2006ലാണ് കമല്‍ ഹാസനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് റിലീസ് ആകുന്നത്. കമല്‍ ഹാസനൊപ്പം സിനിമ ഇനിയും ചെയ്യാനുള്ള ആഗ്രഹവും ഗൗതം മേനോന്‍ അറിയിച്ചിരുന്നു. അതുപോലെ തന്നെ നടന്‍ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഗൗതം പല തവണ പറഞ്ഞിട്ടുണ്ട്. അക്കാര്യം എന്തായാലും ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിലൂടെ സത്യമായിരിക്കുകയാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ രണ്ട് പേര്‍ക്കൊപ്പവും സിനിമ ചെയ്തതിനെ കുറിച്ച് തുറന്ന് സംസാരിച്ചു.
'കര്‍ക്ക കര്‍ക്ക എന്ന പാട്ട് തുടങ്ങുമ്പോഴാണ് എന്റെ പേര് സ്‌ക്രീനില്‍ വരുന്നത്. അത് കമല്‍ സാറിനുള്ള ഒരു ട്രിബ്യൂട്ടായാണ് ചെയ്തത്. ഡൊമിനിക്കിലും എന്റെ പേര് സ്‌ക്രീനില്‍ വരാന്‍ പോകുന്നത് അത്തരമൊരു സീനിലായിരിക്കും. പിന്നെ വേട്ടയാട് വിളയാട് ഞാനൊരു ഫാന്‍ബോയ് സിനിമയായി കാണുന്നില്ല. തീര്‍ച്ചയായും കമല്‍ സാറിന്റെ ചില കാര്യങ്ങള്‍ കാരണം സിനിമയില്‍ ചില നിമിഷങ്ങള്‍ അങ്ങനെയുണ്ട്. പക്ഷെ അത് ഫാന്‍ബോയ് സിനിമയാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല', ഗൗതം മേനോന്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്തായാലും മമ്മൂട്ടിക്കും കമല്‍ ഹാസനും ഒപ്പം സിനിമ ചെയ്യുമ്പോള്‍ ഒരു ചെറിയ പരിഭ്രമവും ഭയവും ഉണ്ടായിരുന്നുവെന്നും ഗൗതം മേനോന്‍ തുറന്ന് പറഞ്ഞു. 'കമല്‍ സാറിനൊപ്പവും മമ്മൂട്ടി സാറിനൊപ്പവും സിനിമ ചെയ്യുമ്പോള്‍ സീന്‍ എങ്ങനെ ചെയ്യണമെന്ന ചര്‍ച്ചകള്‍ നടക്കാറുണ്ട്. ആ പരിഭ്രമം നമ്മളെ മികച്ച രീതിയില്‍ സിനിമ ചെയ്യാന്‍ നിര്‍ബന്ധിതരാക്കും. കമല്‍ സാറിനൊപ്പം സിനിമ ചെയ്തത് മമ്മൂട്ടി സാറിനൊപ്പം സിനിമ ചെയ്യാന്‍ എന്നെ സഹായിച്ചു', എന്നാണ് ഗൗതം പറഞ്ഞത്.
'ഡൊമിനിക്കില്‍ ഞാന്‍ എന്റെ ഡയലോഗെല്ലാം റെഡിയാക്കി വെച്ചിരുന്നു. അതുപോലെ എന്റെ ടീം ഷോട്ട് ഡിവിഷനെ കുറിച്ച് പൂര്‍ണ ബോധവാന്‍മാരായിരുന്നു. പക്ഷെ മമ്മൂട്ടി സാറിനൊപ്പം എനിക്ക് സമയം വെറുതെ കളയാനില്ലായിരുന്നു. എല്ലാം ശരിയായാണ് നടക്കുന്നതെന്ന് അദ്ദേഹത്തിനും കൂടി ഉറപ്പ് വരുത്തുന്ന രീതിയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചതെ'ന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.