രഞ്ജന്‍ പ്രമോദിന്റെ ഓ ബേബി എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യന്‍ അന്തിക്കാട് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. സിനിമക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണെന്ന് ഒരിക്കലും തോന്നാത്ത രംഗങ്ങള്‍. പടം തുടങ്ങി അവസാനിക്കും വരെ നമ്മള്‍ ആ കാട്ടിലും ഏലത്തോട്ടത്തിലുമാണെന്ന് തോന്നിപ്പോകുമെന്നാണ് സത്യന്‍ അന്തിക്കാട് സിനിമയെ കുറിച്ച് പറഞ്ഞത്.
സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
കാലാവസ്ഥയിലെ ന്യൂനമര്‍ദ്ദം പോലെയാണ് രഞ്ജന്‍ പ്രമോദ്. വിചാരിക്കാത്ത നേരത്ത് ആര്‍ത്തലച്ചങ്ങ് പെയ്യും. പിന്നെ മഷിയിട്ട് നോക്കിയാല്‍ ആളെ കാണില്ല. തിയ്യേറ്ററില്‍ കാണാന്‍ പറ്റാതെ പോയ സിനിമയായിരുന്നു 'ഒ ബേബി'. ഇന്നലെ ആമസോണ്‍ പ്രൈമില്‍ ആ പടം കണ്ടു. നമുക്ക് പരിചയമുള്ള സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രം. സിനിമക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണെന്ന് ഒരിക്കലും തോന്നാത്ത രംഗങ്ങള്‍. പടം തുടങ്ങി അവസാനിക്കും വരെ നമ്മള്‍ ആ കാട്ടിലും ഏലത്തോട്ടത്തിലുമാണെന്ന് തോന്നിപ്പോകും. എസ്റ്റേറ്റിനകത്തെ ഇരുണ്ട ജീവിതം നമ്മളെ ആദ്യം കാണിച്ചു തന്നത് കെ.ജി. ജോര്‍ജ്ജാണ്. ഇരകളില്‍. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കില്‍, 'എടാ മോനേ ! ' എന്നും പറഞ്ഞ് രഞ്ജന്‍ പ്രമോദിനെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിച്ചേനേ.
സിനിമ കണ്ട ആഹ്ലാദത്തില്‍ രഞ്ജനെ ഞാന്‍ വിളിച്ചിരുന്നു. ഔട്ട്‌ഡോര്‍ യൂണിറ്റും കാരാവാനും ജനറേറ്ററും കടന്നു ചെല്ലാത്ത ലൊക്കേഷനില്‍ വച്ച് ഈ സിനിമ എങ്ങനെയെടുത്തുവെന്ന് ഞാന്‍ ചോദിച്ചു. ദിലീഷ് പോത്തനടക്കമുള്ള എല്ലാ നടീനടന്മാരും ക്യാമറാമാനും മറ്റു സാങ്കേതിക പ്രവര്‍ത്തകരും ഒരേ മനസ്സോടെ കൂടെ നിന്നതു കൊണ്ടാണെന്ന് രഞ്ജന്‍ പറഞ്ഞു. അവരെയെല്ലാം ഞാന്‍ മനസ്സ് കൊണ്ട് നമിക്കുന്നു. സിനിമയുടെ ആര്‍ഭാടങ്ങളില്‍ അഭിരമിക്കാത്തവരുണ്ടെങ്കിലേ വ്യത്യസ്തമായ സിനിമകളുണ്ടാക്കാന്‍ കഴിയൂ.
സ്വാഭാവികമായി സംഭവിക്കുന്നു എന്ന് തോന്നുന്ന രംഗങ്ങളാണ് സിനിമയില്‍ മുഴുവന്‍. ഒരു കൗമാരക്കാരിയുടെ മനസ്സിനെ പ്രണയം വന്ന് കുത്തി നോവിക്കുന്ന അനുഭവമൊക്കെ എത്ര മനോഹരമായാണ് രഞ്ജന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എനിക്ക് തട്ടാന്‍ ഭാസ്‌കരനേയും സ്‌നേഹലതയേയും തന്ന രഘുനാഥ് പലേരിയടക്കം എല്ലാവരും അനായാസമായി അഭിനയിച്ചു. രഞ്ജന്‍ പ്രമോദിന്റെ അടുത്ത പെയ്ത്തിനായി ഞാന്‍ കാത്തിരിക്കുന്നു.
ദിലീഷ് പോത്തനാണ് ഒ ബേബിയിലെ കേന്ദ്ര കഥാപാത്രം. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം നിലവില്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുകയാണ്. രഘുദാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.