തബു 
MOVIES

'എൻ്റെ പ്രായത്തെ ഉൾക്കൊള്ളണം'; മുപ്പതുകാരിയായി അഭിനയിക്കാനില്ലെന്ന് തബു

അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഓഫറുകള്‍ വന്നാലും അതൊന്നും സ്വീകരിക്കില്ലെന്നും താരം വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

സിനിമാ മേഖലയിലെ പ്രായവിവേചനത്തെയും ലിംഗ വിവേചനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടി തബു. തന്‍റെ പുതിയ സിനിമയായ ഔറോണ്‍ മേന്‍ കഹന്‍ ദം ഥായുടെ പ്രമോഷന്‍റെ ഭാഗമായി ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് തബുവിന്‍റെ പ്രതികരണം. തന്‍റെ സഹപ്രവര്‍ത്തകരായ നടന്മാരില്‍ നിന്ന് വിഭിന്നമായി സ്ക്രീനില്‍ ഒരു മുപ്പതുകാരിയായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തബു പറഞ്ഞു. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഓഫറുകള്‍ വന്നാലും അതൊന്നും സ്വീകരിക്കില്ലെന്നും താരം വ്യക്തമാക്കി.

' 30 വയസ്സുള്ള ഒരാളായി അഭിനയിക്കാൻ ഞാൻ തയ്യാറാവുമെന്ന് കരുതുന്നില്ല. എൻ്റെ പ്രായത്തെ ഉൾക്കൊള്ളുകയല്ലാതെ എനിക്ക് മറ്റു മാർഗമില്ല '- തബു പറഞ്ഞു. പുതിയ ചിത്രത്തില്‍ സായി മഞ്ജ്‌രേക്കറാണ് തബുവിന്‍റെ കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത്. ഡീ-ഏജിങ് സാങ്കേതികവിദ്യ ഇല്ലാതിരുന്ന കാലത്ത് ഇത്തരം രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. യുവതാരങ്ങള്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ വളര്‍ന്നു കഴിഞ്ഞാല്‍ അവര്‍ ധര്‍മ്മേന്ദ്രയോ ദിലീപ് കുമാറോ ആയിമാറിയിരുന്നുവെന്നും തബു പറഞ്ഞു.

'ഔറോണ്‍ മേന്‍ കഹന്‍ ദം ഥയില്‍ എന്‍റെ ചെറുപ്പകാലം എങ്ങനെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ നീരജ് പാണ്ഡെയോട് ചോദിച്ചപ്പോള്‍ അതിന് അനുയോജ്യരായ വ്യത്യസ്തായ അഭിനേതാക്കള്‍ ഉണ്ടെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. നടി നടന്മാരെ പ്രായം കുറച്ചു കാണിക്കുന്നത് ഗിമ്മിക്ക് ആയി തോന്നും, പ്രത്യേകിച്ച് ആളുകള്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രായം അറിയാമെങ്കില്‍', തബു പറഞ്ഞു.

'ഇപ്പോള്‍ നമ്മുടെ രൂപമെന്താണെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. സിനിമയിലെ സാഹചര്യവും സന്ദര്‍ഭവും ആശ്രയിച്ചിരിക്കും ഇതിലെ മാറ്റം. ചില സിനിമകള്‍ക്ക് മുതിര്‍ന്ന അഭിനേതാക്കളെ ചെറുപ്പക്കാരായി കാണിക്കാന്‍ സാധിക്കും. കാരണം അത് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കുന്നില്ല. ഔറോൺ മേൻ കഹാൻ ദം ഥായിൽ ഞങ്ങൾ അത് ആവശ്യപ്പെട്ടില്ല, അത് ആ രീതിയിൽ നന്നായി പ്രവർത്തിച്ചു ' തബു കൂട്ടിച്ചേര്‍ത്തു.

അജയ് ദേവ്ഗണും തബുവും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണ് ഔറോൺ മേ കഹൻ ദം ഥാ. ജിമ്മി ഷെർഗിൽ, സായി മഞ്ജരേക്കർ, ശന്തനു മഹേശ്വരി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഓസ്കാര്‍ ജേതാവ് എം.എം കീരവാണിയാണ് സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT