MOVIES

വയനാട് ഉരുള്‍ പൊട്ടല്‍; ഐഡിഎസ്എഫ്എഫ്‌കെയുടെ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി

പുരസ്‌കാരങ്ങള്‍ ഔപചാരിക ചടങ്ങുകളില്ലാതെ ജേതാക്കള്‍ക്ക് കൈമാറും

Author : ന്യൂസ് ഡെസ്ക്

വയനാട് മുണ്ടക്കൈ ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് 16-ാമത് രാജ്യാന്തര ഡ്യോക്യൂമെന്ററി, ഹ്രസ്വചിത്ര മേളയുടെ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി. ഷെഡ്യൂള്‍ പ്രകാരമുള്ള പ്രദര്‍ശനങ്ങള്‍ മാത്രം നടക്കും. പുരസ്‌കാരങ്ങള്‍ ഔപചാരിക ചടങ്ങുകളില്ലാതെ ജേതാക്കള്‍ക്ക് കൈമാറും.

അതേസമയം ഉരുള്‍പൊട്ടലില്‍ 60 മരണം സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് തവണയാണ് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. 4.10 ഓടെ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍പൊട്ടിയത്. നിലവില്‍ 39 പേര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

മരിച്ചവരില്‍ 18 പേരെ തിരിച്ചറിഞ്ഞു. 35 മൃതദേഹങ്ങള്‍ മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ 16 പുരുഷന്മാരും 19 സ്ത്രീകളും ഉള്‍പ്പെടും. റംലത്ത് (53), അഷ്‌റഫ് (49), ലെനിന്‍, കുഞ്ഞി മൊയ്തീന്‍ (55), ലീല, റെജിന, വിജീഷ്, സുമേഷ്, ശ്രേയ (19) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ജില്ലയില്‍ 36 മരണം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കൂടാതെ അപകടത്തില്‍ ചാലിയാര്‍ പുഴയിലൂടെ 11മൃതദേഹങ്ങള്‍ മലപ്പുറത്ത് എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരല്‍മലയില്‍ നിന്ന് മാത്രം 25 മൃതദേഹങ്ങള്‍ കണ്ടെത്തി.






SCROLL FOR NEXT