രാജ രഘുവംശിയും ഭാര്യ സോനവും  Source: Deccan Chronicle
MOVIES

ഹണിമൂണ്‍ കൊലപാതം ബിഗ് സ്‌ക്രീനിലേക്ക്? സമ്മതം നല്‍കി രാജ രഘുവംശിയുടെ കുടുംബം

എസ്.പി. നീംബാവത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് താല്‍കാലികമായി 'ഹണിമൂണ്‍ ഇന്‍ ഷിലോങ്' എന്നാണ് പേരിട്ടിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

മേഘാലയിലേക്കുള്ള ഹണിമൂണ്‍ യാത്രയ്ക്കിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ കഥ സിനിമയാകുന്നു. സംഭവം സിനിമയാക്കാന്‍ രാജ രഘുവംശിയുടെ കുടുംബം സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യ സോനം രഘുവംശിയും അവരുടെ കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകം വലിയ വാര്‍ത്തയായിരുന്നു. എസ്.പി. നീംബാവത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് താല്‍കാലികമായി 'ഹണിമൂണ്‍ ഇന്‍ ഷിലോങ്' എന്നാണ് പേരിട്ടിരിക്കുന്നത്.

"കൊലപാതകക്കേസ് സംബന്ധിച്ച് വരാനിരിക്കുന്ന സിനിമയ്ക്ക് ഞങ്ങള്‍ സമ്മതം നല്‍കി. എന്റെ സഹോദരന്റെ കൊലപാതകത്തിന്റെ കഥ ബിഗ് സ്‌ക്രീനില്‍ കൊണ്ടു വന്നില്ലെങ്കില്‍ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ആളുകള്‍ക്ക് അറിയാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു", എന്ന് രാജ രഘുവംശിയുടെ മൂത്ത സഹോദരന്‍ സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മേഘാലയയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നതിന്റെ ശരിയായ ചിത്രം സിനിമയിലൂടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് മറ്റൊരു സഹോദരനായ വിപിനും പറഞ്ഞു.

"ഇത്തരം വഞ്ചനാത്മകമായ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാനാണ് ഞങ്ങള്‍ സിനിമയിലൂടെ ആഗ്രഹിക്കുന്നത്", എന്ന് സംവിധായകന്‍ നിംബാവത്ത് വ്യക്തമാക്കി. അഭിനേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താതെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. ചിത്രീകരണത്തിന്റെ 80 ശതമാനം ഇന്‍ഡോറിലും ബാക്കി 20 ശതമാനം മേഘാലയയിലെ വിവധ പ്രദേശങ്ങളിലുമായി നടക്കും.

സോനവും രാജയും മെയ് 11നാണ് വിവാഹം കഴിക്കുന്നത്. മെയ് 20നാണ് ഇരുവരും ഹണിമൂണിനായി കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് മേഘാലയയിലേക്ക് പുറപ്പെടുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഇരുവരെയും കാണാതായി. എന്നാല്‍ 11-ാം ദിവസം രാജയുടെ മൃതദേഹം ഒരു വലിയ താഴ്ചയില്‍ നിന്നും കണ്ടെത്തി. മൃതദേഹത്തിനടുത്ത് നിന്ന് ഒരു കത്തിയും തകര്‍ന്ന നിലയിലുള്ള മൊബൈല്‍ ഫോണും കണ്ടെടുത്തു.

ജൂണ്‍ 9ന് സോനത്തെ ഉത്തര്‍ പ്രദേശിലെ ഒരു ധാബയ്ക്കരികില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സോനം കുറ്റം സമ്മതിക്കുകയും ചെയ്തു.

SCROLL FOR NEXT