സംവിധായകന്‍ യോഗോസ് ലാന്‍തിമോസും നടി എമ്മ സ്‌റ്റോണും പുതിയ ചിത്രമായ ബുഗോണിയയിലൂടെ വീണ്ടും ഒന്നിക്കുന്നു. ഫോക്കസ് ഫീച്ചേഴ്‌സ് പങ്കുവെച്ച ചിത്രത്തിന്റെ ട്രെയ്‌ലറും എമ്മ സ്റ്റോണിന്റെ ലുക്കും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ദി ഫേവറേറ്റ്, പുവര്‍ തിങ്‌സ്, കൈന്‍ഡസ് ഓഫ് കൈന്‍ഡ്‌നെസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യോഗോസ് ലാന്‍തിമോസും നടി എമ്മ സ്‌റ്റോണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സ്റ്റോണ്‍ അവതരിപ്പിക്കുന്ന മിഷേല്‍ ഫുള്ളര്‍ എന്ന കഥാപാത്രത്തില്‍ നിന്നാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ട്രെയ്‌ലര്‍ പുരോഗമിക്കുമ്പോള്‍ മിഷേലിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടി കൊണ്ടു പോവുകയാണ് ചെയ്യുന്നത്. അവര്‍ മിഷേല്‍ ഭൂമിയെ തകര്‍ക്കാന്‍ എത്തിയ ഏലിയന്‍ ആണെന്നാണ് വിശ്വസിക്കുന്നത്. ട്രെയ്‌ലറിലെ ചാപ്പല്‍ റോവന്റെ പ്രശസ്ത ഗാനം ഗുഡ് ലക്ക് ബേബും ഉപയോഗിച്ചിട്ടുണ്ട്.
'ബുഗോണിയയുടെ ഔദ്യോഗിക ട്രെയ്‌ലര്‍ കാണൂ. എമ്മ സ്‌റ്റോണും ജെസി പ്ലെമണ്‍സും അഭിനയിക്കുന്ന ഒരു യോഗോസ് ലാന്‍തിമോസ് ചിത്രം. ഒക്ടോബര്‍ 24ന് ചിത്രം തിയേറ്ററിലെത്തും', എന്നാണ് ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് ഫോക്കസ് ഫീച്ചേഴ്‌സ് കുറിച്ചത്.
സ്റ്റോണിനൊപ്പം ജെസി പ്ലെമണ്‍സ്, ഐഡന്‍ ഡെല്‍ബിസ്, അലീഷ്യ സില്‍വര്‍സ്റ്റോണ്‍, സ്റ്റാവ്രോസ് ഹാല്‍ക്കിയസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എമ്മ സ്റ്റോണ്‍, യോഗോസ് ലാന്‍തിമോസ് എന്നിവര്‍ ചിത്രത്തിന്റെ സഹ നിര്‍മാതാക്കളായും പ്രവര്‍ത്തിക്കുന്നുണ്ട്. എഡ് ഗിനി, ആന്‍ഡ്രൂ ലോവ്, അരി ആസ്റ്റര്‍, ലാര്‍സ് ക്‌നുഡ്‌സെന്‍, മിക്കീ ലീ, ജെറി ക്യൂങ്ബൗം കോ എന്നിവരും അവരോടൊപ്പം പ്രവര്‍ത്തിക്കുന്നു.
ആഗസ്റ്റ് 28ന് വെനീസ് ഫിലിം ഫസ്റ്റിവലില്‍ ബുഗോണിയ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ചലച്ചിത്ര മേളയില്‍ നിന്നും ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.