MOVIES

രണ്‍ജി പണിക്കരുടെ സംവിധാനം; നായകന്‍ ഫഹദ് ഫാസില്‍; പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ പ്രഖ്യാപനം

ഗുഡ്‌വില്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പിറന്നാള്‍ ദിനത്തില്‍ ഫഹദ് ഫാസില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ്. മലയാളത്തിലെ നിരവധി ഹിറ്റ് മാസ് കൊമേഷ്യല്‍ സിനിമകളുടെ രചയിതാവ് രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ഫഹദ് ഫാസില്‍ എത്തുന്നു. ഗുഡ്‌വില്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ അനൗണ്‍സ്‌മെന്‍റ് വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആക്ഷന് പ്രധാന്യമുള്ള സിനിമയാകും ഇതെന്നാണ് സൂചന. ചിത്രത്തിന്‍റെ ടൈറ്റില്‍ ഉടന്‍ പുറത്തുവിടും.

ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മിഷണറിന്‍റെ രണ്ടാം ഭാഗം ഭരത് ചന്ദ്രന്‍ ഐപിഎസ് സംവിധാനം ചെയ്തുകൊണ്ട് 2005 ലാണ് രണ്‍ജി പണിക്കര്‍ സംവിധായകനായി അരങ്ങേറിയത്. 2008 ല്‍ മമ്മൂട്ടിയെ നായകനാക്കി രൗദ്രം എന്ന ചിത്രവും സംവിധാനം ചെയ്തു. സമീപകാല മലയാള സിനിമയില്‍ നടന്‍ എന്ന നിലയിലും സജീവമാണ് അദ്ദേഹം

അല്ലു അര്‍ജുന്‍ ഒപ്പമുള്ള പുഷ്പ 2, രജനികാന്തിനൊപ്പമുള്ള വേട്ടയ്യന്‍ തുടങ്ങി വമ്പന്‍ സിനിമകളാണ് ഈ വര്‍ഷം ഫഹദിന്‍റെതായി റിലീസിനൊരുങ്ങുന്നത്.  തമിഴ് ചിത്രം മാരീസന്‍, ഭാവനാ സ്റ്റുഡിയോസ് നിര്‍മിക്കുന്ന കരാട്ടെ ചന്ദ്രന്‍, അമല്‍ നീരദ് ചിത്രം ബൊഗെയ്ന്‍ വില്ല, അല്‍ത്താഫ് സലീമിന്‍റെ  ഓടും കുതിര ചാടും കുതിര, എംടിയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി ചിത്രം  മനോരഥങ്ങള്‍ എന്നിവയാണ് ഫഹദിന്‍റെ പുറത്തുവരാനുള്ള മറ്റ് സിനിമകള്‍. 

SCROLL FOR NEXT