ബി ഉണ്ണികൃഷ്ണന്‍ Source : Facebook
MOVIES

"ജാനകി അമ്മ പാട്ട് നിര്‍ത്തി പോയത് നന്നായി, ഇല്ലെങ്കില്‍ നേത്ത് രാത്തിരി യെമ്മ പാടാന്‍ കഴിയുമോ?" സെന്‍സര്‍ ബോര്‍ഡിനെതിരെ ബി ഉണ്ണികൃഷ്ണന്‍

JSK സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ സിനിമാ സംഘടനകള്‍ സംഘടിപ്പിച്ച സമരത്തില്‍ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍.

Author : ന്യൂസ് ഡെസ്ക്

'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. "ജാനകി അമ്മ പാട്ട് നിര്‍ത്തിപോയത് നന്നായി. ഇല്ലെങ്കില്‍ നേത്ത് രാത്തിരി യെമ്മ, പൊന്മേനി ഉരുഗുത് എന്നൊക്കെ പാടാന്‍ കഴിയുമോ?", എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചിരിക്കുന്നത്. വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ സിനിമാ സംഘടനകള്‍ സംഘടിപ്പിച്ച സമരത്തില്‍ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍.

ഈ സമരം ഇന്ത്യയാകെ കത്തിപ്പടരുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്ക എന്ന സംഘടനയ്ക്ക് കക്ഷി രാഷ്ട്രീയമില്ലെന്നും നീതിബോധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിന്റെ ഗൈഡ്‌ലൈന്‍ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ' ഗൈഡ്‌ലൈന്‍ പ്രകാരം അശ്ലീലമാണോ പ്രകോപനപരമാണോ ജാനകിയെന്ന പേര്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ വെറുതെ കത്തിവെയ്ക്കരുതെന്ന് ഗൈഡ്‌ലൈന്‍ ഉണ്ട്. എന്നാല്‍ എന്താണ് ഇവിടെ നടക്കുന്നത്? സെന്‍സര്‍ ബോര്‍ഡ് എന്നത് തെറ്റാണ്. സിബിഎഫ്‌സി എന്നാണ് പറയേണ്ടത്. പക്ഷെ ഇത് സെന്‍സര്‍ബോര്‍ഡ് തന്നെയാണ്. കട്ട് ചെയ്യലാണ് പ്രധാനമായും ഇവരുടെ പണി. ശരിക്കും ഇവിടെ സെന്‍സര്‍ ബോര്‍ഡ് ഗൈഡ്‌ലൈന്‍ ലംഘനമാണ് നടക്കുന്നത്'; എന്നാണ് ബി ഉണ്ണികൃഷണന്‍ പറഞ്ഞത്.

അതേസമയം ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനെതിരെ തിരുവനന്തപുരത്ത് സിനിമാസംഘടനകളുടെ പ്രതിഷേധം നടക്കുകയാണ്. സിനിമാപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ഫെഫ്ക, താരസംഘടനയായ അ.ങ.ങ.അ, നിര്‍മാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലെക്സിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നിലാണ് സമരം.

SCROLL FOR NEXT