സുദീപ്തോ സെന്‍, പിണറായി വിജയന്‍ Source : X
MOVIES

"കേരള സ്റ്റോറി കണ്ടിരുന്നെങ്കില്‍ അങ്ങനെ പറയില്ലായിരുന്നു"; പിണറായി വിജയന്റെ വിമര്‍ശനത്തില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍

പ്രൊപ്പഗാണ്ട ചിത്രമായ 'ദ കേരള സ്റ്റോറി' 2023ല്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ കേരള സര്‍ക്കാര്‍ വിമര്‍ശനം അറിയിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

71-ാമത് ദേശീയ പുരസ്‌കാരത്തില്‍ വിവാദ ചിത്രം 'ദ കേരള സ്റ്റോറിക്ക്' മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. പ്രൊപ്പഗാണ്ട ചിത്രമായ 'ദ കേരള സ്റ്റോറി' 2023ല്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ കേരള സര്‍ക്കാര്‍ വിമര്‍ശനം അറിയിച്ചിരുന്നു. ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍, "ഇന്ത്യന്‍ സിനിമയുടെ പാരമ്പര്യത്തിനോടുള്ള അപമാനം" എന്നാണ് വിശേഷിപ്പിച്ചത്.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദ കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ പിണറായി വിജയന് മറുപടി നല്‍കി.

"കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയര്‍ത്തണം. കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം", എന്നായിരുന്നു പിണറായി വിജയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

"മുതിര്‍ന്ന വ്യക്തിയും പരിചയസമ്പന്നനുമായ രാഷ്ട്രീയക്കാരനായ പിണറായി വിജയന്‍ സര്‍ എന്റെ സിനിമ കണ്ടിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം എന്റെ സിനിമ കണ്ടിരുന്നെങ്കില്‍ ഈ അഭിപ്രായം പറയില്ലായിരുന്നു", എന്നാണ് സുദീപ്‌തോ സെന്‍ മറുപടി പറഞ്ഞത്.

പിണറായി വിജയന്‍ ഒരിക്കല്‍ താന്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്ക് വേണ്ടി വാദിച്ചിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹം അത് മാറ്റി പറയുകയാണെന്നും സുദീപ്‌തോ സെന്‍ അഭിപ്രായപ്പെട്ടു. "15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയക്കാരന്‍ ഡല്‍ഹിയില്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തി, കേരളത്തില്‍ പിഎഫ്‌ഐയും എസ്ജിപിഐയും വളരെ സജീവമാണെന്നും അവര്‍ താമസിയാതെ കേരളത്തെ ഒരു ഐസ് സംസ്ഥാനമാക്കി മാറ്റിയേക്കാമെന്നും പറഞ്ഞു. കേരളത്തില്‍ ഇതിന് തിരിച്ചടിയുണ്ടായി. അന്ന് ഈ അഭിപ്രായത്തെ ന്യായീകരിച്ചത് ആരായിരുന്നു? കേരള മുഖ്യമന്ത്രിയല്ല, അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍. ഇന്ന് അദ്ദേഹം പറയുന്നതും അന്ന് അദ്ദേഹം പറഞ്ഞതും തികച്ചും വ്യത്യസ്തമാണ്", സുദീപ്‌തോ സെന്‍ വ്യക്തമാക്കി.

"ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. പക്ഷെ അവര്‍ പരിചയസമ്പന്നരായ രാഷ്ട്രീയക്കാരാണ്. ഒരു രാഷ്ട്രീയ അഭിപ്രായത്തോട് എനിക്കൊന്നും പറയാനില്ല. കാരണം അവരുടെ ജോലി രാഷ്ട്രീയമാണ്. ഞാന്‍ ഒരു ചലച്ചിത്രകാരനാണ്. ഈ ചിത്രത്തിനായി ഞങ്ങള്‍ 12 വര്‍ഷത്തെ ഗവേഷണം നടത്തിയിട്ടുണ്ട്. കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ ഞാന്‍ സഞ്ചരിച്ചു. അവിടെ 500 പെണ്‍കുട്ടികളെ കണ്ടു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാന്‍ രണ്ട് മാസമെടുത്തപ്പോള്‍ ഞാന്‍ ചിത്രത്തിലെ ഓരോ സംഭാഷണത്തിനും തെളിവ് നല്‍കി. ചിത്രത്തിലെ ഓരോ സംഭാഷണത്തിനും ദൃശ്യത്തിനും ഒപ്പം ഞാന്‍ നില്‍ക്കുന്നു. ഇന്‍സ്റ്റഗ്രാമിലോ ട്വിറ്ററിലോ ഒരു അഭിപ്രായം ഇട്ടുകൊണ്ട് ആര്‍ക്കും എന്നെ അപമാനിക്കാന്‍ കഴിയില്ല", എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

"പിണറായി വിജയന്‍ സാറിനോട് എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന ഈ സിനിമ കാണണം എന്നതാണ്. എന്നിട്ട് എനിക്ക് തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. സിനിമയിലെ ഒരു വരിയോ വാക്യമോ തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നിയാല്‍, എന്നോട് പറയണം", എന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.

SCROLL FOR NEXT