കൊച്ചി: ദുൽഖർ സൽമാൻ നായകനായെത്തിയ 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം. കഴിഞ്ഞ ദിവസം ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 10.5 കോടി രൂപയാണ്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. വലിയ പ്രേക്ഷക - നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തത് സെൽവമണി സെൽവരാജ് ആണ്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും മികച്ച തുടക്കം ലഭിച്ച ചിത്രം സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് സിനിമാ പ്രേമികൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും ഗംഭീര പ്രകടനവും, സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്ന മേക്കിങ്ങും, മനസിൽ തൊടുന്ന മനോഹരമായ കഥ പറച്ചിലും ഉള്ള ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണെന്നും പ്രേക്ഷക- നിരൂപക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ദുൽഖർ സൽമാനൊപ്പം, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരുടെ പ്രകടനങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് കയ്യടി ലഭിക്കുന്നുണ്ട്. ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ - ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ - ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ - തമിഴ് പ്രഭ, വിഎഫ്എക്സ് - ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് - ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ