സംവിധായകനും കേരള സ്‌റ്റേറ്റ് ഫിലിം ഡെവലെപ്‌മെന്റ് കോര്‍പറേഷന്റെ ചെയര്‍മാനുമായ ഷാജി എന്‍ കരുണിനെതിരെ ഫേസ്ബുക്കില്‍ പരസ്യമായി വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംവിധായിക ഇന്ദു ലക്ഷ്മിക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് കെഎസ്എഫ്ഡിസി. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. മാനനഷ്ടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് നോട്ടീസ് അയച്ചത്. സംഭവത്തില്‍ ന്യൂസ് മലയാളത്തിനോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ദു ലക്ഷ്മി. നിള എന്ന തന്റെ ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഇന്ദുവിന് ഷാജി എന്‍ കരുണില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. അത് തരണം ചെയ്ത് നിലവില്‍ തന്റെ പുതിയ ചിത്രവുമായി അപ്പുറവുമായി ഐഎഫ്എഫ്‌കെയില്‍ എത്തിയിരിക്കുകയാണ് ഇന്ദു ലക്ഷ്മി.
ആ യാത്ര വളരെ ഹറാസിംഗ് ആയിരുന്നു
നിള എന്ന എന്റെ ആദ്യത്തെ സിനിമ നിര്‍മിച്ചിരിക്കുന്നത് കെഎസ്എഫ്ഡിസിയാണ്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ഒരു സര്‍ക്കാര്‍ പദ്ധതിയായാണ് നിള നിര്‍മിച്ചിരുന്നത്. അന്ന് തന്നെ വളരെ ഇന്‍ഹ്യുമണ്‍ ആയിട്ടുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല സമയങ്ങളിലായി നമ്മള്‍ അത് സംസാരിച്ചിട്ടുമുണ്ട്. കെഎസ്എഫ്ഡിസിയില്‍ വെച്ച് തന്നെ അത് സെറ്റില്‍ ചെയ്യണമെന്ന് പല തവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ ഉള്‍പ്പടെയുള്ള മറ്റ് സംവിധായകര്‍ക്കെല്ലാം ആ യാത്ര വളരെ ഹറാസിംഗ് ആയിരുന്നു. ഏറ്റവും കൂടുതല്‍ നമ്മുടെ ഉള്ളിലെ ഒരു കരുത്തിനെ തകര്‍ക്കുന്ന തരത്തിലുള്ള സമീപനമായിരുന്നു കെഎസ്എഫ്ഡിസിയില്‍ നി്ന്നും അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. നമുക്ക് ഒരു നിവര്‍ത്തിയും ഇല്ലാത്തതുകൊണ്ടാണ് പിന്നീട് അത് മന്ത്രി തലത്തിലേക്ക് കൊണ്ടുപോവുകയും മാധ്യമങ്ങളിലേക്ക് എത്തിക്കുകയും ചെയ്തത്. ഞങ്ങളുടെ നിസഹായവസ്ഥ കൊണ്ടാണ് അത് സംഭവിച്ചത്. ഇപ്പോഴും ഈ പദ്ധതിയിലൂടെ സിനിമ ചെയ്ത മറ്റ് സംവിധായകര്‍ എല്ലാവരും ഇതില്‍ നിന്ന് പൂര്‍ണ്ണമായിട്ടും വിമുക്തരായിട്ടുമില്ല. അപ്പോള്‍ കേരളമെന്നൊരു സ്ഥലത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ദുരനുഭവങ്ങള്‍ ഏകദേശം ഒരു 18 മാസത്തോളം നിശബ്ദമായി ഞാന്‍ ആ സിസ്റ്റവുമായിട്ട് പ്രതീക്ഷയോടെ കൂടെ നിന്നതിന് ശേഷം എനിക്ക് പുറത്ത് സംസാരിക്കുവാനായിട്ടുള്ള എല്ലാ അവകാശങ്ങളും ഉണ്ട്. പിന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള ഇത്രയും ഗുരുതരമായുള്ള കാര്യങ്ങള്‍ ഉള്ള റിപ്പോര്‍ട്ടിന്റെ സിനിമ നയരൂപീകരണത്തിന് ഇദ്ദേഹം യോഗ്യനല്ലെന്ന് പറഞ്ഞ് ഏറ്റവും ജനാധിപത്യപരമായി ഇന്ത്യന്‍ പൗര എന്ന നിലയില്‍ ഈ ഹരാസ്‌മെന്റിന്റെ ഇര ആയതുകൊണ്ട് തന്നെ പറയാനുള്ള ധാര്‍മ്മികമായ ഒരു ഉത്തരവാദിത്വം എനിക്കുണ്ട്. ആ ഒരു ഉത്തരവാദിത്വത്തിലാണ് ഞാന്‍ ഇതേ കുറിച്ച് സംസാരിച്ചതും. കാരണം നിളയൊക്കെ ഉപേക്ഷിച്ചിട്ട് തന്നെയാണ് ഞാന്‍ പോയിട്ടുണ്ടായിരുന്നത്. പക്ഷെ ഓഗസ്റ്റ് കഴിഞ്ഞ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ പിന്നെയും ഇങ്ങനെയുള്ള ആളുകള്‍ തന്നെയാണ് അധികാരത്തിലേക്ക് വരുന്നത് എന്നുള്ള വേദന കൊണ്ട് തന്നെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ ഇതിനെ കുറിച്ച് സംസാരിക്കുകയും അത് റീത്തിങ്ക് ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ടായിരുന്നത്.
പ്രമുഖരില്‍ നിന്നും വരുന്ന ഭീഷണികള്‍ ബുദ്ധിമുട്ടാണ്
മലയാള സിനിമയെ കുറിച്ച് മൊത്തത്തിലുള്ള ഒരു ചിത്രം എനിക്കില്ല. കാരണം ഞാന്‍ രണ്ട് സിനിമകളെ ഇപ്പോള്‍ ചെയ്തിട്ടുള്ളു. രണ്ടും ഇന്റിപെന്റന്റ് പ്രൊഡക്ഷന്‍സാണ്. പക്ഷെ ഹേമ കമ്മിറ്റിയില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ പറ്റുന്നത്, പുറമെ കാണുന്നതിനേക്കാള്‍ ആഴത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ്. തൊഴിലിടം എന്ന നിലയ്ക്ക് നമുക്ക് കുറച്ച് കൂടി മെച്ചപ്പെട്ട ഒരിടം വേണം എന്ന് തന്നെയാണ് തോന്നുന്നത്. കെഎസ്എഫ്ഡിസി പോലൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും നമുക്ക് അത് കിട്ടുന്നില്ലാ എങ്കില്‍ വേറെ ഒരിടത്തും നമുക്ക് ചോദിക്കാനില്ലല്ലോ. ഇത് സര്‍ക്കാരിന്റെ ഒരു സ്വപ്‌ന പദ്ധതിയാണ്. വളരെ നല്ല ഉദ്ദേശത്തോടു കൂടി സര്‍ക്കാര്‍ ചെയ്യുന്ന ഒരു പദ്ധതിയാണ്. അതില്‍ കുറച്ച് ആള്‍ക്കാര്‍ക്ക്, അതും സിനിമയെയും ഈ മാധ്യമത്തെയും അത്രയും ഇഷ്ടപ്പെട്ട് വളരെ കാലമായി സഞ്ചരിച്ച് വരുന്ന ആളുകളെ മാനസികമായി ഇത്രയും തളര്‍ത്തേണ്ട ആവശ്യമില്ല എന്നുള്ളതാണ്. വ്യക്തി വൈരാക്യം തീര്‍ക്കാനുള്ള ഒരു മാധ്യമം അല്ല സിനിമ.
ഞാനിപ്പോള്‍ നിളയുടെ ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്ത് അടുത്ത സിനിമ ചെയ്ത് അതിനെ ഐഎഫ്എഫ്‌കെയില്‍ കൊണ്ട് വരുമ്പോഴും ഈ ഒരു വിഷയം എനിക്ക് സംസാരിക്കേണ്ടി വരുന്നത് വളരെ നിരാശാജനകമാണ്. ഞാന്‍ ഇതേ കുറിച്ച് ഇനി സംസാരിക്കില്ല എന്ന് വിചാരിച്ചെടുത്താണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതയായത്. ഒരു വശത്ത് സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞ് വനിതകളെ പ്രോത്സാഹിപ്പിക്കണമെന്ന് പറയുമ്പോഴും ഇത്തരത്തിലുള്ള നിശബ്ദമായ വെല്ലുവിളികളും ഭീഷണികളും ഉണ്ട്. അത് ഈ പറഞ്ഞ പ്രമുഖരില്‍ നിന്ന് വരുന്നത് വലിയ ബുദ്ധിമുട്ടാണ്.
ഇനി പൊരുതാന്‍ എനിക്ക് വയ്യെന്ന അവസ്ഥയാണ്
ഞാന്‍ എപ്പോഴും കേട്ടിട്ടുള്ളത് ഏറ്റവും സത്യമുള്ളൊരു മീഡിയമാണ് സിനിമ എന്നതാണ്. നമ്മള്‍ അത്രമാത്രം ആത്മാര്‍ത്ഥമായി നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ചെയ്യുന്ന ഒരു കാര്യം അത് കാണപ്പെടാതെ പോകില്ല എന്നതാണ്. തോറ്റ് തിരിച്ച് പോകുമെന്ന് വിചാരിക്കുന്നിടത്ത് തിരിച്ചുവരാന്‍ പറ്റിയത് വളരെ സന്തോഷമുള്ളൊരു കാര്യം തന്നെയാണ്. നിരന്തരമായും നമ്മള്‍ യൂസ്ലെസ് ആണെന്ന് പറഞ്ഞിടത്ത് അവരെ നിശബ്ദരാക്കാന്‍ പറ്റി എന്നുള്ളതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഐഎഫ്എഫ്‌കെ പോലെയുള്ള വലിയൊരു വേദിയില്‍ സിനിമ കാണാനുള്ള ഒരു എക്‌സൈറ്റ്‌മെന്റില്‍ ഇരിക്കുമ്പോള്‍ എനിക്ക് നിളയെ കുറിച്ചും കെഎസ്എഫ്ഡിസിയെ കുറിച്ചും പറയേണ്ടി വരുന്നതും അതിനെതിരെ പൊരുതേണ്ടി വരുന്നതും എനിക്ക് വളരെ നിരാശാജനകമായി തോന്നുന്നു.
പവര്‍സെന്റേഴ്‌സ് എന്നതല്ല, എന്നെ വെറുതെ വിടു എന്ന് പറയാന്‍ തോന്നുന്ന, അത്രയും നമുക്ക് തളര്‍ച്ച തോന്നും. കാരണം ഇനി പൊരുതാന്‍ എനിക്ക് വയ്യ എന്നൊരു അവസ്ഥയാണ്. നിളയെ ഞാന്‍ ഒരു തിയേറ്റര്‍ വരെ എത്തിച്ചതിന്റെ ബുദ്ധിമുട്ട് എനിക്ക് അറിയാം. അതില്‍ 2022ല്‍ പൂര്‍ത്തിയായി 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകള്‍ ഇനിയും റിലീസ് ചെയ്തിട്ട് പോലുമില്ല. ഇതെല്ലാം അദ്ദേഹത്തിന്റെ ഒരു മോണോപൊളിയില്‍ ഇരിക്കുന്നത് കൊണ്ടും കാര്യങ്ങള്‍ തീരുമാനിക്കുന്നത് അദ്ദേഹമായതുകൊണ്ടും. ഞങ്ങള്‍ക്കെതിരായി എന്തെങ്കിലും അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടെങ്കില്‍ അത് സിനിമയെ ബാധിക്കും എന്ന അവസ്ഥയാണ്. ഇത്രയും ആളുകള്‍ അവര്‍ അനുഭവിച്ച ഹറാസ്‌മെന്റും പ്രശ്‌നങ്ങളുമെല്ലാം മന്ത്രിക്ക് എഴുതിയിട്ടുമൊക്കെ അധികാരത്തില്‍ ഇരിക്കാന്‍ മലയാളത്തില്‍ വേറെ സംവിധായകരില്ലേ? അതുകൊണ്ടായിരിക്കുമോ ഇങ്ങനെ ചെയ്യുന്നത്? അതേ കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
സ്ത്രീ എന്ന നിലയിലുള്ള യാത്ര എളുപ്പമല്ല
എനിക്ക് അങ്ങനെ പ്രതീക്ഷകളൊന്നും ഇപ്പോള്‍ ഇല്ല. കാരണം ഞാന്‍ എന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇനി എനിക്ക് അടുത്ത സിനിമ എന്നുള്ള ഒരു കാര്യം മാത്രമെ ഉള്ളൂ. പക്ഷെ എനിക്ക് ഒരു കാര്യം ഇവിടെ പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ അത് പബ്ലിക്കായി പോസ്റ്റ് ചെയ്തത്. സ്ത്രീകളെ ഒരു വശത്ത് നമ്മള്‍ ശാക്തീകരിക്കുന്നു എന്ന് പറയുമ്പോഴും ഇങ്ങനെയുള്ള ഭീഷണികളും ഹറാസ്‌മെന്റും ടാര്‍ഗെറ്റിംഗും മാനസികമായുള്ള ഉപദ്രവങ്ങളും നിരന്തരമായിട്ടുണ്ട് എന്ന് ഇപ്പോള്‍ എന്റെ കയ്യില്‍ ഇരിക്കുന്ന ലീഗല്‍ നോട്ടീസ് വെച്ചെങ്കിലും എനിക്ക് പറയണമെന്നുണ്ട്. ഒരു സ്ത്രീ എന്ന നിലയിലുള്ള യാത്ര ഒരിക്കലും എളുപ്പമല്ല. ചിലപ്പോള്‍ അത് നമുക്ക് വേണ്ടി സംസാരിക്കാന്‍ പവര്‍ഫുള്‍ ആയ ആളുകള്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള കാര്യങ്ങള്‍ വരുന്നത്.
ഞാന്‍ തളര്‍ന്ന് പോയിട്ടില്ലല്ലോ. ഞാന്‍ തിരിച്ചുവന്നതാണ് അവര്‍ക്ക് പ്രശ്‌നമായത്. എനിക്ക് തോന്നുന്നു ഇവര്‍ വിചാരിക്കുന്ന സ്ത്രീ എന്ന കണ്‍സെപ്റ്റ് വളരെ വ്യത്യസ്തമാണ്. ഇന്‍കേപ്പബിളാണ്, ഇന്റലിജെന്റല്ല, സ്വന്തമായിട്ട് അഭിപ്രായമില്ല എന്നൊക്കെയായിരിക്കും കരുതിയത്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള സ്ത്രീകളെ കാണുമ്പോള്‍ അവര്‍ക്ക് ചിലപ്പോള്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കാം. കാരണം തുടക്കത്തില്‍ അത്തരത്തിലുള്ള സംസാരങ്ങള്‍ ഉണ്ടായിരുന്നു. അത് സ്ത്രീകളോട് മാത്രമല്ല എസ്ഇഎസ്ടി വിഭാഗത്തില്‍ പെട്ട ആളുകളും ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അതൊരു തരം ബുള്ളീയിംഗ് ആയിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത്. ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷനും ബുള്ളീയിംഗും തന്നെയായിരുന്നു അത്. നമ്മള്‍ കൂടുതല്‍ വിഷമിക്കുകയും ബുദ്ധിമുട്ടിലാവുകയും ചെയ്യുമ്പോള്‍ സാഡിസ്റ്റിക്കായ ഒരു പ്ലെഷര്‍ അവര്‍ക്ക് കിട്ടുന്നുണ്ടായിരുന്നു. നമ്മുടെ നിസ്സഹായവസ്ഥ കണ്ട് അവര്‍ ആനന്ദിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ് സിനിമ എന്നുള്ളതാണ്. പക്ഷെ അങ്ങനെയല്ല സിനിമ അപ്പുറം പോലെയും സിനിമ ചെയ്യാമെന്നത് എനിക്ക് തെളിയിക്കാന്‍ പറ്റി.
ഇമോഷണലി അറ്റാക്ക് ചെയ്യാതിരിക്കുക
എനിക്ക് തോന്നുന്നു ഇമോഷണലി അറ്റാക്ക് ചെയ്യാതിരിക്കുക എന്നത് ഒരു വലിയ കാര്യമാണ്. കാരണം സ്ത്രീകള്‍ സ്വന്തമായി ഇവരുടെ ഒന്നും ഔദാര്യം ഇല്ലാതെ മുന്നോട്ട് വരുകയാണ് എങ്കില്‍ അവരെ ഇമോഷണലി അറ്റാക്ക് ചെയ്യാതിരിക്കുക. ഇപ്പോള്‍ വളരെ സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ നിളയുടെ ട്രോമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വളരെ വിഷമം തോന്നുന്നുണ്ട്. അത് അതിജീവിച്ച ഒരു യുദ്ധമാണ് എന്നാലും അതിന്റെ മുറിവുകള്‍ എനിക്ക് പരിപൂര്‍ണ്ണമായും മാറിയിട്ടില്ല. ഞാന്‍ മാത്രമല്ല പലരും ഇപ്പോഴും ആ വേദനയുമായാണ് ഇപ്പോഴും ജീവിക്കുന്നത്. നമ്മള്‍ മികച്ച മാനുഷിക പരിഗണന അര്‍ഹിക്കുന്നുണ്ട്. നമുക്ക് എല്ലാവര്‍ക്കും നമ്മുടെ ഡിഗ്നിറ്റിയോടു കൂടി ജീവിക്കാനുള്ള അവകാശമുണ്ട്. നമ്മുടെ സ്വപ്‌നങ്ങള്‍ പെര്‍സ്യൂ ചെയ്യാനുള്ള അവകാശമുണ്ട്. ഇവിടെ കുറച്ച് എക്‌സ്പീരിയന്‍സ് ഉണ്ടെന്ന് വെച്ചിട്ടോ ഒരിക്കലും നമ്മളെ തരം താഴ്ത്തി ഹറാസ് ചെയ്യരുതെന്ന അഭ്യര്‍ത്ഥന മാത്രമെ എനിക്കുള്ളൂ.
പ്രതീക്ഷയൊന്നുമില്ല, ഞാന്‍ തിരുവന്തപുരത്തുകാരിയാണ്. എല്ലാ വര്‍ഷവും ഐഎഫ്എഫ്‌കെയുടെ എനര്‍ജി കാണുന്ന ഒരാളാണ്. എന്നെ പുറത്താക്കിയ കെഎസ്എഫ്ഡിസി തിയേറ്ററില്‍ എന്റെ അടുത്ത പടം നിറഞ്ഞ സദസോടുകൂടി കാണുന്നതിന് അപ്പുറത്തേക്ക് മറ്റൊന്നുമില്ല.