കൗശിക് പെഗല്ലപതി സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസ്, അനുപമ പരമേശ്വരന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ' കിഷ്‌കിന്ധാപുരി 'തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഒക്ടോബര്‍ 24 മുതല്‍ സീ5 ല്‍ റിലീസ് ചെയ്യും.
ഷൈന്‍ സ്‌ക്രീന്‍സിന്റെ ബാനറില്‍ സാഹു ഗരിപാട്ടി നിര്‍മിച്ച ചിത്രത്തില്‍ തനികെല്ല ഭരണി, സുദര്‍ശന്‍, സാന്‍ഡി മാസ്റ്റര്‍, ശ്രീകാന്ത്, ക്രാന്തി, ഹൈപ്പര്‍ ആദി, മകരാന്ത് ദേഷ്പാണ്ടേ, സുനില്‍ റെഡ്ഡി എന്നിവര്‍ വേഷമിടുന്നു.
കിഷ്‌കിന്ധാപുരി ഗ്രാമത്തില്‍ നിന്നുള്ള പ്രണയികളായ രാഘവും (ബെല്ലംകൊണ്ട സായ് ശ്രീനിവാസ്) മൈഥിലിയും (അനുപമ പരമേശ്വരന്‍) ഒരുമിച്ച് താമസിക്കുകയും ഒരു ടൂര്‍ ബിസിനസ്സ് നടത്തുകയും ചെയ്യുന്നു. അവര്‍ വിനോദസഞ്ചാരികളെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലേക്ക് കൊണ്ടുപോകുന്നു, ഗൈഡുകളായി ഭയപ്പെടുത്തുന്ന കഥകള്‍ പറയുന്നു. സാധാരണയായി കെട്ടിച്ചമച്ച കഥകള്‍ ഉപയോഗിച്ച് സന്ദര്‍ശകരെ കബളിപ്പിക്കുമ്പോള്‍, ഒരു ദിവസം അവര്‍ വിനോദസഞ്ചാരികളെ പഴയതും തകര്‍ന്നതുമായ ഒരു റേഡിയോ സ്റ്റേഷനിലേക്ക് നയിക്കുന്നു, അവിടെ നാശം വിതയ്ക്കുന്ന ഒരു യഥാര്‍ത്ഥ പ്രേതത്തെ അവര്‍ കണ്ടുമുട്ടുന്നു. എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് ആത്മാവ് അതിന്റെ അടുത്ത ഇരകളുടെ പേരുകള്‍ റേഡിയോയിലൂടെ പ്രഖ്യാപിക്കുന്നു.
നിരവധി സസ്പെന്‍സും ത്രില്ലിങ് മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ കുത്തിപ്പാണ് നേടിയിരിക്കുന്നത്.കഥപറച്ചിലില്‍ ഒരു വ്യത്യസ്ഥത നിലനില്‍ക്കുന്ന ചിത്രം വിഷ്വല്‍ സ്‌റ്റൈലിംഗ് കൊണ്ട് മനോഹരമാണ്.കിഷ്‌കിന്ധാപുരിയിലൂടെ 'ജമ്പ് സ്‌കെയര്‍' ഭയാനുഭവങ്ങള്‍ക്കപ്പുറത്ത് ഒരു നാട്ടിന്‍പുറ ഹൊറര്‍ ലോകം സൃഷ്ടിക്കാനായിരുന്നു ആഗ്രഹം എന്ന് സംവിധായകന്‍ കൗശിക് പെഗല്ലപതി പറഞ്ഞു.
ഞാന്‍ ചെയ്തതില്‍ ഏറ്റവും വെല്ലുവിളിയേറിയ വേഷങ്ങളില്‍ ഒന്നാണ് ഈ കഥാപാത്രം എന്ന് ബെല്ലംകൊണ്ട സായ് ശ്രീനിവാസ് പറഞ്ഞു. ഭയാനകമായ സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്തത് ഒരു മികച്ച അനുഭവമായിരുന്നു എന്ന് അനുപമ കൂട്ടിച്ചേര്‍ത്തു. കിഷ്‌കിന്ധാപുരി മികച്ച ഒരു ദൃശ്യനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്. ചിത്രം ഒക്ടോബര്‍ 24 മുതല്‍ സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും.