അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത വാര്‍ 2ന് വേണ്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 14ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഗംഭീര പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു. ഇവന്റില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം ഋത്വിക് റോഷന്‍ ഗംഭീരമായ ഇന്‍ട്രി നടത്തി.
"താരക്കില്‍ ഞാന്‍ എന്നെ തന്നെയാണ് കാണുന്നത്. ഞങ്ങളുടെ യാത്ര സമാനമായിരുന്നു. 25 വര്‍ഷം മുന്‍പാണ് ഞങ്ങളുടെ കരിയര്‍ ആരംഭിക്കുന്നത്. താരക് ഒരു വണ്‍ ടേക് ആര്‍ട്ടിസ്റ്റാണ്. ഞാന്‍ അത് സെറ്റില്‍ നേരിട്ട് കണ്ടിരുന്നു. അത് എന്നെ അമ്പരിപ്പിച്ചു. മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ അദ്ദേഹത്തെ വാര്‍ 2 അവതരിപ്പിക്കും", എന്നാണ് ഇവന്റില്‍ സംസാരിക്കവെ ഋത്വിക് ജൂനിയര്‍ എന്‍ടിആറിനെ കുറിച്ച് പറഞ്ഞത്.
"വാര്‍ 2ന്റെ സെറ്റുകളില്‍ ഞങ്ങള്‍ സഹ നടന്മാരായി തുടങ്ങി. സിനിമ അവസാനിക്കുമ്പഴേക്കും ഞങ്ങള്‍ സഹോദരങ്ങളായി മാറി. എന്റെ എല്ലാ ആരാധകരും അദ്ദേഹത്തോട് എന്നും ബഹുമാനത്തോടെയും സ്‌നേഹത്തോടെയും പെരുമാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം താരക് അത് ശരിക്കും അര്‍ഹിക്കുന്നുണ്ട്", ഋത്വിക് കൂട്ടിച്ചേര്‍ത്തു.
ജൂനിയര്‍ എന്‍ടിആറും ഋത്വിക് റോഷനെ കുറിച്ച് ഇവന്റില്‍ സംസാരിച്ചു. "ഋത്വിക് റോഷന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ്. അദ്ദേഹ്തതിന്റെ കലാസൃഷ്ടികളെ ഞാന്‍ വളരെ അധികം അഭിനന്ദിക്കുന്നു. വാര്‍ 2ന്റെ സെറ്റില്‍ ഞാന്‍ നേരിട്ട് അദ്ദേഹത്തിന് സിനിമയോടുള്ള സമര്‍പ്പണം കണ്ടു. ഞാന് അത്ഭുതപ്പെട്ടു പോയി. കഹോന പ്യാര്‍ ഹേയില്‍ ഋത്വിക് സാറിന്റെ നൃത്തം കണ്ടപ്പോഴാണ് അവസാനമായി എനിക്ക് ഇങ്ങനെ തോന്നിയത്", ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
കിയാര അദ്വാനിയും വാര്‍ 2ല്‍ കേന്ദ്ര കഥാപാത്രമാണ്. ചിത്രം രജനീകാന്തിന്റെ കൂലിയുമായാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.