1999-ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. 'ഐസി 814 : ദ കാണ്ഡഹാര്‍ ഹൈജാക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ അനുഭവ് സിന്‍ഹയാണ് ഒരുക്കുന്നത്. ഓഗസ്റ്റ് 29ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ടീസറും അണിയറക്കാര്‍ പുറത്തുവിട്ടു. 176 യാത്രക്കാരുമായി കാട്‌മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഐസി 814 വിമാനം പാകിസ്ഥാന്‍ തീവ്രവാദികള്‍ അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവം ഇന്ത്യയുടെ ചരിത്രത്തിലെ ഭയപ്പെടുത്ത അധ്യായമാണ്.
പൈലറ്റ് ശരണ്‍ ദേവ് എന്ന കഥാപാത്രമായി വിജയ് വര്‍മ്മ എത്തുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി, പങ്കജ് കപൂര്‍, ദിയ മിര്‍സ, മനോജ് പഹ്വ, നസ്റുദ്ദീന്‍ ഷാ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് ടീസറില്‍ നിന്നുള്ള സൂചന.
2010-ല്‍ മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മേജര്‍ രവി സംവിധാനം ചെയ്ത മലയാള ചിത്രം കാണ്ഡഹാറും കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമായിരുന്നു.