MOVIES

ഗഗനചാരി ഫ്യൂച്ചറിന്റെ സിനിമയെന്നത് പ്രേക്ഷകരുടെ വിലയിരുത്തല്‍: അരുണ്‍ ചന്തു

ക്ലാസിക് സിനിമകള്‍ക്കുള്ള ട്രിബ്യൂട്ടായി കൂടിയാണ് അരുണ്‍ ഗഗനചാരി ഒരുക്കിയിരിക്കുന്നത്

Author : പ്രിയങ്ക മീര രവീന്ദ്രന്‍

'ഗഗനചാരി' ഫ്യൂച്ചറിന്റെ സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്ന് സംവിധായകന്‍ അരുണ്‍ ചന്തു. സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളെല്ലാം അവിശ്വസനീയമാണെന്നും അരുണ്‍ 'ന്യൂസ് മലയാള'ത്തിനോട് പറഞ്ഞു. ക്ലാസിക് സിനിമകള്‍ക്കുള്ള ട്രിബ്യൂട്ടായി കൂടിയാണ് അരുണ്‍ ഗഗനചാരി ഒരുക്കിയിരിക്കുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രം സിനിഫൈല്‍ ആയതിനാല്‍ പറ്റുന്ന സിനിമകളെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് സിനിമകളെ കുറിച്ച് പറഞ്ഞുപോകണമെന്ന് ഉണ്ടായിരുന്നു എന്നും അരുണ്‍ അഭിപ്രായപ്പെട്ടു.

സിനിമയ്ക്കായുള്ള പ്രചോദനം കൊവിഡ്

ഞാന്‍ മോക്കിമെന്ററിയുടെ ആരാധകനാണ്. ഹാര്‍ഡ് ഹിറ്റിംഗായ വിഷയങ്ങളെ ലൈറ്റര്‍ ഫോര്‍മാറ്റില്‍ അവതരിപ്പിക്കാന്‍ മോക്കിമെന്ററിയിലൂടെ സാധിക്കും. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു പൊളിറ്റിക്കല്‍ സറ്റയറിന് അത് തന്നെയായിരിക്കും നല്ലൊരു മീഡിയം എന്ന് എനിക്ക് തോന്നി. പിന്നെ ഇതിനൊക്കെ മുന്‍പെ, കുട്ടിയായിരിക്കുമ്പോഴേ ഞാനൊരു സൈഫൈ ആരാധകനായിരുന്നു. എന്റെ ആദ്യത്തെ സിനിമയിലും ഞാന്‍ ശ്രമിച്ചത് ഇവിടത്തെ ഒരു സൂപ്പര്‍ സ്റ്റാറുമായി ഒരു സൈഫൈ ചെയ്യാനായിരുന്നു. പക്ഷെ സിനിമയില്‍ പറയുന്നതു പോലെ മുഖ്യധാരയ്ക്ക് വേണ്ടത് വേറെ പലതുമായതിനാല്‍ നമ്മള്‍ അതിനെ കേറ്റര്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ സിനിമ എപ്പോഴാണ് തുടങ്ങിയതെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. കാരണം, what we do in the shadows എന്ന Taika Waititi-യുടെ സിനിമ കണ്ടപ്പോള്‍ മുതല്‍ ഈ മോക്കിമെന്ററി എന്ന മീഡിയത്തിലേക്ക് ഞാന്‍ കൂടുതല്‍ അടുക്കുകയായിരുന്നു. പിന്നെ കൊവിഡ്, ശരിക്കും പറഞ്ഞാല്‍ നമുക്കൊരു പോസ്റ്റ് അപ്പോകലിപ്റ്റിക് അനുഭവം തന്നെയായിരുന്നു. അതായിരുന്നു നമ്മുടെ ചുറ്റുപാടില്‍ നിന്നുണ്ടായ പ്രചോദനം.

സത്യജിത് റേയുടെ സത്‌രഞ്ജ് കേ ഖിലാഡി

ലെജന്‍ഡറിയായിട്ടുള്ള ശ്രീനിവാസന്‍ സാറിനെ പോലുള്ളവര്‍ ഒട്ടും തന്നെ പൊലിപ്പിക്കാതെ പ്രേക്ഷകരിലേക്ക് രാഷ്ട്രീയം എത്തിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ അതിന്റെ ഭയങ്കരമായ പൊലിപ്പിച്ച അനുകരണങ്ങള്‍ കണ്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളെ കൂടുതല്‍ പൊലിപ്പിക്കുമ്പോള്‍ നമ്മള്‍ ഒരിക്കലും അതിന്റെ ക്രാഫ്റ്റിനെ മനസിലാക്കിയെന്ന് വരില്ല. നമ്മള്‍ സിനിമ കണ്ട് ഇറങ്ങി പോരുമ്പോഴും അത് നമ്മുടെ മനസില്‍ നില്‍ക്കും. അങ്ങനെ ആവാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ സിനിമയിലെ പൊളിറ്റിക്കല്‍ കമന്ററിയുടെ ഏറ്റവും വലിയ പ്രചോദനം സത്യജിത് റേയുടെ സത്‌രഞ്ജ് കേ ഖിലാഡി എന്ന ചിത്രമാണ്.

അനാര്‍ക്കലിയുടെ കഥാപാത്രം സൂചിപ്പിക്കുന്നത് ന്യൂനപക്ഷത്തെ

ഏലിയനുകളല്ല മനുഷ്യര്‍ തന്നെയാണ് പ്രശ്‌നം എന്ന് പറയുന്നതിന്റെ ഇന്‍സ്പിരേഷന്‍, സ്‌പേസ് ഓഡീസി എന്ന ചിത്രത്തില്‍ നിന്ന് ലഭിച്ചതാണ്. സിനിമയില്‍ അനാര്‍ക്കലിയുടെ കഥാപാത്രത്തെ നമുക്ക് പല ലെയറില്‍ ആലോചിക്കാന്‍ സാധിക്കും. ഏലിയന്‍, പെണ്‍കുട്ടി, ന്യൂനപക്ഷം എന്നിങ്ങനെ ആ കഥാപാത്രത്തെ കാണാന്‍ സാധിക്കും. എങ്ങനെ ആലോചിച്ചാലും അതിന്റെയെല്ലാം ഒരു ലെയര്‍ നമുക്ക് ആ കഥാപാത്രത്തില്‍ കാണാന്‍ സാധിക്കും. അങ്ങനെയാണ് ഞങ്ങള്‍ ആ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്.

അനാര്‍ക്കലി മരിക്കാര്‍, ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'ഗഗനചാരി' ജൂണ്‍ 21നാണ് തിയേറ്ററിലെത്തിയത്. 'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിര്‍മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT