MOVIES

'ആ സിനിമയ്ക്ക് വേണ്ടി ഞാൻ സ്വയം പീഡിപ്പിച്ചു'; മിഡ്‌സോമ്മറിനെ കുറിച്ച് ഫ്ലോറൻസ് പ്യൂ

അമേരിക്കൻ സൂപ്പർ ഹീറോ സിനിമയായ തണ്ടർബോൾട്ടിലാണ് അടുത്തതായി ഫ്ലോറൻസ് അഭിനയിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ബ്രിട്ടിഷ് നടി ഫ്ലോറൻസ് പ്യൂവിന്റെ മിഡ്‌സോമ്മർ എന്ന ഹൊറർ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. അടുത്തിടെ 'ദി റെയിൻ വിത്ത് ജോഷ് സ്മിത്ത്' എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ മിഡ്‌സോമ്മറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ഫ്ലോറൻസ്തുറന്ന് സംസാരിച്ചു. ചിത്രീകരണത്തിനിടെ കടന്ന് പോയ വൈകാരിക നിമിഷങ്ങളെ കുറിച്ചുള്ള അനുഭവം അവർ പങ്കുവെച്ചു. ആ കഥാപാത്രത്തിന് വേണ്ടി താൻ സ്വയം പീഡിപ്പിച്ചുവെന്നാണ് ഫ്ലോറൻസ് പറഞ്ഞത്.

എങ്ങനെയാണ് താങ്കളുടെ മാനസികാരോഗ്യത്തെ സ്വയം നോക്കുന്നത് എന്ന ചോദ്യത്തിന് 'സ്വയം സംരക്ഷിക്കുക' എന്നാണ് ഫ്ലോറൻസ് ഉത്തരം പറഞ്ഞത്. വർഷങ്ങളെടുത്ത് താൻ പഠിച്ചെടുത്തതാണെന്നും താരം വ്യക്തമാക്കി. 'ഞാൻ എനിക്ക് പറ്റുന്നതിന് അപ്പുറം നൽകിയ ചില കഥാപാത്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അതിന് ശേഷം ഇല്ലാതായിട്ടുമുണ്ട്. മിഡ്‌സോമ്മർ ചെയ്തപ്പോൾ ഞാൻ സ്വയം പീഡിപ്പിക്കുകയായിരുന്നു', ഫ്ലോറൻസ് പറഞ്ഞു.

എന്നാൽ ആ കഥാപാത്രം ചെയ്തതിൽ തനിക്ക് ഖേദമൊന്നും ഇല്ലെന്നും ഫ്ലോറൻസ് അഭിപ്രായപ്പെട്ടു. 'ഈ കാര്യങ്ങൾ തിരിച്ചറിയാൻ നമ്മൾ അതിലൂടെ സഞ്ചരിച്ചേ പറ്റു. എന്നാൽ ഇനി എനിക്കത് ചെയ്യാനാവില്ല. കാരണം അത് എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. പക്ഷെ എന്റെ സിനിമയിലെ അഭിനയം കാണുമ്പോൾ എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നുണ്ട്. എന്റെ ഉള്ളിൽ നിന്ന് വന്ന പ്രകടനത്തെ കുറിച്ച് ആലോചിച്ച് എനിക്ക് അഭിമാനമുണ്ട്. ഞാൻ അതിൽ ഖേദിക്കുന്നില്ല. നമ്മളിലെ ചില കാര്യങ്ങൾ സ്വയം ബഹുമാനിക്കേണ്ടിയിരിക്കുന്നു', എന്നും ഫ്ലോറൻസ് കൂട്ടിച്ചേർത്തു.

2019ലാണ് ഫോക്ക് ഹൊറർ സിനിമയായ മിഡ്‌സോമ്മർ റിലീസ് ചെയ്യുന്നത്. ആരി ആസ്റ്ററാണ് ചിത്രത്തിന്റെ സംവിധായകൻ. ഫ്ലോറൻസ് പ്യൂ, ജാക് റെയ്‌നോർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. 'വീ ലിവ്വ് ഇൻ എ ടൈം' എന്ന ചിത്രത്തിലാണ് ഫ്ലോറൻസ് അവസാനമായി അഭിനയിച്ചത്. ആൻഡ്ര്യൂ ഗാർഫീൽഡ് ആയിരുന്നു ചിത്രത്തിലെ നായകൻ. റൊമാന്റിക് കോമഡിയായ ചിത്രം ആഗോള തലത്തിൽ 32 മില്യൺ ഡോളറാണ് നേടിയത്. അമേരിക്കൻ സൂപ്പർ ഹീറോ സിനിമയായ തണ്ടർബോൾട്ടിലാണ് അടുത്തതായി ഫ്ലോറൻസ് അഭിനയിക്കുന്നത്.

SCROLL FOR NEXT