കുറച്ച് വര്‍ഷങ്ങളായി ബോളിവുഡ് സിനിമാ മേഖലയില്‍ ബോക്‌സ് ഓഫീസ് പരാജയങ്ങളുടെ ഒരു തുടര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്ക് അപ്രതീക്ഷിത ഹിറ്റുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും തിയേറ്ററിലെത്തുന്ന കൂടുതല്‍ സിനിമകളും പരാജയമായി കൊണ്ടിരിക്കുകയാണ്. വലിയ താരനിരയും വമ്പന്‍ ബജറ്റുമുള്ള സിനിമകളാണ് തിയേറ്ററില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ പരാജയം നേരിട്ടുകൊണ്ടിരിക്കുന്നത്.
2025ല്‍ ഇതുവരെ ഛാവ, സയ്യാര എന്നീ രണ്ട് സിനിമകളാണ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ബോളിവുഡ് സിനിമകള്‍. ഫെബ്രുവരിയിലാണ് വിക്കി കൗശല്‍ നായകനായ ഛാവ തിയേറ്ററിലെത്തിയത്. അതിന് ശേഷം സല്‍മാന്‍ ഖാന്റെ സിക്കന്ദര്‍ മുതല്‍ അക്ഷയ് കുമാറിന്റെ കേസരി ചാപ്റ്റര്‍ 2 വരെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. എന്നാല്‍ ഒന്നിനും ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടാനായില്ല. ഒടുവില്‍ ജൂലൈയിലാണ് രണ്ട് പുതുമുഖങ്ങള്‍ അഭിനയിച്ച മോഹിത് സൂരിയുടെ പ്രണയ ചിത്രം സയ്യാര തിയേറ്ററിലെത്തിയത്. അപ്രതീക്ഷിതമായിരുന്നെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി. യഷ് രാജ് ഫിലിംസ് നിര്‍മിച്ച സയ്യാര 563.11 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.
ജൂലൈ 18ന് തിയേറ്ററിലെത്തിയ സയ്യാരയുടെ ഓളം ഓഗസ്റ്റിന്റെ തുടക്കത്തിലും തിയേറ്ററില്‍ നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ട് തന്നെയായിരിക്കാം മികച്ച പ്രതികരണം ലഭിച്ചിട്ടും ഓഗസ്റ്റ് ഒന്നിന് തിയേറ്ററിലെത്തിയ ധടക് 2വും സണ്‍ ഓഫ് സര്‍ദാര്‍ 2വും ബോക്‌സ് ഓഫീസില്‍ പരാജയമായത്. മാരി സെല്‍വരാജിന്റെ നിരൂപക പ്രശംസ നേടിയ പരിയേറും പെരുമാളിന്റെ ഹിന്ദി റീമേക്കായിരുന്നു ധടക് 2. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മിച്ച ചിത്രം അതിന്റെ പ്രമേയം കാരണം നിരവധി പ്രതിസന്ധികളിലൂടെ റിലീസിന് മുന്‍പ് കടന്ന് പോയിരുന്നു. സിദ്ധാന്ദ് ചതുര്‍വേദി, തൃപ്തി ദിമ്രി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്രണയ കഥയ്ക്ക് അപ്പുറം ജാതി വ്യവസ്ഥയെ കുറിച്ച് സംസാരിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ അത് ബോക്‌സ് ഓഫീസ് നമ്പറിലേക്ക് മാറ്റാന്‍ ചിത്രത്തിന് ആയില്ല.
ഓഗസ്റ്റ് ഒന്നിന് തന്നെ തിയേറ്ററിലെത്തിയ അജയ് ദേവ്ഗണ്‍ ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ധടക് 2നേക്കാളും ആദ്യ ദിന കളക്ഷന്‍ നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അഹാന്‍ പാണ്ഡെയുടെ സയ്യാരയുടെ ഓളത്തെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ചിത്രമായി മാറാന്‍ സണ്‍ ഓഫ് സര്‍ദാര്‍ 2ന് സാധിച്ചില്ല. അതുകൊണ്ട് തന്നെ ബോക്‌സ് ഓഫീസ് കളക്ഷനെടുക്കുമ്പോള്‍, 100 കോടി പോലും നേടാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല. 150 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ധടക് 2 വെറും 28.36 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. അതോടെ ഓഗസ്റ്റ് മാസം ബോളിവുഡ് തുടങ്ങിയത് തന്നെ രണ്ട് ഫ്ലോപ്പുകളിലായിരുന്നു.
ഓഗസ്റ്റ് തുടക്കം തന്നെ പാളിയ ബോളിവുഡിന് പിന്നീട് യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സ് ചിത്രമായ വാര്‍ 2 ആയിരുന്നു ഏക പ്രതീക്ഷ. ജൂനിയര്‍ എന്‍ടിആര്‍, ഋത്വിക് റോഷന്‍ എന്നീ താരങ്ങള്‍ അണിനിരന്ന വാര്‍ 2 ഓഗസ്റ്റ് 14നാണ് തിയേറ്ററിലെത്തിയത്. തെന്നിന്ത്യന്‍ പ്രേക്ഷകരെ കൂടി ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറും വാര്‍ 2ന്റെ ഭാഗമായത്.
യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത വാര്‍ 2. 400 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 314 കോടിയാണ്. അതിനര്‍ത്ഥം ചിത്രത്തിന് പ്രൊഡക്ഷന്‍ കോസ്റ്റ് പോലും കളക്ട് ചെയ്യാനായിട്ടില്ല എന്നതാണ്. സ്‌പൈ യൂണിവേഴ്‌സിലെ മുന്‍ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാര്‍ 2 വന്‍ പരാജയമാണെന്ന് പറയേണ്ടി വരും.
തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറിന്റെ റോളിലൂടെ മികച്ച കളക്ഷന്‍ നേടാമെന്ന പ്രതീക്ഷയ്ക്കും അവസാനമായിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തെലുങ്ക് സംസ്ഥാനങ്ങളിലെ ചിത്രത്തിന്റെ വിതരണാവകാശം വാങ്ങിയതിനെ തുടര്‍ന്ന് നഷ്ടം നേരിട്ട നിര്‍മാതാവ് നാഗ വംശിക്ക് യഷ് രാജ് ഫിലിംസ് 22 കോടി നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ നിലവില്‍ 52 കോടി മാത്രമാണ് കളക്ട് ചെയ്തിരിക്കുന്നത്. ദിവസം ഒരു കോടിക്ക് താഴെയാണ് വാര്‍ 2 തെലുങ്ക് വേര്‍ഷന്‍ തിയേറ്ററില്‍ നിന്നും കളക്ട് ചെയ്യുന്നത്.
ഓഗസ്റ്റ് മാസത്തില്‍ ഇനി ബോളിവുഡിനെ കാത്തിരിക്കുന്ന റിലീസ് റൊമാന്റിക് ഡ്രാമയായ പരം സുന്ദരിയാണ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററിലെത്തും. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഒരിടവേളയ്ക്ക് ശേഷം പൂര്‍ണമായും ഒരു റൊമാന്റിക് ഹീറോ ആയി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും എല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതില്‍ നിന്ന് സിദ്ധാര്‍ത്ഥ് ആരാധകര്‍ താരത്തിന്റെ റൊമാന്റിക് റോളിനായി കാത്തിരിക്കുകയാണ് എന്നത് വ്യക്തമാണ്.
അതേസമയം സിനിമയില്‍ ജാന്‍വി കപൂര്‍ മലയാളിയായാണ് അഭിനയിക്കുന്നത്. കഥാ പശ്ചാത്തലം കേരളവുമാണ്. മലയാളികളെ സ്റ്റീരിയോടിപ്പിക്കലായി ചിത്രീകരിക്കുന്ന ബോളിവുഡിന്റെ സ്ഥിരം രീതിക്ക് വലിയ രീതിയില്‍ വിമര്‍ശനവും വരുന്നുണ്ട്. അതുകൊണ്ട് തന്നെ ബോളിവുഡിന് പൂര്‍ണമായും ഈ സിനിമയില്‍ പ്രതീക്ഷവെക്കാനാകുമോ എന്നതില്‍ സംശയമുണ്ട്. എന്നിരുന്നാലും ടിപ്പിക്കല്‍ ബോളിവുഡ് സ്‌റ്റൈലില്‍ ഒരുക്കിയിരിക്കുന്ന പരം സുന്ദരി പ്രേക്ഷകര്‍ ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്.