MOVIES

ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്ന് എഫ്ഐആർ; മാനേജറെ മർദിച്ചത് 'നരിവേട്ട'യെ പ്രശംസിച്ചതിന്

ഉണ്ണി മുകുന്ദന്‍ തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിൽ വിളിച്ച് വരുത്തി മർദിച്ചുവെന്നാണ് വിപിൻ കുമാർ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

പ്രൊഫഷണൽ മാനേജറെ മർദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്ന് എഫ്ഐആർ. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് നടനെതിരെ കേസെടുത്തത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിനായിരുന്നു മർദനം എന്നാണ് നടന്റെ മാനേജറുടെ മൊഴി.

പ്രൊഫഷണൽ മാനേജർ വിപിൻ കുമാറിന്‍റേതാണ് പരാതി. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് പരാതി ലഭിച്ചത്. മാനേജരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്)  115(2), 126(2), 296(b), 351(2), 324(4), 324(5) വകുപ്പുകൾ പ്രകാരമാണ് ഉണ്ണി മുകുന്ദനെതിരെ കേസ് ചുമത്തിയിരിക്കുന്നത്.



മറ്റൊരു സിനിമക്ക് നല്ല റിവ്യൂ ഇട്ടതിനാണ് മർദനം എന്നാണ് മാനേജരുടെ മൊഴി. ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന ചിത്രം വിജയമായിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ ഗെറ്റ് സെറ്റ് ബേബി പരാജയം ആയി. ഇതിന്റെ മനോവിഷമത്തിൽ ഇരിക്കെയാണ് മാനേജർ മറ്റൊരു സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ ഇട്ടത്. ഇതാണ് ഉണ്ണിമുകുന്ദനെ പ്രകോപിപ്പിച്ചത് എന്നും അസഭ്യം പറഞ്ഞ് മർദിക്കാൻ കാരണം എന്നും മൊഴിയിൽ പറയുന്നു.

ഉണ്ണി മുകുന്ദന്‍ തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിൽ വിളിച്ച് വരുത്തി മർദിച്ചുവെന്നാണ് വിപിൻ കുമാർ പറയുന്നത്. കണ്ണാടി ചവിട്ടിപ്പൊട്ടിച്ചു.  ഉണ്ണിക്ക് തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ ആണ്. അത് പലരോടും തീർക്കുന്നു. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്നും വിപിൻ കുമാർ കൂട്ടിച്ചേർത്തു.


സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിൽ ഇന്ന് ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്തേക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മുൻപ് ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്തിരുന്നു. കേസ് ഒത്തുതീർപ്പായതിനെ തുടർന്ന് 2023ൽ ഹൈക്കോടതി എഫ്ഐആർ റദ്ദാക്കുകയായിരുന്നു.

SCROLL FOR NEXT