പുരാതന ചൈനീസ് എഴുത്തുകാരന്‍ സണ്‍ ത്സുവിന്‍റെ മൂവായിരം വര്‍ഷം പഴക്കമുള്ള ആര്‍ട്ട് ഓഫ് വാര്‍ എന്ന പുസ്കത്തെ അടിസ്ഥാനമാക്കി കൃഷാന്ദ് ആര്‍. കെ സംവിധാനം ചെയ്ത ചിത്രമാണ് സംഘർഷ ഘടന. കൊച്ചിയിലെ ഒരു ഗുണ്ടാ സംഘത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ആഗോള തലത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ നിരവധി യുദ്ധങ്ങള്‍ കടന്നുവരുന്നുണ്ട്. രാജാവിന് യുദ്ധത്തേയും സൈന്യത്തെയും സംബന്ധിക്കുന്ന ഉപദേശങ്ങള്‍ നല്‍കുന്നതിനായി സണ്‍ ത്സു തയ്യാറാക്കിയ പുസ്തകത്തിലെ വരികളെ വിരുദ്ധ അര്‍ഥത്തില്‍ ഉപയോഗിക്കുകയാണ് ചിത്രത്തില്‍ ഉടനീളം. യുദ്ധ വെറിയുടെ ലോകത്ത് ഒരു മറുവായന സാധ്യമാകുമോ എന്ന് പരീക്ഷിക്കുകയാണ് കൃഷാന്ദ്. ആശയം നന്നായി ഇരിക്കുമ്പോള്‍ തന്നെ അത് അവതരിപ്പിക്കാന്‍ ഉപയോഗിച്ച ചേരുവകളുടെ പാകപ്പിഴ സിനിമയുടെ രുചിയെ ദോഷകരമായി ബാധിക്കുന്നു.
കൊടമഴ സുനി എന്ന പഴയൊരു ഗുണ്ട നേതാവിലൂടെയാണ് സംഘര്‍ഷ ഘടന സഞ്ചരിക്കുന്നത്. ഒരു അജ്ഞാത സംഘം തന്‍റെ സംഘാംഗങ്ങളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കൊച്ചിവിട്ട് പോയ സുനി നാട്ടിലേക്ക് മടങ്ങി വരാന്‍ നിര്‍ബന്ധിതനാകുന്നു. നാട്ടിലെത്തുന്ന സുനിയെ മരണഭയം പതിയെ വേട്ടയാടാന്‍ തുടങ്ങുന്നതാണ് സിനിമയുടെ കഥ. എന്നാല്‍, സുനിയുടെ സംഘര്‍ഷങ്ങളെ അത്രകണ്ട് ചിത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ സംവിധായകന് സാധിക്കുന്നില്ല. ലോകത്തെ എല്ലാ സംഘര്‍ഷങ്ങളേയും അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്ന സിനിമ കേന്ദ്ര കഥാപാത്രത്തിന്‍റെ പ്രതിസന്ധികളെ അവതരിപ്പിക്കുവാന്‍ മറന്നു പോകുന്നു. എന്നാല്‍ ഇതിന് അപവാദമാകുന്നത് കുഞ്ഞനന്തന്‍ എന്ന കുഞ്ഞന്‍റെ കഥാപാത്രമാണ്. അയാളുടെ കഥയും പ്രതികാരവും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ കൊടമഴ കൂട്ടത്തെയും ഭൗമ രാഷ്ട്രീയത്തേയും ചുറ്റിത്തിരിയുന്ന സിനിമയ്ക്ക് അത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.
യിൻ യാങ്
പരസ്പരബന്ധിതമായ എതിര്‍ ശക്തികളുടെ ഒരു ചക്രത്തെ വിവരിക്കുന്ന ചൈനീസ് തത്ത്വചിന്തയാണ് യിൻ-യാങ്. കുഞ്ഞനന്തനും സുനിയുമാണ് സിനിമയില്‍ യിൻ-യാങ്ങിന്‍റെ പ്രതീകം. ഇവര്‍ എതിര്‍ചേരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ അജ്ഞാതമായ ഒരു ആകര്‍ഷണ ബലത്താല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അറവുകാരനും മാടും തമ്മില്‍ ഉടലെടുക്കുന്ന മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ബന്ധം പോലെ. അതിന് കൃത്യമായ നിര്‍വചനങ്ങള്‍ സാധ്യമല്ല.
സുനിയെ ചിത്രീകരിച്ചിരിക്കുന്ന വിധത്തിലും ഈ യിൻ-യാങ് ദ്വന്ദം കാണാന്‍ സാധിക്കും. കുഞ്ഞനെ ഗ്രേ ഷേഡില്‍ അവതരിപ്പിക്കുമ്പോള്‍ സുനിയോട് എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാന്‍ സാധ്യതയുള്ള ഒരാളോട് തോന്നാവുന്ന സഹാനുഭൂതി ജനിപ്പിക്കാന്‍ ശ്രമിക്കുന്നു. അതേസമയം, സുനിയുടെ പ്രതാപ കാലത്ത് നടക്കുന്ന കുഞ്ഞന്‍റെ ഫ്ലാഷ് ബാക്കില്‍ പ്രേക്ഷകന്‍ കഥാപാത്രങ്ങളോടുള്ള സമീപനം വെച്ചുമാറുന്നു.
ഈ ദ്വന്ദത്തെ പൂർണമായും പ്രേക്ഷകനിലേക്ക് സംവേദിക്കാൻ തിരക്കഥയ്ക്ക് സാധിക്കാതെ ഇരിക്കുമ്പോഴും ആ ധർമ്മം നിർവഹിക്കുന്നത് ഛായാഗ്രഹകൻ പ്രയാഗ് മുകുന്ദനാണ്. വോങ് കർ വായ്ക്കുള്ള ട്രിബ്യൂട്ട് എന്നപോലെ ചിത്രീകരിച്ചിരിക്കുന്ന പല രംഗങ്ങളും കഥയ്ക്ക് ഒരു സ്വഭാവം നൽകാൻ ശ്രമിക്കുന്നുണ്ട്.
വിഷ്ണു അഗസ്ത്യ, അല്ല കുഞ്ഞന്‍!
കൃഷാന്ദ് സ്ഥിരം പ്രയോജനപ്പെടുത്തുന്ന ഒരു സംഘത്തെ ഈ സിനിമയിലും കാണാന്‍ സാധിക്കും. എന്നാല്‍ ഇവരെയൊക്കെ അപ്രസക്തമാക്കുന്നതായിരുന്നു കുഞ്ഞനന്തനായുള്ള വിഷ്ണു അഗസ്ത്യയുടെ പ്രകടനം. കുഞ്ഞന്‍റെ ആന്തരിക സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിഷ്ണു അഭിനയിച്ചിരിക്കുന്നത്. അത് രണ്ട് കാലഘട്ടങ്ങളിലെ അയാളുടെ ശരീരചലനങ്ങളില്‍ പോലും പ്രകടമാണ്. കുഞ്ഞന്‍റെ കണ്ണുകളില്‍ തന്നെ അയാളുടെ രോക്ഷവും ഭൂതകാലത്തെ നിസഹായതയും കൂടിക്കുഴഞ്ഞ് കിടക്കുന്നുണ്ട്.
കുഞ്ഞനെപോലെ പ്രധാനപ്പെട്ടതാണ് കേന്ദ്ര കഥാപാത്രമായ കൊടമഴ സുനി. സനൂപ് പടവീടനാണ് ഈ വേഷം ചെയ്തിരിക്കുന്നത്. അപൂര്‍ണമായി എഴുതിയപോലെ തോന്നിപ്പിക്കുന്ന ഈ കഥാപാത്രത്തെ തന്‍റെ ശബ്ദവും, ശരീരവും കൊണ്ട് ജീവന്‍വയ്പ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാൽ എഴുത്തിലെ വിള്ളലുകൾ കഥാപാത്രത്തിലേക്കും പടരുന്നു. ആക്സിൽ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളാണ് പിന്നെയും നമ്മളെ സുനിയിലേക്ക് അടുപ്പിക്കുന്നത്. അവൻ അണലി ആണെന്ന് ആക്സിൽ പറയുന്നിടത്ത് സുനിയുടെ ഭൂതകാലം പ്രേക്ഷകന് സങ്കൽപ്പിക്കാൻ സാധിക്കും. എഴുത്തിനേക്കാൾ ഉപരി ആ വേഷം ചെയ്ത വ്യക്തിയാണ് നമ്മളിലേക്ക് ആ അനുഭവം പകരുന്നത്.
തമാശയാകുന്ന സംഘർഷങ്ങൾ സംഘർഷങ്ങൾ ആകുന്ന തമാശ
സിനിമയിൽ ഉടനീളം കൃഷാന്ദ് സ്റ്റൈൽ തമാശകൾ കാണാൻ സാധിക്കും. എന്നാൽ ഉള്ളുതുറന്ന് ചിരിക്കാൻ സാധിക്കുന്ന സന്ദർഭങ്ങൾ ഇല്ലതാനും. സുനിയും സുനിക്കൊപ്പം ഉള്ളവർക്കും ഒരു ക്യാരിക്കേച്ചർ സ്വഭാവമുണ്ട്. മരണം കാത്തിരിക്കുന്ന ഒരു റിട്ടയേർഡ് ഗുണ്ട നേതാവ്. അയാൾ തന്റെ അവസാന ആഗ്രഹങ്ങളെന്ന പോലെ മസാലദോശയും കുരുമുളക് സോഡയും കുടിക്കാൻ പോകുന്നിടത്ത് നർമത്തിന്റെ (ഏത് സ്റ്റൈലിലാണെങ്കിലും) നിരവധി സാധ്യതകളുണ്ട്. എന്നാൽ അവയൊക്കെ തന്നെ സിനിമയിൽ പല ഭാഗങ്ങളായി ചിതറികിടക്കുകയും പൂർണമായ ഒരു ചിരി നിർമിക്കാൻ പറ്റാതാകുകയും ചെയ്യുന്നു.
കൃഷാന്ദിന്റെ മുൻകാല ചിത്രങ്ങളെ വെച്ച് സംഘർഷ ഘടനയെ വിലയിരുത്താൻ സാധിക്കില്ല. ഒരു സൃഷ്ടിയെ അങ്ങനെ വിലയിരുത്തുന്നത് ശരിയല്ല താനും. ഓരോ സിനിമയിലും മാറിക്കൊണ്ടിരിക്കുകയും പരീക്ഷണങ്ങൾ നടത്താൻ മടിക്കാതിരിക്കുകയും ചെയ്യുന്ന സംവിധായകനാണ് കൃഷാന്ദ്. ഇതൊക്കെ ചെയ്യുമ്പോൾ തന്നെ തന്റെ ശൈലി കാത്തു സൂക്ഷിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. എന്നാൽ സംഘർഷ ഘടനയിൽ നടത്തിയ ഘടനാപരമായ പരീക്ഷണങ്ങൾ കേന്ദ്ര കഥയെയും അസ്വാദനത്തേയും വെല്ലുവിളിക്കുന്നു. ലളിതമായി പറയാൻ സാധിക്കുമായിരുന്ന ഒരു കഥയെ ആശയങ്ങളുടെ ഭാരം വലിപ്പിച്ച് ക്ഷീണിപ്പിക്കുകയാണ് സംവിധായകൻ.