ജാനകി vs സ്റ്റേറ്റ് ഓഫ് കേരള Source : YouTube Screen Grab
MOVIES

JSK സിനിമാ വിവാദം; സെന്‍സർ ബോർഡിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സിനിമാ സംഘടനകള്‍

A.M.M.A, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം ശനിയാഴ്ച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് സമര്‍പ്പിക്കും

Author : ന്യൂസ് ഡെസ്ക്

'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സിനിമാ സംഘടനകള്‍. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണെന്നാണ് സംഘടനകള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടണമെന്നാണ് ഇവരുടെ ആവശ്യം. A.M.M.A, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം ശനിയാഴ്ച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് സമര്‍പ്പിക്കും.

അതേസമയം ഹൈക്കോടതി കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചിരുന്നു. സിനിമ കാണണം എന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി പരിഗണിച്ചിട്ടുണ്ട്. ശനിയാഴ്ച്ച പത്ത് മണിക്ക് പാലാരിവട്ടം ലാല്‍ മീഡിയയില്‍ വെച്ചാണ് സിനിമ കാണുക. കോടതി സിനിമ കാണുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന തീരുമാനമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ ജാനകി പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചത്. മതവിഭാഗവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി.

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ ആണ്. കോസ്മോസ് എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് 'ജെഎസ്‌കെ' നിര്‍മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം 19 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

SCROLL FOR NEXT