'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ സിനിമ, 'കാന്ത'. സിനിമയുടെ അണിയറയിലെ കഥ പറയുന്ന പടം. അതും 1950കളിലെ മദ്രാസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ. 'ഇരുവർ' എന്ന ചിത്രത്തിൽ മോഹന്‍ലാല്‍ സ്ഥാപിച്ച ബെഞ്ച്മാർക്ക് ഒരു വെല്ലുവിളിപോലെ ദുൽഖറിന് മുന്നില്‍ നിൽക്കുന്നു. നിരവധി അഭിനയമുഹൂർത്തങ്ങൾ കടന്നുവരുന്ന സിനിമയാണിതെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തം. എന്താകും 'കാന്ത' എന്ന ചിത്രത്തിന് പറയാനുണ്ടാകുക?
നമ്മൾ മുന്‍പ് കണ്ടിട്ടുള്ള, വായിച്ചിട്ടുള്ള കഥകളുടെ സൂചനകൾ തന്നെയാണ് ട്രെയ്‌ലിന്റെ ഔട്ടർ ലെയർ നൽകുന്നത്. പെരുവഴിയില്‍ നിന്ന് റെഡ് കാർപ്പറ്റിലേക്ക് നടന്നു കയറുന്ന ഒരു നടന്‍- ടി.കെ. മഹാദേവൻ. അയാളെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റുന്ന ഒരു സംവിധായകന്‍, അയ്യ. പേരും പെരുമയും പണവും മഹാദേവനെ മത്ത് പിടിപ്പിക്കുന്നു. തന്റെ നടിപ്പിൽ അയാള്‍ അഹങ്കരിച്ചുതുടങ്ങുന്നു. 'നടിപ്പ് ചക്രവർത്തി' എന്ന ബോധം അയാളില്‍ പതിയേ വേരുറപ്പിക്കുന്നു. സ്റ്റാർ ആയി നോക്കുന്ന അയാൾക്ക് തന്റെ ഈ വളർച്ചയ്ക്ക് കാരണമായ ഗുരുവിനെ, അയ്യയെ കാണാൻ സാധിക്കുന്നില്ല. ഇതിനിടയില്‍ ഒരു നടിയോടുള്ള അയാളുടെ പ്രണയവും. ഈ മൂവരും ഒരു സെറ്റിൽ, ഒരു സിനിമയ്ക്കായി ഒത്തുചേരുന്നു. സംവിധായകനായി അയ്യ, നായകനായി മഹാദേവൻ, നായികയായി അയാളുടെ പ്രണയിനിയും അയ്യയുടെ ശിഷ്യയുമായ നടി. ഇവിടെ വച്ച് സ്റ്റാറും സംവിധായകനും തമ്മിൽ ഏറ്റുമുട്ടുന്നു. സിനിമ നായകന്റെയോ സംവിധായകന്റെയോ എന്ന ചോദ്യം ഉയരുന്നു. ഇതുവരെ എല്ലാം, കേട്ട കഥ. ട്രെയ്‌ലറിൽ നമ്മളെ ഈ സിനിമയിലേക്ക് ആകർഷിക്കുന്ന കഥാപാത്രത്തിന്റെ എന്‍ട്രി ഇവിടെയാണ്.
"ഇത് ഇനി നിങ്ങളുടെ സിനിമാ സെറ്റല്ല എന്റെ പൊലീസ് സ്റ്റേഷനാണ്" എന്ന് ആക്രോശിക്കുന്ന ഒരു പൊലീസുകാരന്‍. റാണ ദഗ്ഗുബതിയുടെ ഈ കഥാപാത്രം നമ്മളെ കൊഴയ്ക്കുന്നു. ഒരു പൊലീസുകാരന് സിനിമാ സെറ്റിൽ എന്താണ് കാര്യം? അവിടെ എന്തെങ്കിലും നടന്നോ? ഒരു കൊലപാതകം? 'നൈവ്സ് ഔട്ട്' പോലെ, 'ജാഗ്രത' പോലെ അല്ലെങ്കിൽ ഒരു അഗതാ ക്രിസ്റ്റി നോവൽ പോലെ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണോ 'കാന്ത'? ഇങ്ങനെ ഊഹിച്ചു കൂട്ടാന്‍ കാരണം രണ്ടാണ്. ഒന്ന് ദുൽഖർ, റാണാ എന്നീ നടന്മാർ. അഭിനേതാക്കള്‍ എന്നതിൽ ഉപരിയായി നിർമാതാക്കളായി അടുത്ത കാലത്തായി അവർ തെരഞ്ഞെടുക്കുന്ന സിനിമകൾ ട്രെന്‍ഡ് സെറ്ററുകളാണ്. പിന്നെ സെൽവമണി സെൽവരാജ് എന്ന സംവിധായകൻ. അയാൾ വെറുതെ ഒരു സ്റ്റാർ-ഡയറക്ടർ, അയ്യപ്പനും കോശിയും ക്ലാഷ് പറയാന്‍ ഇങ്ങനെ ഒരു ബിഗ് ബജറ്റ് പടം എടുക്കില്ല. സെല്‍വമണി എന്ന സംവിധായകന്റെ ക്രാഫ്റ്റും വിഷനും അറിയണമെങ്കില്‍ അയാളുടെ 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒന്നുമാത്രം കണ്ടാല്‍ മതി.
ബ്ലാക്ക് ആന്‍ഡ് വൈറ്റിലും കളറിലും വന്നുപോകുന്ന ഫ്രെയിമുകള്‍. കഥാപാത്രങ്ങളുടെയും ആസ്പെക്ട് റേഷ്യോയുടേയും മാറ്റം. ഒരു പൊലീസ് ഇന്‍വെസ്റ്റിഗേഷന്റെ മൂഡ്. ട്രെയ്‌ലറിന്റെ തുടക്കം മുതൽ അവസാനം വരെ കാണിയുടെ പിടിവിടാത്ത ഉദ്വേഗം. ഒന്നുറപ്പാണ് , Selvamani Selvaraj is cooking something!