MOVIES

കലയുടെ അതിര്‍ വരമ്പുകള്‍ മായുമ്പോള്‍; എട്ടു വര്‍ഷത്തിനു ശേഷം പാക് താരം ഫവാദ് ഖാന്‍ ബോളിവുഡില്‍

2016 ല്‍ നടന്ന ഉറി ആക്രമണത്തെ തുടര്‍ന്ന് നീണ്ട ഏഴു വര്‍ഷകാലത്തോളം പാകിസ്ഥാന്‍ കലാകാരന്മാരെ ഇന്ത്യന്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (IMPPA) നിരോധിച്ചിരുന്നു

Author : നന്ദന രാജ് സുഭഗന്‍

പാകിസ്ഥാനി -അമേരിക്കന്‍ ഗായകന്‍ അലി അസീസ് സേത്തിയുടെ 'പസൂരി' എന്ന ഗാനം കോക്ക് സ്റ്റുഡിയോ റിലീസ് ചെയ്തപ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല ഒറ്റ രാത്രികൊണ്ട് ആ സംഗീതം ഇന്ത്യയില്‍ ഇത്രത്തോളമൊരു ഓളം സൃഷ്ടിക്കുമെന്ന്. ട്രോളുകളിലൂടെയും റീല്‍സുകളീലൂടെയും പാട്ടിനെ ഇന്ത്യക്കാര്‍ ഹൃദയത്തിലേറ്റി. ഒരു ഓവര്‍നൈറ് സെന്‍സേഷനായി പാട്ട് മാറി. ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ രാഷ്ട്രീയപരമായ സ്പര്‍ദ്ധകളെ മറന്നു കൊണ്ട് പ്രതിഭാധനരായ കലാകാരന്മാരെ അംഗീകരിക്കുന്നതില്‍ ഇരു രാഷ്ട്രങ്ങളും മടി കാണിക്കാറില്ല എന്നതാണ്. അത് കൊണ്ടാണ് അമിതാഭിനും, ഷാരുഖ് ഖാനും പാകിസ്ഥാനില്‍ നല്ലൊരു ആരാധകവൃന്ദം തന്നെ ഉള്ളത്. വാഹജ് അലി, ബിലാല്‍ ഖാന്‍ എന്നിവരുടെ പാകിസ്ഥാനി ടിവി പരമ്പരക്കള്‍ക്കും നല്ലൊരു ശതമാനം കാഴ്ചക്കാരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഈ സീരിയല്‍ നടന്മാര്‍ക്ക് വേണ്ടിയും ഇന്ത്യയില്‍ ഫാന്‍ പേജുകള്‍ ഉണ്ട്. എന്നാല്‍ 2016 ല്‍ നടന്ന ഉറി ആക്രമണത്തെ തുടര്‍ന്ന് നീണ്ട ഏഴു വര്‍ഷകാലത്തോളം പാകിസ്ഥാന്‍ കലാകാരന്മാരെ ഇന്ത്യന്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (IMPPA) നിരോധിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ചാനലായ സിന്ദഗി പാകിസ്ഥാനി ടി വി പരമ്പരകള്‍ സംപ്രേക്ഷണം ചെയ്യുന്നത് പിന്‍വലിച്ചു. രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തില്‍ എത്തിയത് എന്നായിരുന്നു IMPPAയുടെ വാദം. എന്നാല്‍ ബോളിവുഡില്‍ നിന്നും തന്നെ ഇത്തരത്തിലുള്ള തീരുമാനത്തിന്റെ ഔചിത്യത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള വാദങ്ങളും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ സിനിമയിലെ സ്വപ്നസുന്ദരിയായ മുംതാസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പാകിസ്ഥാനി കലാകാരന്മാര്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റും ഇട്ടിരുന്നു.

ഇന്ത്യന്‍ ആരാധകരുടെ രോഷം ആഞ്ഞടിച്ചപ്പോള്‍

തങ്ങളെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യ്തിരുന്ന കാണികള്‍ തന്നെ ശത്രുക്കളായി മാറുന്ന കാഴ്ചയാണ് പാകിസ്ഥാനി കലാകാരന്‍മാര്‍ 2016ല്‍ കണ്ടത്. ഇന്ത്യക്കാരുടെ വിരോധത്തിന് ഇരയായ പാകിസ്ഥാനി കലാകാരന്മാരില്‍ മുന്‍പന്തിയിലുള്ള നടനാണ് ഫവാദ് ഖാന്‍. അദ്ദേഹത്തിന്റെ ഹംസഫര്‍, സിന്ദഗി ഗുല്‍സാര്‍ ഹെ തുടങ്ങിയ പാകിസ്ഥാനി ടി വി പരമ്പരകള്‍ ഇന്ത്യയിലും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അത് കൊണ്ട് തന്നെ ഫവാദ് ഖാന്റെ ബോളിവുഡ് അരങ്ങേറ്റം എല്ലാവരും ഉറ്റു നോക്കിയ ഒന്നായിരുന്നു. ഖൂബ്സൂരത്, കപൂര്‍ ആന്‍ഡ് സണ്‍സ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് ഫവാദ് ബിഗ്‌സ്‌ക്രീനില്‍ എത്തിച്ചു. 2016 ല്‍ കരണ്‍ ജോഹറിന്റെ എ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയിലാണ് ഉറി ആക്രമണം നടക്കുന്നത്. തുടര്‍ന്ന് ഹിന്ദി സിനിമാമേഖലയില്‍ അഭിനയിക്കുന്നതില്‍ നിന്നും പാകിസ്ഥാനി കലാകാരന്മാരെ നിരോധിച്ചുകൊണ്ടുള്ള തീരുമാനം വരുന്നു. താന്‍ ഇനി വീണ്ടും ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുമോ എന്ന യുഎസ് ആസ്ഥാനമായ വെറൈറ്റി മാഗസിന്റെ ചോദ്യത്തിന് ഫവാദ് നല്‍കിയ ഉത്തരം ഇതായിരുന്നു -'അത് എന്നെ സംബന്ധിക്കുന്ന വിഷയമല്ല പകരം അവര്‍ (ഇന്ത്യക്കാര്‍) എന്റെയൊപ്പം പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുമോ എന്നത് ആശ്രയിച്ചിരിക്കും'.

റായിസിലെ ഷാരുഖ് ഖാന്റെ നായികയായിട്ടായിരുന്നു പാകിസ്ഥാനി അഭിനേത്രിയായ മഹിറാഖാന്റെ ബോളിവുഡിലേക്കുള്ള രംഗപ്രവേശം. കിംഗ് ഖാന്റെ ചിത്രത്തിലൂടെ സ്വപ്നതുല്യമായ അരങ്ങേറ്റം. പക്ഷെ ആ സന്തോഷം അധിക നാള്‍ നീണ്ടുനിന്നില്ല. തന്റെ പാകിസ്ഥാനി പൗരത്വം അവര്‍ക്കു ബോളിവുഡില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതില്‍ നിന്നും വിലക്കി. റായിസ് സിനിമയുടെ റിലീസിന് ശേഷം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും തുടര്‍ന്ന് വിഷാദാവസ്ഥയിലേക്ക് താന്‍ വഴുതിവീണതിനെക്കുറിച്ചും അവര്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പാകിസ്ഥാന്‍ കലാകാരന്മാരുടെ വിലക്ക് മൂലം തനിക്കു സിനിമയുടെ പ്രൊമോഷന് വേണ്ടി ഇന്ത്യയില്‍ പോകുവാന്‍ സാധിക്കാത്തതിനെ കുറിച്ചും അവര്‍ വ്യക്തമാക്കി. തുജേ ദേഖ് ദേഖ് സോനാ എന്ന അവിസ്മരണീയ പാട്ടിന്റെ നട്ടെല്ല് ഉസ്താദ് റാഹത് ഫത്തേ അലി ഖാന്‍ എന്ന പാകിസ്ഥാനി ഖവാലി ഗായകന്റെ ശബ്ദമായിരുന്നു. 2005 കാലഘട്ടത്തില്‍ മറ്റൊരു പാകിസ്ഥാനി ഗായകനായ ആതിഫ് അസ്ലമിന്റെ ഹിന്ദി ഗാനങ്ങള്‍ യുവതലമുറ ഏറ്റുപാടി. എന്നാല്‍ വിലക്കിനെ തുടര്‍ന്ന് പിന്നീട് ഹിന്ദി സിനിമകളില്‍ പാടുവാന്‍ സാധിക്കാത്തത് മൂലം സിനിമയ്ക്ക് വേണ്ടിയുള്ള ഗാനങ്ങള്‍ ദുബായില്‍ നിന്നും റെക്കോര്‍ഡ് ചെയ്ത് അയക്കുകയാണ് ചെയ്തിരുന്നത്. പിന്നീട് ബോംബെ ഹൈക്കോടതി 2023 ഒക്ടോബര്‍ 17നു ഫായിസ് അന്‍വര്‍ ഖുറേഷി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് പാകിസ്ഥാനി കലാകാരന്മാരുടെ മേലുണ്ടായിരുന്ന വിലക്ക് നീക്കി.

കപൂര്‍ മുതല്‍ ഖാന്‍ കുടുംബം വരെ


നമ്മുടെ ആരാധനാപാത്രങ്ങളായ ബിഗ് ബിയും ഷാരൂഖ് ഖാനുമൊക്കെ പാകിസ്ഥാനി വേരുകളുള്ളവരാണെന്നു തിരിച്ചറിയുമ്പോഴാണ് തങ്ങളുടെ അയല്‍ രാജ്യമായ പാകിസ്ഥാനി കലാകാരന്മാരോട് ഇന്ത്യന്‍ ആരാധകര്‍ കാണിക്കുന്ന വിവേചനം എത്രത്തോളം അര്‍ത്ഥമില്ലാത്തതാണെന്നു മനസിലാവുന്നത്. ഒരു പക്ഷെ നമ്മുടെ അഭിമാനത്തിന് ക്ഷതമേല്പിക്കുന്ന അറിവായിരിക്കുമിത്. ബോളിവുഡ് സാമ്രാജ്യം അടക്കിഭരിക്കുന്ന കപൂര്‍ കുടുംബത്തിന്റെ വേരുകള്‍ അന്വേഷിച്ചാല്‍ നമ്മള്‍ എത്തി ചേരുന്നത് പാകിസ്ഥാനിലെ ലയല്‍പ്പൂരിലാണ് (ഇന്നത്തെ ഫൈസലാബാദ്). രണ്‍ബീര്‍ കപൂറിന്റെ മുത്തച്ഛന്‍ പൃഥ്വിരാജ് കപൂര്‍ ജനിച്ചത് പെഷവാറിലെ ഒരു പഞ്ചാബി ഹിന്ദു ഖത്രി കുടുംബത്തിലാണ്. ബോളിവുഡിന്റെ സ്വന്തം ബാദ്ഷാ ഷാരൂഖ് ഖാന്റെ പിതാവ് മിര്‍താജ് മുഹമ്മദ് ഖാന്‍ പാകിസ്ഥാനിലെ പെഷവാറില്‍ നിന്നുമുള്ള സ്വാതന്ത്ര സമരസേനാനിയായിരുന്നു. അബ്ദുല്‍ ഗഫാര്‍ ഖാന്റെ കടുത്ത അനുയായിയായിരുന്നു മുഹമ്മദ് ഖാന്‍. എന്നാല്‍ ഖാനിന്റെ മാതൃപിതാവ് ജാന്‍ മുഹമ്മദ് നമ്മുടെ മറ്റൊരു അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാന്‍ സ്വദേശിയാണ്. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്ടിങ് കൊണ്ടുവന്ന ദിലീപ് കുമാറിന്റെ ജന്മദേശം പാകിസ്ഥാനിലെ പെഷവാറിലാണ്. ഹിന്ദ്കോ ഭാഷ സംസാരിക്കുന്ന അവാന്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യന്‍ സിനിമയുടെ ഷേര്‍ഷാ എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്റെ അമ്മയുടെ ജന്മനാട് ഇന്നത്തെ പാകിസ്ഥാനിലെ ഫൈസലാബാദിലാണ്.

ഗുരു, ദില്‍ സെ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് വേണ്ടി ആര്‍ദ്രപൂര്‍ണമായ വരികള്‍ എഴുതിയ, ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ സമ്പൂരന്‍ സിംഗ് കല്‍റ എന്ന ഗുല്‍സാറിന്റെ ജനനവും സംഭവിച്ചത് പാകിസ്ഥാനിലെ ഝലം ജില്ലയിലെ ദിനയിലാണ്. മറ്റൊരു ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ തലമുറകളുടെ വേരുകള്‍ പടര്‍ന്നു കിടക്കുന്നത് ഝലം ജില്ലയിലെ ഖുര്‍ദ് എന്ന ഗ്രാമത്തിലാണ്. ഇന്ത്യന്‍ സിനിമയുടെ 'മിസ്റ്ററി ഗേള്‍' എന്നറിയപ്പെടുന്ന സാധന ശിവദാസനി ജനിച്ചത് പാകിസ്ഥാനിലെ കറാച്ചിയിലാണ്. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തെ തുടര്‍ന്ന് സാധനയുടെ കുടുംബം ബോംബെയിലേക്ക് സ്ഥിരതാമസമാക്കുകയായിരുന്നു.

എട്ടു വര്‍ഷത്തിന് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുമ്പോള്‍

ഇപ്പോള്‍ ഹിന്ദി സിനിമയിലെ ഏറ്റവും പുതിയ വാര്‍ത്ത ബോളിവുഡിലേക്കുള്ള ഫവാദ് ഖാനിന്റെ തിരിച്ചുവരവാണ്. സംവിധായിക ആരതി.എസ്.ബാഗ്ദിയുടെ അബീര്‍ ഗുലാല്‍ എന്ന ചിത്രത്തിലൂടെയാണ് എട്ടു വര്‍ഷത്തിന് ശേഷമുള്ള ഫവാദ് ഖാനിന്റെ ബോളിവുഡിലേക്കുള്ള രണ്ടാം വരവ്. വാണി കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായിക ആരതി.എസ്.ബാഗ്ദി തന്നെയാണ് പങ്കുവെച്ചത്. ഒരു റോം-കോം ചിത്രമായിരിക്കുമിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചു വരുന്ന നടനെ ഇന്ത്യന്‍ ആരാധകര്‍ സ്വീകരിക്കുമോ എന്ന് കണ്ടറിയാം.


SCROLL FOR NEXT