MOVIES

ഫഹദ് ഫാസിൽ ചിത്രം 'കരാട്ടെ ചന്ദ്രൻ'; ചിത്രീകരണം തുടങ്ങി

'മഹേഷിന്‍റെ പ്രതികാരം' മുതല്‍ ദിലീഷ് പോത്തന്‍റെ കോ-ഡയറക്ടർ ആയിരുന്ന റോയ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി റോയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കരാട്ടെ ചന്ദ്രൻ' എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോട്ടയത്ത് വെച്ച് നടന്നു. മലയാളത്തിലെ ശ്രദ്ധേയ നിർമ്മാണ കമ്പനിയായ ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'മഹേഷിന്‍റെ പ്രതികാരം' മുതല്‍ ദിലീഷ് പോത്തന്‍റെ കോ-ഡയറക്ടർ ആയിരുന്ന റോയ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', 'ചുരുളി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിജയരാഘവൻ, ജോണി ആന്‍റണി, സുധീഷ്, രൺജി പണിക്കർ, ഗോകുൽ സുരേഷ്, സുരേഷ് കൃഷ്ണ, സ്പടികം ജോർജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാളത്തിൽ വൻ വിജയങ്ങൾ സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്‍റെ പുതിയ പ്രോജക്റ്റായതിനാൽ തന്നെ വളരെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. 140 ദിവസമാണ് സിനിമയുടെ ഷൂട്ടിംഗ് ചാർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം.

ബാനർ: ഭാവനാ സ്റ്റുഡിയോസ്, നിർമ്മാണം: ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, സംവിധാനം: റോയ്, രചന: എസ്. ഹരീഷ്, വിനോയ് തോമസ്, ഛായാഗ്രഹണം: രാകേഷ് ഹരിദാസ്, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, കലാസംവിധാനം: വിവേക് കളത്തിൽ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, പി.ആർ.ഒ: ആതിര ദിൽജിത്ത്

SCROLL FOR NEXT