MOVIES

ബോളിവുഡില്‍ അരങ്ങേറാന്‍ ഫഹദ് ഫാസില്‍; ഇംതിയാസ് അലി ചിത്രത്തില്‍ നായകനെന്ന് റിപ്പോര്‍ട്ട്

ഒരു പ്രണയകഥയാകും ഫഹദിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്

Author : ന്യൂസ് ഡെസ്ക്


ഫഹദ് ഫാസില്‍ ബോളിവുഡ് സിനിമാലോകത്ത് ചുവടുവെക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രശസ്ത സംവിധായകന്‍ ഇംതിയാസ് അലി ഒരുക്കുന്ന പത്താമത് സിനിമയില്‍ ഫഹദ് നായകനാകുന്നുവെന്ന് പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫഹദും ഇംതിയാസ് അലിയും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണെന്നും സംവിധായകന്‍റെ മുന്‍ സിനിമകളെ പോലെ ഒരു പ്രണയകഥയാകും ഫഹദിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ട്. സിനിമയിലെ നായികയെ കണ്ടെത്താനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.

സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ 2025 ആദ്യ പാദത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.
രജനികാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ ആണ് ഫഹദന്‍റെ റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രം. അമല്‍ നീരദ്-കുഞ്ചാക്കോ ബോബന്‍ ടീം ആദ്യമായി ഒന്നിക്കുന്ന ബൊഗയ്ന്‍വില്ലയാണ് ഫഹദിന്‍റെ മറ്റൊരു പ്രൊജക്ട്. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2 ല്‍ വില്ലന്‍ വേഷത്തിലെത്തുന്ന ഫഹദിന്‍റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

ജീത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിലൂടെ രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികള്‍ക്കിടയില്‍ ഫഹദ് ഫാസിലും രംഗ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

SCROLL FOR NEXT