കൊച്ചി: ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ഷൂട്ടിങ് പൂർത്തിയായി. നഹാസ് ഹിദായത് ആണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ഒരുക്കുന്നത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന മലയാളം ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് 'ഐ ആം ഗെയിം' ഒരുങ്ങുന്നത്. 2026 ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.
ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. അൻപറിവ് മാസ്റ്റേഴ്സ് ആണ് സംഘട്ടനം ഒരുക്കുന്നത്.
സ്റ്റൈലിഷ്, മാസ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ സൂചിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.