ഞെട്ടിക്കുന്ന കളക്ഷനുമായി ബോക്സ് ഓഫീസിൽ കുതിക്കുകയാണ് 'ഹനുമാൻ അംശ്' എന്ന ചെറിയ ചിത്രം. ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം 150 കോടി രൂപയ്‌ക്ക് മുകളിൽ കളക്ഷനാണ് ഇതിനോടകം സ്വന്തമാക്കിയത്. വിശാൽ ചതുർവേദിയാണ് സിനിമയുടെ സംവിധായകൻ.
വെറും രണ്ട് കോടി രൂപയാണ് 'ഹനുമാൻ അംശ്' എന്ന ചിത്രത്തിന്റെ ബജറ്റ്. ആദിത്യ ധർ ഒരുക്കിയ ധുരന്ധർ കഴിഞ്ഞാൽ അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും ലാഭകരമായ ചിത്രമാണിതെന്ന് പറയാം. 'അവാരാപൻ 2' , 'ബട്‌വാര' തുടങ്ങിയ ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങൾക്കൊപ്പമാണ് 'ഹനുമാൻ അംശ്' തിയേറ്ററുകളിലേക്ക് എത്തിയത്.
അമ്മയുടെ വേർപാടിന് ശേഷം ദൈവത്തെ തേടി ആത്മീയ യാത്ര ആരംഭിക്കുന്ന ലക്ഷ്മിനാരായണൻ എന്ന യുവാവിനെയാണ് ചിത്രം പിന്തുടരുന്നത്. ജീവിതം, മരണം, മനുഷ്യന്റെ ദുരിതങ്ങൾ എന്നിവയ്ക്കുള്ള ഉത്തരങ്ങൾ തേടി ഉത്തരേന്ത്യയിലുടനീളം യാത്ര ചെയ്യുന്ന ഈ കഥാപാത്രം ഒടുവിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച നീം കരോലി ബാബ എന്ന സന്യാസിയായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സ്റ്റീവ് ജോബ്‌സ്, മാർക്ക് സക്കർബർഗ്, വിരാട് കോഹ്ലി എന്നിവരെ സ്വാധീനിച്ചുവെന്ന് പറയപ്പെടുന്ന സന്നാസിയാണ് നീം കരോലി ബാബ. ശോഭിനവ് സത്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഹാൻ ഷെഡ്ഗെ, ചന്ദൻ കെ ആനന്ദ്, പൂർണിമ തിവാരി, അനിൽ രസ്തോഗി, ഗുൽഷൻ പാണ്ഡെ, ഭഗവന്ദാസ് പട്ടേൽ, രാജീവ് മിശ്ര, മുക്തേശ്വർ ഓജ, അലക്സ് ദാനിലോവ്, നതാലി പിച്ചാസ്ലാവ, ഗൗതം ത്രിപാഠി, സുരേന്ദ്ര കുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
നിർമാണം: രാഗിണി എസ്, നമ്രത ജി സിംഗ്, അനുപ്രിയ എ നഗർ, വിശാൽ ചതുർവേദി, കഥ, തിരക്കഥ, സംഭാഷണം: വിശാൽ ചതുർവേദി, ഛായാഗ്രഹണം: വിശാൽ ബാവ, എഡിറ്റിങ്: ശംഖ് രാജ്യാധ്യക്ഷ, സംഗീതം: സാധു തിവാരി, ഋഷി പഥക്, ശ്രേയസ് ധർമാധികാരി, സുനിൽ ലോധ, ധീരേന്ദ്ര മുൽക്കൽവാർ, വിശാൽ ചതുർവേദി, ഗാനരചന: സാധു തിവാരി, ഋഷി പഥക്, ശ്രേയസ് ധർമ്മധികാരി, ശന്തനു സുദാമെ, പശ്ചാത്തല സംഗീതം: ധീരേന്ദ്ര മുൽക്കൽവാർ, ശബ്ദരൂപകൽപ്പന: മയൂർ മോച്ചെമദ്കർ, മനോജ് മോച്ചെമദ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പിയൂഷ് ഠാക്കൂർ, കാസ്റ്റിംഗ്: കാസ്റ്റിംഗ് മങ്കി, അഭിഷേക് മിശ്ര, അവിനാഷ് ഗുപ്ത.
സെപ്റ്റംബർ 11ന് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യും. ഹോംബാലെ ഫിലിംസ് ആണ് സിനിമയുടെ ആഗോള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.