കൃഷാന്ത് ആര്‍.കെ സംവിധാനം ചെയ്ത് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനം തുടരുന്ന 'സംഘര്‍ഷ ഘടന' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ കുഞ്ഞനന്ദനെ അവതിപ്പിച്ചിരിക്കുന്നത് നടന്‍ വിഷ്ണു അഗസ്ത്യയാണ്. രണ്ട് ഗ്യാങ്സ്റ്റര്‍ സംഘത്തെ കുറിച്ചുള്ള കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. യുദ്ധമെന്നതില്‍ ആരും യഥാര്‍ത്ഥത്തില്‍ ജയിക്കുന്നില്ലെന്ന സന്ദേശവും സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. കൃഷാന്തിനൊപ്പം സിനിമ ചെയ്തതിനെ കുറിച്ചും തന്റെ അഭിനേതാവെന്ന യാത്രയെ കുറിച്ചും നടന്‍ വിഷ്ണു അഗസ്ത്യ ന്യൂസ് മലയാളത്തോട് സംസാരിച്ചു.
അടുപ്പിച്ച് മൂന്ന് വര്‍ഷം ഐഎഫ്എഫ്‌കെയില്‍ വന്നതില്‍ സന്തോഷം
ഞാന്‍ ഐഎഫ്എഫ്‌കെയില്‍ വന്ന് സിനിമകള്‍ കണ്ടിട്ടുള്ള ആളാണ്. ഞാന്‍ പ്ലാന്‍ ചെയ്യാതെ തന്നെ കഴിഞ്ഞ വര്‍ഷത്തിന് മുന്‍പ് 1001 നുണകള്‍, അത് കഴിഞ്ഞ് ഓ ബേബി, ഇപ്പോള്‍ കൃഷാന്തിനോടൊപ്പം വരാന്‍ പറ്റി. അടുപ്പിച്ച് മൂന്ന് വര്‍ഷം ഇവിടെ സ്‌ക്രീന്‍ ചെയ്യുന്ന സിനിമകളോടൊപ്പം വരാന്‍ പറ്റിയതില്‍ ഭയങ്കര സന്തോഷമുണ്ട്.
സംവിധായകര്‍ക്കൊപ്പവും എഴുത്തുകാര്‍ക്കൊപ്പവും കുറച്ച് അധിക സമയം ചിലവഴിക്കാന്‍ നമുക്ക് സാധിച്ചാല്‍ നമ്മള്‍ ആ വേള്‍ഡില്‍ ആവും. ആ വേള്‍ഡില്‍ നിന്ന് പിന്നെ നമുക്കൊരു വഴി വെട്ടിയെടുക്കാന്‍ എളുപ്പമുണ്ട്. പിന്നെ ആര്‍ട്ട് ഓഫ് വാര്‍ എന്ന പറഞ്ഞാല്‍ ഇത്രയും വര്‍ഷം പഴക്കമുള്ള ആളുകള്‍ ഇപ്പോഴും റെഫര്‍ ചെയ്യുന്ന ഒരു പുസ്തകമാണ്. അതിനെ ഇവിടുത്തെ രണ്ട് ഗ്യാങ്സ്റ്റര്‍ ടീമിനെ വെച്ച് പ്ലാന്‍ ചെയ്ത്, വാറിന്റെ എല്ലാ ഏരിയയും സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അപ്പോള്‍ ഈ സിനിമ എന്തുകൊണ്ട് ഉണ്ടാക്കി എന്നത് സംവിധായകനൊപ്പം സമയം ചിലവഴിച്ചാല്‍ നമുക്ക് മനസിലാകും.
യുദ്ധത്തില്‍ ആരും ജയിക്കാന്‍ പോകുന്നില്ല
കൃഷാന്ത് സൂപ്പര്‍ പ്ലാന്‍ഡാണ്. എല്ലാ കാര്യങ്ങളും പ്ലാന്‍ഡാണ്. പക്ഷെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു 60 ശതമാനം ഒന്ന് ഫില്‍ ചെയ്തിട്ട് ബാക്കി 40 ശതമാനം ആ മാജിക്കിന് വിടും. അതൊരു ഭയങ്കര വഴക്കമാണ്. കുറേ കാലം കൊണ്ട് ഫിലിം മേക്കിംഗിലൂടെ വന്ന വഴക്കമായാണ് ഞാന്‍ കരുതുന്നത്. കൃഷാന്തിന്റെ കൂടെ ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ അടുത്ത പടത്തില്‍ പാസിംഗ് റോളാണെങ്കിലും ഞാന്‍ പോകും. എനിക്ക് ആ സിനിമയുടെ ഭാഗമായാല്‍ മതി. അദ്ദേഹത്തെ ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എനിക്ക് ഒരുപാട് ഇഷ്ടമാണ്.
യുദ്ധമെന്ന് പറയുമ്പോള്‍ നമുക്ക് എപ്പോഴും ന്യായത്തിനൊപ്പം നിന്ന് അതിനെ പിന്തുണയ്ക്കാന്‍ ഇഷ്ടമാണ്. ഇതില്‍ നമ്മള്‍ ഒരുപാട് നേരം ഫോളോ ചെയ്ത് വന്ന ആളില്‍ നിന്ന് സ്റ്റാന്‍ഡ് മറിക്കും. അള്‍ട്ടിമേറ്റിലി യുദ്ധത്തില്‍ ആരും ജയിക്കാന്‍ പോകുന്നില്ല.
കൃഷാന്ത് അടുത്ത മൂവ്‌മെന്റാണ്
കുറച്ച് ദൂരം സംവിധായകനൊപ്പം സഞ്ചരിക്കുമ്പോള്‍ നമ്മള്‍ അതിനകത്ത് വീഴും. പിന്നെ എഴുത്തില്‍ ഇരുന്നു എന്ന് പറഞ്ഞത് ചെറിയ സജഷന്‍സ് കൊടുത്തു എന്ന് മാത്രമാണ്. സാമ്പാര്‍ പൂര്‍ണ്ണമായും ഉണ്ടാക്കിയിരിക്കുന്നത് കൃഷാന്താണ്. നമ്മള്‍ ചിലപ്പോള്‍ ഉപ്പോ രണ്ട് കിഴങ്ങൊക്കെ അരിഞ്ഞ് ഇട്ടിട്ടുണ്ടാകും. പിന്നെ ഞാന്‍ ഒരുപാട് പഠിച്ചു. പിന്നെ ജോലി ചെയ്തുകൊണ്ടിരിക്കുക എന്നതെയുള്ളൂ. വേറെ ഇതിലൊരു കുറിക്കു വഴിയും ഇല്ല. ജോലി ചെയ്‌തോണ്ടിരിക്കുമ്പോള്‍ നമ്മള്‍ പഠിക്കും. പിന്നെ കൃഷാന്തില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു. കൃഷാന്ത് അടുത്തൊരു മൂവ്‌മെന്റാണ്.
ഞാന്‍ ഒരു ഫുള്‍ടൈം പ്രേക്ഷകനും പാര്‍ട്ടൈം ആക്ടറുമാണ്. അതുകൊണ്ട് തന്നെ സിനിമയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റുന്ന സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിക്കണേ എന്ന ആഗ്രഹമാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഉള്ളത്. പിന്നെ ഏതൊരു അഭിനേതാവിനെക്കാളും വലുതാണ് സിനിമ.