പിറന്നാള്‍ ദിനത്തില്‍ ഫഹദ് ഫാസിലിന് ആശംസകളുമായി വേട്ടയ്യന്‍ ടീം. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരങ്ങളായ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പമുള്ള ഫഹദിന്‍റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അണിയറക്കാര്‍ താരത്തിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത്.
'ഞങ്ങളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലിന് വേട്ടയ്യൻ ടീം ജന്മദിനാശംസകൾ നേരുന്നു. നിങ്ങളുടെ കലാവൈഭവവും അർപ്പണബോധവും കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ഈ വർഷം കൂടുതൽ അവിശ്വസനീയമായ റോളുകളും വിജയങ്ങളും ഉണ്ടാകട്ടെ'- എന്നാണ് നിർമ്മാതാക്കൾ ഫഹദിന് ആശംസ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
ജയ് ഭീം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനിക്കും അമിതാഭ് ബച്ചനുമൊപ്പം ഫഹദും പ്രധാന വേഷത്തിലെത്തുന്നു. മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, റിതിക സിങ്, റാണ ദഗുപതി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബ്ബാസ്കരനാണ് നിര്‍മിക്കുന്നത്. ചിത്രത്തിലെ ഫഹദിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പങ്കുവെച്ചിരുന്നു.