MOVIES

'ദേശീയ പുരസ്‌കാരം വേണമെന്ന ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു'; സായ് പല്ലവി

സാരിക്ക് ദേശീയ പുരസ്‌കാരവുമായുള്ള ബന്ധത്തെ കുറിച്ച് താരം സംസാരിച്ചു

Author : ന്യൂസ് ഡെസ്ക്


ദേശീയ പുരസ്‌കാരം വേണമെന്ന ആഗ്രഹം തനിക്ക് എപ്പോഴും ഉണ്ടായിരുന്നുവെന്ന് നടി സായ് പല്ലവി. തന്റെ ഏറ്റവും പുതിയ ചിത്രമായ തണ്ടേലിന്റെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് താരം ദേശീയ പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ തനിക്കുണ്ടായിരുന്ന ആഗ്രഹമായിരുന്നു ഇതെന്നും താരം പറഞ്ഞു.

'ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്ക് തമാശ പോലെ തോന്നാം. പക്ഷെ എനിക്ക് തുടക്കം മുതലെ ദേശീയ പുരസ്‌കാരം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എനിക്ക് 21 വയസുള്ളപ്പോള്‍ എന്റെ മുത്തശ്ശി എനിക്ക് ഒരു സാരി സമ്മാനമായി തന്നു. എന്റെ കല്യാണത്തിന് ആ സാരി ഉടുക്കാനാണ് അന്ന് മുത്തശ്ശി പറഞ്ഞത്. അന്ന് ഞാന്‍ കരുതി എന്റെ ജീവിതത്തില്‍ അടുത്തത് കല്യാണമായിരിക്കുമെന്ന്. അന്ന് ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്തിരുന്നില്ല. 23-24 വയസായപ്പോഴേക്കും ഞാന്‍ പ്രേമം ചെയ്തു. അന്ന് ഞാന്‍ കരുതി ഒരുദിവസം വലിയൊരു അവാര്‍ഡ് എനിക്ക് കിട്ടുമെന്ന്. ആ സമയത്ത് ദേശീയ പുരസ്‌കാരം വലിയ കാര്യമായിരുന്നു. അങ്ങനെ പുരസ്‌കാരം ലഭിച്ചാല്‍ അന്ന് ആ സാരി ഉടുക്കാമെന്ന് ഞാന്‍ കരുതി', എന്നാണ് സായ് പല്ലവി പറഞ്ഞത്.

സാരിക്ക് ദേശീയ പുരസ്‌കാരവുമായുള്ള ബന്ധത്തെ കുറിച്ച് താരം സംസാരിച്ചു. എനിക്ക് പുരസ്‌കാരം ലഭിക്കുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്. പക്ഷെ ആ സാരി ഉടുക്കുന്നത് വരെ ആ സമ്മര്‍ദ്ദം എന്നിലുണ്ടാവുമെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകര്‍ക്ക് തന്റെ കഥാപാത്രം കടന്ന് പോകുന്ന സാഹചര്യം മനസിലാകുന്നുണ്ട്. അത് തന്നെയാണ് വലിയ പുരസ്‌കാരമെന്നും താരം പറഞ്ഞു. നാഗ ചൈതന്യയ്‌ക്കൊപ്പം തണ്ടേല്‍ എന്ന ചിത്രത്തിലാണ് സായ് പല്ലവി ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത്. ഫെബ്രുവരി 7ന് തിയേറ്ററിലെത്തുന്ന ചിത്രം ഒരു പ്രണയ കഥയാണ്.

SCROLL FOR NEXT