MOVIES

കാസ്റ്റിംഗ് കൗച്ച് തടഞ്ഞു, അതോടെ സിനിമ നഷ്ടമായി: ഗോകുല്‍ സുരേഷ്

നിവിന്‍ പോളിക്കെതിരായി ഉയര്‍ന്ന പീഡന പരാതിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം

Author : ന്യൂസ് ഡെസ്ക്


കാസ്റ്റിംഗ് കൗച്ച് തടഞ്ഞതിനെ തുടര്‍ന്ന് തനിക്ക് സിനിമ നഷ്ടമായെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുത്. കാസ്റ്റിംഗ് കൗച്ച് തടയുന്ന നടന്‍മാര്‍ക്കും അവസരം നഷ്ടപ്പെടാമെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു. നിവിന്‍ പോളിക്കെതിരായി ഉയര്‍ന്ന പീഡന പരാതിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.


ഗോകുല്‍ സുരേഷ് പറഞ്ഞത് :


എപ്പോഴും ഒരു ജെന്‍ഡര്‍ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ല. കാസ്റ്റിങ് കൗച്ച് നേരിടുന്ന നടന്മാര്‍ക്ക് സിനിമകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ തുടക്കകാലത്ത് ഞാനും കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ താല്പര്യമില്ല. കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ ഞാന്‍ തന്നെ തക്കതായ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു.

ഇപ്പോള്‍ സിനിമ മേഖലയില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത്. അത്തരം സാഹചര്യത്തിലാണ് ഇപ്പോള്‍ നിവിന്‍ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നതും അത് തിരിയുന്നതും. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കാമെന്നൊരു ബോധ്യം ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ടാകും. രണ്ട് കൂട്ടരും ഇരകളാകാം എന്ന് ബോധ്യമായിട്ടുണ്ടാകും.

ജെനുവിന്‍ കേസില്‍ ഇരകള്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. പക്ഷെ നിവിന്‍ ചേട്ടന്റെ പോലെ നിരപരാധിയെന്ന് ഞാന്‍ വിശ്വസിക്കുന്ന കേസിലൊക്കെ വിഷമമുണ്ട്. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമുക്ക് വ്യക്തത തരേണ്ടത്.

അനാവശ്യം പറയുന്നവരെ കായികപരമായി നേരിടണം എന്നാണ് എന്റെ അഭിപ്രായം. മലയാളത്തില്‍ മാത്രമല്ല, മറ്റ് ഇന്‍ഡസ്ട്രിയിലും ഇതിന്റെ നൂറ് മടങ്ങ് സംഭവിക്കുന്നുണ്ട്. സിനിമ മാത്രമല്ല, പല ഇന്‍ഡസ്ട്രികളിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.


SCROLL FOR NEXT