MOVIES

'അഭിമുഖങ്ങളില്‍ സിനിമ പ്രവര്‍ത്തകര്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നു'; മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് ഗൗതമി നായര്‍

ഇങ്ങനെയൊക്കെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ എന്നും ഗൗതമി ചോദിക്കുന്നു

Author : ന്യൂസ് ഡെസ്ക്



അഭിമുഖങ്ങളില്‍ ചില ആര്‍ട്ടിസ്റ്റുകള്‍ മാധ്യമപ്രവര്‍ത്തകരോട് ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്ന് നടി ഗൗതമി നായര്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നല്ല രീതിയിലല്ല ഇവര്‍ പ്രതികരിക്കുന്നത്. ഇങ്ങനെയൊക്കെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ എന്നും ഗൗതമി ചോദിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം പറഞ്ഞത്.

'മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കുന്ന കുറെ അഭിമുഖങ്ങള്‍ കാണാനിടയായി. മാധ്യമങ്ങള്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇവിടെ ആര്‍ക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ ഇങ്ങനെ പെരുമാറാന്‍,' എന്നാണ് ഗൗതമി പറയുന്നത്.

ഈ പോസ്റ്റിന് ഒരു വിശദീകരണവും ഗൗതമി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഒരു തെറ്റും ചെയ്യാത്തവരാണെന്നോ മോശം ചോദ്യങ്ങള്‍ ചോദിക്കുന്ന ആരുമില്ലെന്നോ അല്ല താന്‍ പറയുന്നത്. മറുപടി നല്‍കാന്‍ തീരുമാനിക്കുന്ന ചോദ്യങ്ങളോട് ബഹുമാനത്തോടെ ആ മറുപടി നല്‍കാവുന്നതാണെന്ന തന്റെ അഭിപ്രായമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കട്ടെ, മാധ്യമങ്ങള്‍ നിഷ്‌കളങ്കരാണെന്നല്ല ഞാന്‍ പറയുന്നത്. എന്നെ കുറിച്ച് ഈയടുത്ത് വരെ ക്ലിക്ക് ബൈറ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പല അഭിമുഖങ്ങളിലും മോശം ചോദ്യങ്ങള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ ഏത് തരം ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത് എന്നതിലും എങ്ങനെയാണ് മറുപടി നല്‍കേണ്ടത് എന്നതിലും അല്‍പം ബഹുമാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും പഠിക്കാവുന്നതാണ്,' എന്നും ഗൗതമി പറഞ്ഞു.


SCROLL FOR NEXT