മലയാള സിനിമയില്‍ കഥയാണ് ഹീറോ എന്ന് നടന്‍ ബിജു മേനോന്‍. നടന്ന സംഭവം എന്ന സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞത്.
'ഇപ്പോള്‍ ഞാന്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സെറ്റിലുള്ളവരെല്ലാം മലയാളസിനിമയുടെ ഈ വര്‍ഷത്തെ കുതിപ്പുകണ്ട് കൊതിച്ചുനില്‍ക്കുകയാണ്. എന്താണ് ഈ തുടര്‍ച്ചയായ വിജയത്തിന്റെ ട്രിക്ക് എന്നാണ് അവരെന്നോട് ചോദിക്കുന്നത്. അവരോട് ഞാന്‍ പറഞ്ഞത് കഥയാണ് മലയാളത്തിലെ ഹീറോ എന്നാണ്. ഹിന്ദിയും തമിഴും തെലുഗും കന്നടയുമൊക്കെ നോക്കുമ്പോള്‍ അവരേക്കാള്‍ ഏറെ ബജറ്റ് ലിമിറ്റേഷനുള്ള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. അതിനാല്‍ ചെറിയ ബജറ്റില്‍ മികച്ച കഥകള്‍ പറയാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് മറുപടി നല്‍കി', എന്നാണ് ബിജു മേനോന്‍ പറഞ്ഞത്.
വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന നടന്ന സംഭവമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ബിജു മേനോന്‍ ചിത്രം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രമാണ്. ചിത്രം ജൂണ്‍ 21ന് തിയേറ്ററിലെത്തും. ജിസ് ജോയിയുടെ തലവനാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയ ബിജു മേനോന്‍ ചിത്രം. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ബിജു മേനോന്‍ എത്തിയത്. ആസിഫ് അലിയും പ്രധാന കഥാപാത്രമായിരുന്നു.