MOVIES

ഹിന്ദി 'ദൃശ്യം 3': അജയ് ദേവ്‌ഗൺ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളം പതിപ്പിൽ നിന്നും വ്യത്യസ്തമായ കഥയാകും ഹിന്ദി റീമേക്ക് പറയുകയെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം: ദ കൺക്ലൂഷൻ' സിനിമയിലെ അജയ്‌ ദേവ്‌ഗണിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗമാണ് ചിത്രം. അജയ് ദേവ്ഗൺ അവതരിപ്പിക്കുന്ന വിജയ് സൽഗാവോങ്കറിന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞവസാനിപ്പിക്കുന്ന ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

അജയ് ദേവ്ഗൺ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. "ശരിയോ തെറ്റോ, എന്തുമാകട്ടെ...ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകും" എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. അഭിഷേക് പഥക് ആണ് സിനിമയുടെ സംവിധാനം.

'ദൃശ്യം' മൂന്നാം ഭാഗത്തിന്റെ മലയാളം പതിപ്പിൽ നിന്നും വ്യത്യസ്തമായ കഥയാകും ഹിന്ദി റീമേക്ക് പറയുകയെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘‘ഹിന്ദി പ്രേക്ഷകർക്കായി ഞാൻ പൂർണമായും വ്യത്യസ്തമായ ഒരു ട്രാക്ക് തയാറാക്കിയിട്ടുണ്ട്, അത് ഇവിടെ നന്നായി വർക്ക് ആകും. മലയാളം പതിപ്പ് ഫാമിലി ഡ്രാമയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു, അതേസമയം ഹിന്ദി പതിപ്പ് ഒരു ഫാമിലി ത്രില്ലറിന് കൂടുതൽ ഊന്നൽ നൽകും. സിനിമയുടെ ഘടന അതാണ്. ട്രെയിലർ പുറത്തിറങ്ങുമ്പോൾ, ഈ രണ്ട് ലോകങ്ങൾ എത്രത്തോളം വ്യത്യസ്തമാണെന്ന് പ്രേക്ഷകർക്ക് കാണാൻ കഴിയും, എന്നാണ് അഭിഷേക് പറഞ്ഞത്.

അജയ് ദേവ്ഗണിനൊപ്പം തബു (ഐ.ജി മീര ദേശ്മുഖ്), ശ്രിയ ശരൺ (നന്ദിനി), രജത് കപൂർ എന്നിവർ മുൻ ഭാഗങ്ങളിലെ കഥാപാത്രങ്ങളായി ഈ ചിത്രത്തിൽ വീണ്ടുമെത്തും. പ്രകാശ് രാജ്, ജയ്ദീപ് അഹ്‌ലാവത് എന്നിവരാണ് പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സ്റ്റാർ സ്റ്റുഡിയോ 18, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

SCROLL FOR NEXT