Source: Social Media
MOVIES

പേട്രിയറ്റിൻ്റെ വിലക്ക് നീക്കി ഫിയോക്; ചിത്രം പരമാവധി തിയറ്ററുകളിൽ പ്രദർശിപ്പിക്കും

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രത്തിൻ്റെ റിലീസ് പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് നീട്ടിയത്

Author : ന്യൂസ് ഡെസ്ക്

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. തിയറ്ററിൽ നിന്നുള്ള സിനിമയുടെ കളക്ഷൻ്റെ നിർമാണ-വിതരണ വിഹിതം കൂട്ടി ചോദിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.ചിത്രത്തിന് 50 ശതമാനം തിയറ്റർ വിഹിതം ഉറപ്പാക്കാൻ തീരുമാനമായതോടെയാണ് വിലക്ക് നീക്കിയത്.

മേയ് 1ന് റിലീസ് ചെയ്യുന്ന ചിത്രം പരമാവധി തിയറ്ററുകളിൽ പ്രദർശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിർമാതാവ് ആൻ്റോ ജോസഫ്, നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ എന്നിവരുമായി ഫിയോക് നടത്തിയ ചർച്ചയെ തുടർന്നാണ് സമവായം.

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രത്തിൻ്റെ റിലീസ് പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് നീട്ടിയത്. വർഷങ്ങൾക്ക് ശേഷം മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം ഹൈ വോൾട്ടേജ് സ്പൈ ത്രില്ലറാണെന്നാണ് സൂചന.

ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.

SCROLL FOR NEXT