MOVIES

A.M.M.Aയെ നാഥനില്ലാ കളരിയെന്ന് വിളിച്ചിട്ടില്ല; താരസംഘടനയ്ക്ക് കത്ത് നല്‍കി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് A.M.M.A നല്‍കിയ കത്തിനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മറുപടി കത്ത്.

Author : ന്യൂസ് ഡെസ്ക്

താര സംഘടനയായ 'A.M.M.A നാഥനില്ലാ കളരി' എന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. A.M.M.Aയ്ക്ക് കത്ത് നല്‍കിയ കത്തിലാണ് നിര്‍മാതാക്കളുടെ സംഘടനയുടെ പരാമര്‍ശം. ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംഎ നല്‍കിയ കത്തിനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മറുപടി കത്ത്.

തെറ്റുകള്‍ തിരുത്തി തിരിച്ചുവരവിന്റെ പാതയിലുള്ള A.M.M.Aയെ നാഥനില്ലാ കളരി എന്ന് വിശേഷിപ്പിച്ചത് തെറ്റായി പോയെന്നും ഇക്കാര്യത്തില്‍ നിര്‍മാതാക്കള്‍ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കത്ത് അയച്ചത്. നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു താരസംഘടനയെ നാഥനില്ലാ കളരി എന്ന് വിശേഷിപ്പിച്ചത്.


അതേസമയം, നിര്‍മാതാക്കള്‍ പ്രഖ്യാപിച്ച സിനിമ സമരത്തിന് A.M.M.A പിന്തുണയ്ക്കില്ലെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. താരങ്ങളുടെ വേതനം താരങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. നിര്‍മാതാക്കള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ നിര്‍മാതാക്കള്‍ക്ക് താരങ്ങളുമായി സമവായ ചര്‍ച്ച നടത്താമെന്നും അതില്‍ താരങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെങ്കില്‍ മാത്രം വേതനം കുറയ്ക്കാം എന്നും തീരുമാനിച്ചു.

നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ മേഖല ജൂണ്‍ ഒന്ന് മുതല്‍ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത തീരുമാനമാണിതെന്ന് സുരേഷ് കുമാര്‍ പറഞ്ഞെങ്കിലും സമര പ്രഖ്യാപനത്തെ വിമര്‍ശിച്ച് നിര്‍മാതാക്കളും അഭിനേതാക്കളും അടക്കം നിരവധി പേര്‍ രംഗത്തെത്തി.



ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗവുമായ ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം. സുരേഷ് കുമാറിനെ വിമര്‍ശിച്ച ആന്റണി പെരുമ്പാവൂരിനെതിരെ നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. ആന്റണിയെ ക്ഷണിച്ചിട്ടും അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല.



സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. സംഘടന ജി. സുരേഷ് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത് സംഘടനാ ഭരണ സമിതിയുടെ തീരുമാനപ്രകാരമാണെന്നും അറിയിച്ചു.



ഷൂട്ടിങ്ങും സിനിമ പ്രദര്‍ശനവും ഉള്‍പ്പെടെ സ്തംഭിപ്പിച്ചുള്ള സമരമാണ് നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ചത്. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് നിര്‍മാതാക്കളുടെ ആവശ്യങ്ങള്‍.

SCROLL FOR NEXT