ദ ബക്കിംഗ്ഹാം മർഡേഴ്‌സിൽ കരീന കപൂർ ഖാനെ ഒരു താരത്തിനപ്പുറം അഭിനേതാവായി അവതരിപ്പിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകൻ ഹൻസാൽ മേത്ത. യുകെ പശ്ചാത്തലമായി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഒരു കൊലപാതക പരമ്പരയാണ്. ജാസ്മീത് ഭംമ്ര എന്ന കഥാപാത്രത്തെയാണ് കരീന കപൂർ അവതരിപ്പിക്കുന്നത്. കാണാതായ കുട്ടിയുടെ അന്വേഷണ ചുമതലയുള്ള, സ്വന്തം കുട്ടിയുടെ മരണത്തിൽ ദുഃഖിക്കുന്ന ഒരു പൊലീസുകാരിയാണ് ജസ്മീത് ഭംമ്ര.
ചിത്രത്തിൽ തൻ്റെ കഥാപാത്രത്തിൻ്റെ ആവശ്യങ്ങൾ മനസിലാക്കി അതിനനുസരിച്ച് താരം അത് പൂർണതയോടെ അഭിനയിച്ചുവെന്നും സംവിധായകൻ ഹൻസാൽ മേത്ത പറഞ്ഞു. താൻ അഭിനേതാക്കളോട് കഥാപാത്രങ്ങളെ കുറിച്ച് ചുരുക്കി പറയാറില്ല. പക്ഷേ സ്ക്രിപ്റ്റ് പലതവണ ഒരുമിച്ച് വായിക്കും. പിന്നീട്, ഞങ്ങൾക്കുണ്ടായ തോന്നലിൽ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ പുറത്തേക്ക് നോക്കാതെ ഉള്ളിലേക്ക് നോക്കണം. തന്റെ വിഷമം പൂർണമായും ഉള്ളിലേക്ക് ഒതുക്കി വെച്ച വ്യക്തിയാണ് ചിത്രത്തിലെ കഥാപാത്രം.
അതേസമയം, സംവിധായകന്റെ ജീവിതത്തിൽ ഉണ്ടായ വ്യക്തിപരമായ അനുഭവങ്ങളും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പിതാവിന്റെയും ഭാര്യാപിതാവിന്റെയും വിയോഗം. ആ "നഷ്ടബോധം" സിനിമയിലും കാണാൻ സാധിക്കും.
സമൂഹത്തിൽ നടക്കുന്ന ചില പ്രശ്നങ്ങളെയാണ് ദി ബക്കിങ്ഹാം മർഡർസ് എന്ന ചിത്രത്തിൽ വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. നമ്മളിൽ സ്ഥിരം കാണുന്ന ലണ്ടൻ അല്ല ചിത്രത്തിലുള്ളത്. ഓരോ ദിവസവും അതിജീവനത്തിനായി പോരാടുന്ന മനുഷ്യരെയാണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുക.
കരീന ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ് ബക്കിങ്ഹാം മർഡർസ്. ഏക്താ കപൂറും ശോഭ കപൂറുമാണ് മറ്റു നിർമാതാക്കൾ. ആഷ് ടണ്ഠൻ , രൺവീർ ബ്രാർ, കെയ്ത്ത് അലൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.