ബോളിവുഡ് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ഏരിയല്‍ ആക്ഷന്‍ എന്റര്‍ട്ടെയിനര്‍ ഫൈറ്ററിന് ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. അതിന് കാരണമായ സിദ്ധാര്‍ത്ഥ് പറഞ്ഞത്, 90 ശതമാനം ഇന്ത്യക്കാരും എയര്‍പോര്‍ട്ട് കാണുകയോ പ്ലെയിനില്‍ യാത്ര ചെയ്യുകയോ ചെയ്തിട്ടില്ല എന്നായിരുന്നു. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ്് ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ മുന്‍ പരാമര്‍ശത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. താന്‍ പറഞ്ഞ സന്ദര്‍ഭം വേറെയായിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ പറയുന്നത്.
ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് വിവാദമായ പരാമര്‍ശം നടത്തിയത്. 'ഫൈറ്റര്‍ ഒരു സംവിധായകനെ സംബന്ധിച്ച് വലിയ കുതിച്ചുചാട്ടമാണ്. ആരും പരീക്ഷിക്കാത്ത സ്ഥലവും സന്ദര്‍ഭവുമായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ക്ക് അതുമായി റിലേറ്റ് ചെയ്യാന്‍ ഒരു റെഫറന്‍സ് പോയന്റ് ഇല്ലായിരുന്നു. അവരെ സംബന്ധിച്ച് ഈ പ്ലെയിനുകള്‍ എന്താണ് ചെയ്യുന്നത് എന്നാണ് തോന്നിയിട്ടുണ്ടാവുക. നമ്മുടെ രാജ്യത്തെ വലിയൊരു ശതമാനം ആളുകള്‍, ഞാന്‍ പറയും 90 ശതമാനം ആളുകള്‍ വിമാനത്തില്‍ യാത്ര ചെയ്യാത്തവരാണ്. എയര്‍പോര്‍ട്ടില്‍ പോലും പോകാത്തവരാണ്. അതിനാല്‍ അവര്‍ക്ക് സിനിമയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എങ്ങനെ മനസിലാകും? അതാണ് എന്റെ നിരീക്ഷണം. അവര്‍ക്ക് കുറച്ച് ഏലിയനായി സിനിമയെ തോന്നി. ഒരു എയര്‍ ആക്ഷന്‍ സിനിമയില്‍ നിന്ന് എന്ത് തരത്തിലുള്ള ആനന്ദമാണ് ഉള്‍ക്കൊള്ളേണ്ടതെന്ന് അവര്‍ക്ക് മനസിലായില്ല. അപ്പോള്‍ തന്നെ ആദ്യത്തെ ഡിസ്‌കണക്ട് വന്നു', എന്നായിരുന്നു സിദ്ധാര്‍ത്ഥ് ആദ്യം പറഞ്ഞത്.
പുതിയ അഭിമുഖത്തില്‍ ബോക്‌സ് ഓഫീസില്‍ സിനിമ വിജയിക്കാതിരിക്കാന്‍ കാരണം 90 ശതമാനം ആളുകള്‍ വിമാനത്തില്‍ കയറാത്തതാണ് എന്നല്ല താന്‍ ഉദ്ദേശിച്ചതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. 'ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചത് അതല്ല. പക്ഷെ ഒരുപാട് ആളുകള്‍ അതിനെ മറ്റ് രീതിയില്‍ എടുത്ത് മീം ആക്കി. അങ്ങനെയൊരു സിനിമ കാണുമ്പോള്‍ ഉള്ള ആനന്ദം എന്താണെന്ന് എനിക്ക് അറിയില്ല. തോക്കും കാറും പരസ്പരം ഇടിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം എനിക്കറിയാം. ഈ സിനിമയില്‍ എനിക്കൊരു ആക്ഷന്‍ സിനിമയില്‍ നിന്ന് ലഭിക്കുന്ന ആനന്ദം നിങ്ങള്‍ക്ക് കിട്ടണമെന്നില്ല. ഇതൊരു ആക്ഷന്‍ സിനിമയാണോ, ഡ്രാമയാണോ എന്നതില്‍ നിങ്ങള്‍ക്ക് സംശയമുണ്ടാവാം. ആ പറഞ്ഞ കാര്യമാണ് നിങ്ങള്‍ക്ക് മനസിലാകാതിരുന്നത്. ഞാന്‍ കണക്കുകളെ കുറിച്ചല്ല സംസാരിക്കാന്‍ ശ്രമിച്ചത്. തിയേറ്ററില്‍ എത്തുന്നത് വരെ അവര്‍ക്ക് എന്താണ് ആ സിനിമയുടെ ആനന്ദം എന്ന് മനസിലാകില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്', സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ഫൈറ്റര്‍. ഋത്വിക് റോഷന്‍, ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്രോയ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജനുവരി 25നാണ് ചിത്രം തിയേറ്ററിലെത്തിയത്. കോ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ സിദ്ധാര്‍ത്ഥിന്റെ അടുത്ത ചിത്രം ഷാരൂഖ് ഖാന്‍ നായകനാകുന്ന കിംഗ് ആണ്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ട്ടെയിന്‍മെന്റും കിംഗിന്റെ നിര്‍മാണ പങ്കാളിയാണ്.
.