MOVIES

ഐഎഫ്എഫ്‌കെ; സംഘർഷ ഘടനയുമായി കൃഷാന്ദ്

നിലവില്‍ കൃഷാന്ദ് സോണി ലിവ്വിന് വേണ്ടി ചെയ്ത നാലര സംഘം എന്ന വെബ് സീരീസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്

Author : ന്യൂസ് ഡെസ്ക്


ദേശീയ പുരസ്‌കാര ജേതാവും സംവിധായകനുമായ കൃഷാന്ദ് ആര്‍ കെയുടെ സംഘര്‍ഷ ഘടന എന്ന ചിത്രം ഇന്ന് (ഡിസംബര്‍ 15) 29-ാമത് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും. മലയാളം ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വൈകീട്ട് 6 മണിക്ക് അജന്ത തിയേറ്ററില്‍ വെച്ച് ചിത്രം പ്രദര്‍ശിപ്പിക്കും. അതിന് പുറമെ കൈരളി തിയേറ്ററില്‍ ഡിസംബര്‍ 18ന് രാവിലെ 11.30യ്ക്കും ശ്രീ തിയേറ്ററില്‍ ഡിസംബര്‍ 19ന് ഉച്ചയ്ക്ക് 12 മണിക്കും ചിത്രം പ്രദര്‍ശിപ്പിക്കും.

5ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിന്റെ 'ആര്‍ട്ട് ഓഫ് വാര്‍' എന്ന രചനയെ ആസ്പദമാക്കിയുള്ള സിനിമയാണ് 'സംഘര്‍ഷ ഘടന'. ലോകം യുദ്ധവെറിയുടെ ഭീകരതയില്‍ നില്‍ക്കുമ്പോള്‍, മൂവായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുദ്ധങ്ങള്‍ എങ്ങനെ വേണമെന്ന് ഒരു പുസ്തകം പറഞ്ഞുവച്ചതിനെ വിമര്‍ശനാത്മകമായാണ് സംവിധായകന്‍ സമീപിക്കുന്നത്.

സനൂപ് പടവീടന്‍, വിഷ്ണു അഗസ്ത്യ, ഷിന്‍സ് ഷാന്‍, രാജഗോപാലന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്രയാഗ് മുകുന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഇത് മൂന്നാം തവണയാണ് കൃഷാന്ദ് തന്റെ ചിത്രവുമായി ഐഎഫ്എഫ്‌കെയില്‍ വരുന്നത്. വൃത്താകൃതിയിലുള്ള ചതുരം (2018), ആവാസവ്യൂഹം (2021) എന്നീ ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നിലവില്‍ കൃഷാന്ദ് സോണി ലിവ്വിന് വേണ്ടി ചെയ്ത നാലര സംഘം എന്ന വെബ് സീരീസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ജഗദീഷ്, ഇന്ദ്രന്‍സ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങള്‍.


SCROLL FOR NEXT