടിയെ തേടിയെത്തിക്കാണും. ഒടുവില്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ അതിമനോഹരമായ വൈകാരികമായ കുറിപ്പും.

പ്രിയപ്പെട്ട സൂര്യന്,

ചിലപ്പോള്‍ നിങ്ങള്‍ കൂടുതലായി തിളങ്ങുമ്പോള്‍ നിങ്ങളെ സംരക്ഷിക്കാന്‍ മഴമേഘങ്ങള്‍ വരും. നിങ്ങളോടുള്ള അവരുടെ സ്‌നേഹം അത്ര ശക്തമായതിനാല്‍ ഞങ്ങളുടെ സ്‌നേഹത്തിന്റെ ആഴം അവര്‍ പരീക്ഷിക്കും. നിങ്ങളുടെ ചൂടില്ലാതെ ഞങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല, അതിനാല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു, പലദേശങ്ങളില്‍ നിന്ന് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഒന്നിച്ചു. ഇരുണ്ട ദിവസങ്ങളില്‍ രാത്രി പോലുള്ള പകലുകളിലും ഞങ്ങള്‍ പ്രാര്‍ത്ഥന തുടര്‍ന്നു. ഒടുവില്‍ ഞങ്ങളുടെ പ്രാര്‍ത്ഥന മഴമേഘങ്ങള്‍ക്ക് താങ്ങാന്‍ കഴിയാതെയായി, മേഘങ്ങള്‍ കീഴടങ്ങി. ഇടിമുഴക്കത്തോടെയും മിന്നലോടെയും അവര്‍ പൊട്ടിക്കരഞ്ഞു. നിങ്ങളോടുള്ള എല്ലാ സ്‌നേഹവും ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമായി അവര്‍ മഴയായി വര്‍ഷിച്ചു.

ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു, ഞങ്ങള്‍ക്കു ചുറ്റും മഴവില്ലും മഴത്തുള്ളികളുമാണ്. സ്‌നേഹത്തില്‍ ഞങ്ങള്‍ നനഞ്ഞ് കുളിച്ചിരിക്കുന്നു, വെളിച്ചവും ചൂടും ലോകം മുഴുവന്‍ പരത്താന്‍ ഞങ്ങളുടെ സൂര്യന്‍ അവന്റെ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.

സൂര്യന് ജന്മദിനാശംസകള്‍

അസുഖം ഭേദമായതിനു ശേഷം മമ്മൂട്ടിയെ കുറിച്ച് ദുല്‍ഖര്‍ എഴുതുന്ന ആദ്യത്തെ കുറിപ്പാണിത്. പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ലൈക്കും കമന്റുകളുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ എത്തി.

SCROLL FOR NEXT