കാന്താര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന കാന്താര 2ന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ബിടിഎസ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഈ വാര്‍ത്ത അറിയിച്ചത്. രാജകുമാര, കെജിഎഫ്, സലാര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ കൂടിയായ ഹോംബാലെ കാന്താര ചാപ്റ്റര്‍ 1 തങ്ങളുടെ സ്വപ്‌ന സിനിമയാണെന്ന് പറഞ്ഞു. ഹോംബാലെ ഫിലിംസിന്റെ സ്ഥാപകനായ വിജയ് കിരഗണ്ടൂര്‍ വെറൈറ്റിയുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിച്ചു.
"കാന്താര : ചാപ്റ്റര്‍ 1 ഇതുവരെയുള്ളതില്‍ ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്‌ന സിനിമയാണെന്നത് നിസംശയം പറയാവുന്നതാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. പരിശ്രമത്തിന്റെ വ്യാപ്തിയും ഷൂട്ടിംഗ് ദിവസങ്ങളുടെ എണ്ണവും സിനിമയില്‍ പ്രവര്‍ത്തിച്ച ആളുകളുടെ എണ്ണവുമെല്ലാം അതിന് കാരണമാണ്. ഞങ്ങള്‍ ഇതിന് മുന്‍പ് ചെയ്ത സിനിമകളേക്കാളെല്ലാം വളരെ മികച്ചതാണ് കാന്താര ചാപ്റ്റര്‍ 1. ലോജിസ്റ്റിക്കിനപ്പുറം ഈ സിനിമയ്ക്ക് ഞങ്ങളുടെ ഹൃദയത്തില്‍ വലിയൊരു സ്ഥാനമുണ്ട്. ഞങ്ങള്‍ സ്വപ്‌നം കണ്ടിരുന്ന തരത്തിലുള്ള സിനിമയാണിത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വേരുകള്‍ കഥ പറച്ചിലിലൂടെ ജീവസുറ്റതാക്കുക എന്നതാണ് ഹോംബാലെയുടെ ഉദ്ദേശം. ഈ തലമുറയ്ക്കും വരും തലമുറകള്‍ക്കും ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ കുറിച്ച് അഭിമാനിക്കാവുന്ന എന്തെങ്കിലും സൃഷ്ടിക്കാന്‍ ഞങ്ങള്‍ വളരെ കാലമായി ആഗ്രഹിച്ചിരുന്നു", വിജയ് പറഞ്ഞു.
"പ്രാദേശികമായ കഥ എന്നതിനപ്പുറം കാന്താര ചാപ്റ്റര്‍ 1 ഇന്ത്യയുടെ കഥപറച്ചിലാണ്. ഈ രാജ്യത്തെ വിശാലമായ സംസ്‌കാരം ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിലെ പറയാത്ത കഥകളില്‍ നിന്ന് മാത്രം നിരവധി കാര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കാകും. കാന്താര ഏറ്റവും പ്രധാനമായി പറയുന്നത് പ്രകൃതി സംരക്ഷണത്തെ കുറിച്ചും ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചുമാണ്. ഇത് ഞങ്ങളെ സംബന്ധിച്ച് വളരെ അര്‍ത്ഥവത്തായ ഒന്നാണ്", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022-ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലാണ് കാന്താര ചാപ്റ്റര്‍ 1. ഈ വര്‍ഷം ഒക്ടോബര്‍ 2 -നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാന്താരയുടെ ചിത്രീകരണ വേളയില്‍ വനം വകുപ്പില്‍ നിന്നുള്ള നോട്ടീസ് മുതല്‍ ബോട്ട് അപകടം വരെ നീണ്ടു നിന്ന പ്രതിസന്ധികള്‍ നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരും നേരിട്ടിരുന്നു. അപകടത്തില്‍ ഒരു മലയാളി മരിക്കുകയും ചെയ്തിരുന്നു.