നടന്‍ സൂര്യയുടെ 50-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രമായ കറുപ്പിന്റെ ടീസര്‍ പുറത്തുവന്നിരുന്നു. ടീസറില്‍ ആരാധകരെ ആവേശഭരിതരാക്കുന്ന നിരവധി മാസ് സീനുകള്‍ ഉണ്ട്. എന്നാല്‍ സമൂഹമാധ്യമത്തില്‍ ആരാധകര്‍ ആഘോഷമാക്കുന്നത് ടീസറിലെ ഒരു ചെറിയ ഷോട്ടാണ്. സൂര്യയുടെ ഗജനി എന്ന ഹിറ്റ് ചിത്രത്തിലെ ഒരു ഐക്കോണിക് സീന്‍ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ ആര്‍.ജെ. ബാലാജി. സംഭവം സമൂഹമാധ്യമത്തില്‍ ഉടന്‍ തന്നെ തരംഗമായിരിക്കുകയാണ്.
ഗജനിയില്‍ ഹസിനൊപ്പം തണ്ണിമത്തന്‍ കഴിക്കുന്ന സീനില്‍ തന്റെ സഹ പ്രവര്‍ത്തകരെ കാണുമ്പോള്‍ സൂര്യ പോകാന്‍ പറയുന്നത് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഷോട്ടാണ്. ആ സീനാണിപ്പോള്‍ ആര്‍ജെ ബാലാജി ടീസറില്‍ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. രണ്ട് സിനിമകളിലെയും ഷോട്ടുകളുടെ ചിത്രങ്ങള്‍ ആരാധകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നുണ്ട്.
അതേസമയം ആര്‍ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഒരു പക്കാ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനറാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ 'കറുപ്പ്' അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് 'കറുപ്പി'ലുള്ളത്.
വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ വിസ്മയിപ്പിച്ച സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് 'കറുപ്പി'ലെ ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ ചിത്രത്തിനായി സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.