പാഠപുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന രീതിയിലല്ല ഈ ലോകം പ്രവർത്തിക്കുന്നത്. നമ്മുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തരാണ് നമ്മൾ. ഇങ്ങനെ ഒരു വാക്യം പറഞ്ഞ്, ഒരു സിനിമാക്കാരനെ ആലോചിക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങളുടെ മനസിലേക്ക് അയാളുടെ രൂപം തെളിഞ്ഞു വന്നേക്കാം. അമേരിക്കൻ സീരീസുകളിൽ വരുന്ന കുറ്റാന്വേഷകരെപ്പോലെ കറുത്ത കണ്ണടയും സ്യൂട്ടും ധരിച്ച്, ഒരു അമേരിക്കൻ സ്പിരിറ്റും പുകച്ച് ഇരിക്കുന്ന ഡേവിഡ് ലിഞ്ച്. പക്ഷേ ഒരു വ്യത്യാസമുണ്ട് ഈ കുറ്റാന്വേഷകൻ ചോദ്യം ചെയ്യുന്നത് ഒരു കപ്പൂച്ചിൻ കുരങ്ങനെയാകും.
1946 ജനുവരി 20ന് മൊണ്ടാനയിലെ മിസ്സൗളയിലാണ് ഡേവിഡ് കീത്ത് ലിഞ്ചിന്റെ ജനനം. അച്ഛൻ ഡൊണാൾഡ് ലിഞ്ച് കൃഷി വകുപ്പിലെ ഗവേഷണ ശാസ്ത്രജ്ഞനായിരുന്നു. അമ്മ എഡ്വിന ഒരു ഇംഗ്ലീഷ് ട്യൂട്ടറും. ചെറുപ്പം മുതലേ ലിഞ്ചിന്റെ കലാപരമായ താൽപ്പര്യങ്ങളെ അവർ പ്രോത്സാഹിപ്പിച്ചിരുന്നു. കളറിങ് പുസ്തകങ്ങൾ ഉപയോഗിക്കുന്നതിനുപകരം കടലാസിൽ വരയ്ക്കാൻ പ്രോത്സാഹിപ്പിച്ച അമ്മ, തന്നെ രക്ഷിക്കുകയായിരുന്നു എന്ന് ലിഞ്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് അയാൾ വരികൾക്കിടയിൽ വരയ്ക്കാൻ പഠിച്ചത്. എത്ര സങ്കീർണമായ ആശയങ്ങളും തന്റെ മാധ്യമത്തിൽ അച്ചടക്കത്തോടെ അവതരിപ്പിക്കാൻ പരിശീലിച്ചത്.
ഒരു സിനിമാക്കാരനാകാൻ താൻ തീരുമാനിച്ചതെങ്ങനെയെന്ന് ഡേവിഡ് ലിഞ്ച് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ലിഞ്ചിങ്ങനെ ക്യാൻവാസിൽ പെയിന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് കാറ്റടിച്ചു. കാറ്റിൽ ചിത്രങ്ങൾ ചലിക്കുന്ന കണ്ട ആ നിമിഷമാണ് ഒരു സിനിമാക്കാരൻ ആകാൻ ലിഞ്ചിന് പ്രചോദനമായത്. പിന്നീടങ്ങോട്ട് 40ഓളം വർഷം ചെറുതും വലുതുമായ സ്ക്രീനുകളിൽ അദ്ദേഹം യാഥാർഥ്യത്തെ തന്റേതായ വിചിത്ര രീതികളിൽ വളച്ചൊടിച്ചു. മൾഹോളണ്ട് ഡ്രൈവ്, ബ്ലൂ വെൽവെറ്റ്, ഇറേസർഹെഡ് തുടങ്ങിയ സിനിമകളിലൂടെയും ട്വിൻ പീക്സ് എന്ന ടെലിവിഷൻ സീരീസിലൂടെയും ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളാണെന്ന പേരുണ്ടാക്കി. സിനിമയിൽ ഉപരിയായി ലിഞ്ചിന്റെ വാക്കുകളെ ആരാധിക്കുന്ന ഒരു വൃന്ദമുണ്ടായി. ഇത്തരം ലിഞ്ചിയൻ കാഴ്ചപ്പാടുള്ളവരെ ഓക്സ്ഫോഡ് ഡിക്ഷണറി വിശേഷിപ്പിക്കുന്നത്, സാധാരണത്വത്തിൽ അസാധാരണത്വം കാണുന്നവരെന്നാണ്. ദൈനംദിന ജീവിതത്തിൽ സർറിയലിസം കാണുന്നവർ.
നഗരപ്രാന്തങ്ങിലെ വിരസ ജീവിതവും, അമേരിക്കൻ സ്വപ്നങ്ങളുടെ വലിയ ബിൽബോർഡുകൾക്കിടയിൽ ദൃശ്യതയില്ലാതെയായി പോകുന്ന നിരാശയും നിറഞ്ഞതാണ് ഡേവിഡ് ലിഞ്ചിന്റെ ഫിലിമോഗ്രഫി. തന്റെ സിനിമകളിലൂടെ 50കളിലെ കുടുംബ ആദർശങ്ങളുടെ ഉപരിപ്ലവതയെ വെല്ലുവിളിക്കാൻ ലിഞ്ച് ശ്രമിച്ചു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കണമെന്ന് ശഠിച്ചു. അങ്ങനെ തന്റെ ഉറക്കം കെടുത്തിയ ഇരുണ്ട, വിചിത്ര സ്വപ്നങ്ങളെ സ്ക്രീനിലേക്ക് എത്തിച്ചു.
1977 മാർച്ച് 19. ലോസ് ഏഞ്ചൽസിലെ ഫിലിംഎക്സ് ഫെസ്റ്റിവലിൽ ഡേവിഡ് ലിഞ്ചിന്റെ അരങ്ങേറ്റ ചിത്രമായ ഇറേസർഹെഡിന്റെ ആദ്യ പ്രദർശനം. മുൻകൂർ പ്രമോഷനുകൾ ഒന്നുമില്ലാതെയാണ് ചിത്രം ഫെസ്റ്റിവലിലേക്ക് എത്തിയത്. അതുകൊണ്ട് അതൊരു ഹോട്ട് ടിക്കറ്റായിരുന്നില്ല. അതിന് കാരണവുമുണ്ട്. ഇറേസർഹെഡിന് പ്രവേശനം ലഭിച്ച ഏക ഫെസ്റ്റിവലായിരുന്നു അത്. അർദ്ധരാത്രിയിലായിരുന്നു പ്രദർശനം. രണ്ട് മണിക്കൂർ നിശബ്ദമായി കാണികൾ ആ സിനിമ കണ്ടു. സിനിമ അവസാനിച്ചിട്ടും ആ മൗനം അവർ തുടർന്നു. പക്ഷേ അവരാരും എഴുന്നേറ്റ് പോയില്ല. വെറും നിശബ്ദത. പിന്നീട് പെട്ടെന്ന് ജീവൻ വെച്ചതുപോലെ കരഘോഷം. ഇതായിരുന്നു ലിഞ്ചിന്റെ അരങ്ങേറ്റം.
ഇറേസർഹെഡിന് പരമ്പരാഗത ആഖ്യാന രീതിയായിരുന്നില്ല. ഉത്കണ്ഠ, ഭയം എന്നിങ്ങനെയുള്ള വികാരങ്ങളെ സർറിയൽ ഭാവനയില്‍ അവതരിപ്പിക്കുകയായിരുന്നു ലിഞ്ച്. പിതൃത്വം, ഒറ്റപ്പെടൽ, അസ്തിത്വപരമായ ഭയം എന്നിവയെക്കുറിച്ചുള്ള ഒരു ദുഃസ്വപ്നമായി ഈ സിനിമ മാറി. കഥ പറഞ്ഞ രീതി മാത്രമല്ല അതിനു കാരണം. അസ്വസ്ഥമായ സൗണ്ട് ഡിസൈനും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാറ്റോഗ്രഫിയും സിനിമയെ വേറിട്ടു നിർത്തി. നിരന്തരമായ മൂളലുകൾ, മെക്കാനിക്കൽ ശബ്ദങ്ങൾ, വീർപ്പുമുട്ടിക്കുന്ന നിശബ്ദത എന്നിവയിലൂടെ അലൻ സ്പ്ലെറ്റ് സിനിമയെ ഒരു ശബ്ദാനുഭവം കൂടിയാക്കി.
തന്റെ കഥകളിൽ വിപരീതങ്ങളെ കൊണ്ടുവരാൻ മനഃപൂർവം ശ്രദ്ധിച്ചിരുന്ന സംവിധായകനാണ് ലിഞ്ച്. അതിനായി ഒരു മോട്ടിഫെന്ന നിലയിൽ ഇരട്ടവ്യക്തിത്വങ്ങളെ പലപ്പോഴും ഉപയോഗിച്ചു കാണാറുണ്ട്. മൾഹോളണ്ട് ഡ്രൈവിലെ ഡയാൻ സെൽവിൻ എന്ന കഥാപാത്രത്തിന്റെ തകർന്ന മനസ് മുന്നോട്ടുവയ്ക്കുന്ന തന്റെ തന്നെ വ്യത്യസ്ത പതിപ്പുകളാണ് ബെറ്റിയും റീത്തയും. ലോസ്റ്റ് ഹൈവേയിലും ട്വിൻ പീക്സിലും സമാനമായ രൂപാന്തരങ്ങൾ കാണാം. ട്വിൻ പീക്സിലെ ഏജന്റ് കൂപ്പർ തന്റെ ഇരട്ടവ്യക്തിത്വത്തെ ബ്ലാക്ക് ലോഡ്ജിൽ വെച്ച് കാണുമ്പോൾ അത് നന്മയും തിന്മയും തമ്മിലുള്ള ആന്തരിക പോരാട്ടത്തിന്റെ പ്രതീകമായി മാറുകയാണ്. ട്രാന്സെന്‍റല്‍ മെഡിറ്റേഷനെപ്പറ്റി വാചാലനാകുന്ന ഏജന്റ് കൂപ്പർ ലിഞ്ചിന്റെ തന്നെ ഒരു വേർഷനാണ്.
ഇങ്ങനെ സർറിയൽ ആയ കഥകൾക്ക് എങ്ങനെ പശ്ചാത്തലമൊരുക്കും. ലിഞ്ചിനെ സംബന്ധിച്ചിടത്തോളം പ്രൊഡക്ഷൻ ഡിസൈൻ എന്നത് സിനിമയ്ക്ക് പ്രത്യേക ഭാവം നൽകാനുള്ള മാർഗമാണ്. സെറ്റുകളും പ്രോപ്പർട്ടികളും, കോസ്റ്റ്യൂമുകളും ഉപയോഗിച്ചാണ് ലിഞ്ച് ഈ ഭാവം നിർമിച്ചെടുക്കുന്നത്. റെട്രോ ഡൈനറുകൾ, സബർബൻ ലാൻഡ് സ്കേപ്പുകൾ, റോഡ് ഹൗസുകൾ, ഇൻഡസ്ട്രിയൽ ലാൻഡ് സ്കേപ്പുകൾ എന്നിവ കഥയ്ക്ക് അനുസരിച്ച് ലിഞ്ചിയൻ സ്റ്റൈലിൽ സ്ക്രീനിൽ വരുമ്പോൾ നമ്മൾ അതിന്റെ യഥാർഥ പതിപ്പുകളെ മറന്നുപോകും. സെറ്റുകൾ അണിയിച്ചൊരുക്കുകയല്ല ലിഞ്ച്, അവ അഴിച്ചുപണിയുകയാണ്. ലിഞ്ചിന് ഏതൊരു ഇടവും വെറും ഇടം മാത്രമല്ല. അവ പ്രത്യക്ഷത്തിൽ നിർദേശിക്കുന്ന അർഥത്തിന് അപ്പുറം എന്തൊക്കെയോ പറയുന്നതായി ആ സംവിധായകൻ കരുതി. അത് സശ്രദ്ധം കേട്ട് നമുക്ക് പറഞ്ഞുതന്നു.
ലിഞ്ചിലെ സ്വപ്നാടകൻ എറ്റവും വിദഗ്ധമായി ഉപയോഗിച്ചത് സിനിമാറ്റോഗ്രഫിയാണ്. ഒരു സ്ക്രീനിലെ ഏതെങ്കിലും ഒരു ഭാഗത്തുള്ള ഇരുണ്ട ഇടം കാണിയിൽ, അവിടെ എന്തായിരിക്കും എന്നൊരു ആകാംഷയുണർത്തുന്നു. അവർ റിയാലിറ്റിയിൽ നിന്ന് അകന്ന് ചിന്തിച്ച് തുടങ്ങുന്നു. ക്രിസ്റ്റൽ ക്യാളിരിറ്റിക്ക് വിരുദ്ധമായാണ് അദ്ദേഹം ദൃശ്യങ്ങൾ പകർത്തിയത്. ലോ കീ ലൈറ്റിങ്ങിലൂടെ ലിഞ്ച് സ്ക്രീനിലേക്ക് മിസ്റ്ററി കൊണ്ടുവന്നു. ഇനി കളറിങ് നോക്കി കഴിഞ്ഞാൽ അവ വെറും ഏസ്തെറ്റിക് ചോയിസ് മാത്രമല്ല. ഒരു ചുവന്ന കർട്ടന് പറയാൻ, മറച്ചുവയ്ക്കാൻ അനവധി ഗൂഢാർഥങ്ങളുണ്ട്.
കണ്ടു ശീലിച്ചു കഴിഞ്ഞാൽ പിന്നെ ലിഞ്ചിന്റെ ലോകത്ത് സംഭവിക്കുന്ന ഒന്നും നിങ്ങൾക്ക് അപ്രതീക്ഷിതമായിരിക്കില്ല. ബ്ലൂ വെൽവെറ്റിലെ ഓപ്പണിങ് സീൻ ആലോചിച്ചു നോക്കൂ. അമേരിക്കൻ സബർബിനെ മനോഹരമായി കാണിക്കുന്ന വിഷ്വലുകളോടെയാണ് ആ സീൻ തുടങ്ങുന്നത്. നീലാകാശത്തിന് കീഴെ പൂത്ത് നിൽക്കുന്ന റോസാപ്പൂവുകൾ, പുഞ്ചിരിച്ച് കൈവീശിക്കാണിച്ച് കടന്നുപോകുന്ന മനുഷ്യർ, സ്വസ്ഥമായിരുന്നു ടിവി കാണുന്ന ഒരു സ്ത്രീ, വീടിന് മുന്നിലെ പുൽത്തകിടി നനച്ചുകൊണ്ട് നിൽക്കുന്ന ഒരു മനുഷ്യൻ. അയാളെ ഒന്ന് ശ്രദ്ധിച്ചു നോക്കൂ... ആ മനുഷ്യനിൽ നിങ്ങൾ പ്രത്യാശയും സന്തോഷവുമല്ലേ കാണുന്നത്? എന്നാൽ, ആ സീൻ അവസാനിക്കുന്നിടത്ത് നിങ്ങളുടെ ഈ തോന്നൽ മാറിമറിയും. ഏറ്റവും നിഷ്കളങ്കമായി തോന്നുന്ന ആ സ്ഥലത്തും അപകടം പതിയിരിക്കുന്നുവെന്ന് ലിഞ്ച് പറഞ്ഞുവയ്ക്കുന്നു. ലിഞ്ചിയൻ സ്റ്റൈലിന് ഒരു പെർഫെക്ട് എക്സാംബിൾ.
ഒരൊറ്റ തവണ മാത്രമേ ലിഞ്ച് തന്റെ ഒരു സൃഷ്ടിയെ തള്ളിപ്പറഞ്ഞിട്ടുള്ളൂ. 1984-ൽ ഇറങ്ങിയ ഡ്യൂൺ. ഫ്രാങ്ക് ഹെർബെർട്ടിന്റെ ഡ്യൂണിന്റെ ഈ ലിഞ്ചിയൻ വേർഷൻ എല്ലാ അർഥത്തിലും പരാജയമായിരുന്നു. തനിക്ക് ക്രിയേറ്റീവ് നിയന്ത്രണമില്ലാതിരുന്ന, തന്റെ കാഴ്ചപ്പാടുകളിൽ നിന്ന് മാറി സഞ്ചരിച്ച, ആ സിനിമയുടെ പേര് കേൾക്കാൻ പോലും ലിഞ്ച് ഇഷ്ടപ്പെട്ടിരുന്നില്ല. ബ്ലൂ വെൽവെറ്റിലൂടെയും ട്വിൻ പീക്സിലൂടെയുമാണ് ലിഞ്ച് തന്റെ ആത്മവിശ്വാസം വീണ്ടെടുത്തത്.
ട്വിൻ പീക്സ് എന്ന ടെലിവിഷൻ സീരിസിനെ ലിഞ്ചിന്റെ പരീക്ഷണശാലയായി കാണാവുന്നതാണ്. ടൈറ്റിൽ കാർഡിൽ നമ്മൾ കാണുന്നത് ഡഗ്ലസ് ഫിർസ് നിറഞ്ഞ, വാഷിങ്ടണിലെ മൂകമായ ട്വിൻ പീക്സാണ്. എന്നാൽ ഓപ്പണിങ് സീൻ തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ മറ്റൊരു ചിത്രം തെളിയും. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ 17കാരിയായ ലോറ പാമറുടെ ശവശരീരം കാണുന്ന ആ നമിഷം മുതൽ ട്വിൻ പീക്സ് മറ്റൊരു രൂപം പ്രാപിക്കുന്നു. ഒരു കൊലപാതകിയുടെ സാന്നിധ്യം ആ നഗരത്തിന്റെ എല്ലാ മൂലയിലും, എല്ലാ മനുഷ്യരിലും നിങ്ങൾക്ക് അനുഭവപ്പെടുന്നു. അതിൽ തന്നെ ലിഞ്ചിന്റെ ക്രാഫ്റ്റ് വ്യക്തമാണ്. വെറുതെ ഒരു നിയോ നോയർ ക്രൈം സീരിസ് അവതരിപ്പിക്കുകയായിരുന്നില്ല ലിഞ്ച്, സീരീസുകൾക്ക് ഒരു ബെഞ്ച്മാർക്ക് കൊണ്ടുവരികയായിരുന്നു.
സിനിമ എന്ന ഒറ്റക്കള്ളിയിൽ ഒതുങ്ങിയ ആളല്ല ഡേവിഡ് ലിഞ്ച്. ചിത്രകല, ഫോട്ടോഗ്രാഫി, ഇന്റീരിയർ ഡിസൈനിങ്, എഴുത്ത് എന്നിങ്ങനെ പറ്റുന്ന വഴികളിലൂടെ എല്ലാം അയാൾ തന്നെ പരീക്ഷിക്കാൻ ശ്രമിച്ചു. പലവഴി കിടന്ന ഇവയെ ഒറ്റയിടത്തേക്ക് എത്തിക്കാനായിരുന്നു ലിഞ്ചിന്റെ ശ്രമം. അത് ലിഞ്ചിന്റെ കഥകളെ, ചിന്തകളെ സങ്കീർണമാക്കി.
ഇതൊക്കെ കണ്ട് എനിക്കും നിങ്ങളെ പോലെ ക്രിയേറ്റീവ് ആകണം എന്ന് ചോദിച്ചു നിരവധി പേർ ലിഞ്ചിനെ സമീപിച്ചിട്ടുണ്ട്. ലിഞ്ച് അവർക്ക് കൃത്യമായ വഴിയും കാട്ടി കൊടുത്തു. പക്ഷേ കേൾക്കുന്നവർക്ക് അയാൾ അവരെ പരിഹസിക്കുന്നതായി തോന്നി. കാരണം, ലിഞ്ച് അവരോട് ആവശ്യപ്പെട്ടത് സ്വന്തം അബോധ മനസിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാനാണ്. അങ്ങനെ ഇറങ്ങി ചെന്നൊരാളായിട്ടാണ് ലിഞ്ച് സ്വയം അവകാശപ്പെട്ടത്. ഇങ്ങനെ അബോധത്തിലൂടെ സഞ്ചരിച്ചാൽ ക്രിയേറ്റീവ് ആകുമോ? ലിഞ്ചിനെ മുന്നിൽ നിർത്തിയാണ് ചോദ്യമെങ്കിൽ അതെ എന്നാകും ഉത്തരം. കാരണം, കാലാവസ്ഥാ റിപ്പോർട്ടുകൾ പോലും അയാൾക്ക് ക്രിയേറ്റീവ് ടൂളായിരുന്നു.
2000 മുതൽ ലിഞ്ച് ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടുകൾ അവതരിപ്പിച്ചിരുന്നു. ശാന്തമായ അവതരണവും കാവ്യാത്മക വിവരണങ്ങളും കൊണ്ട് സമ്പന്നമായിരുന്ന ഈ റിപ്പോർട്ടുകൾ. പക്ഷേ 2010ൽ ലിഞ്ച് തന്റെ വെഥർ റിപ്പോർട്ടിങ് അവസാനിപ്പിച്ചു. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് കോവിഡ് മഹാമാരി മനുഷ്യരെ മുഴുവൻ തങ്ങളുടെ റൂമുകൾക്കുള്ളിൽ അടച്ചിട്ടപ്പോൾ അയാൾ വീണ്ടും വന്നു. അതെ മുറി. അതെ സെറ്റിങ്. അതെ അവതരണ ശൈലി. 940 ദിനങ്ങൾ അയാൾ ഒറ്റയ്ക്കായിപ്പോയ മനുഷ്യരോട് കാലാവസ്ഥയെപ്പറ്റി സംസാരിച്ചു. ലോകം മരണഭയം കൊണ്ട് വിറച്ചപ്പോഴും ലിഞ്ച് ശാന്തനായിരുന്നു. അതുവഴി അയാൾ ഒരു ന്യൂ നോർമൽ കാണിച്ചു തരികയായിരുന്നു. നോർമൽ, ആ വാക്ക് ആ മുറിക്കുള്ളിൽ ലിഞ്ചിനൊപ്പം ഇരുന്നു പുളിച്ച്, വീര്യമേറിയ വീഞ്ഞാകുകയായിരുന്നു.
അക്ഷരാർത്ഥത്തിൽ ലിഞ്ചിന് ഭ്രാന്തായിരുന്നു. എന്ത് തരം ഭ്രാന്ത് എന്ന് ചോദിച്ചാൽ....നിങ്ങൾ ഈ നാറാണത്ത് ഭ്രാന്തന്റെ കഥ കേട്ടിട്ടില്ലേ? രായിരനെല്ലൂർ മലമുകളിലേക്ക് വലിയ കല്ല് ഉരുട്ടിക്കയറ്റി, ശേഷം താഴേക്ക് തള്ളിവിട്ട് രസിക്കുന്ന ഭ്രാന്തൻ. ആ ഭ്രാന്തിന്റെ തുടർച്ചയാണ് ലിഞ്ച്. നാറാണത്ത് ആ കല്ലുകൾ താഴേക്ക് ഉരുട്ടി വിട്ട് ചിരിച്ചത് ഉച്ചവെയിൽ മൂത്തിട്ടാണോ? ലിഞ്ച് സിനിമ എടുത്തത് കാണികളെ രസിപ്പിക്കാൻ വേണ്ടി മാത്രമാണോ? അവർ അർഥം തിരഞ്ഞിറങ്ങിയ നമ്മളെ നോക്കി ചിരിക്കുകയാണ്.